സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിനെ ഡൽഹി വിമാനത്താവളത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
രാത്രി 8.45 ഓടെയാണ് ടെർമിനൽ 3 ലെ വാഷ്റൂമിൽ കിരണിനെ മരിച്ച നിലയിൽ കണ്ടത്
Update: 2025-03-08 06:53 GMT
ന്യൂഡൽഹി: സിഐഎസ്എഫ് വനിത കോൺസ്റ്റബിളിനെ ഡൽഹി വിമാനത്താവളത്തിന്റെ വാഷ്റൂമിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിഐഎസ്എഫ് കോൺസ്റ്റബിളായ 37 കാരിയായ കിരണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 8.45 ഓടെയാണ് ടെർമിനൽ 3 ലെ വാഷ്റൂമിൽ കിരണിനെ മരിച്ച നിലയിൽ കണ്ടത്.
ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും ആത്മഹത്യകുറിപ്പോ മറ്റോ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ഡൽഹി പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മൃതദേഹം സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.