പൗരത്വ ഭേദഗതി ഹരജികൾ പരിഗണിക്കുന്നത് ഡിസംബർ ആറിലേക്ക് മാറ്റി; ഡി.വൈ ചന്ദ്രചൂഡ് ചുമതലയേറ്റ ശേഷം പരിഗണിക്കും

ത്രിപുര, അസം സംസ്ഥാനങ്ങൾ എതിർസത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നു സോളിസിറ്റർ ജനറൽ

Update: 2022-10-31 08:01 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്(സി.എ.എ) എതിരായ ഹരജികൾ പരിഗണിക്കുന്നത് ഡിസംബർ 6 ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റ ശേഷം ഹരജികൾ പരിഗണിക്കും. ത്രിപുര, അസം സംസ്ഥാനങ്ങൾ എതിർസത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നു സോളിസിറ്റർ ജനറൽ അറിയിച്ചു. ഭൂമിശാസ്ത്രം, മതപരം ഉൾപ്പെടെ വിവിധ വിഭാഗങ്ങളായി ഹരജികളെ തരംതിരിക്കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു. സി.എ.എ നടപ്പാക്കിയ കേന്ദ്ര സർക്കാർ നടപടിയെ ചോദ്യംചെയ്ത് 232 ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്.

2020 ജനുവരിയിൽ കേസ് പരിഗണിച്ച കോടതി കേന്ദ്ര സർക്കാരിൽ നിന്ന് മറുപടി തേടിയിരുന്നു. അന്ന് സമർപ്പിച്ച 129 പേജുള്ള സത്യവാങ്ങ്മൂലത്തിൽ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നും പാർലമെൻറിൽ പാസാക്കിയ നിയമം കോടതിയുടെ പരിധിയിൽ വരുന്ന വിഷയമല്ല എന്നായിരുന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ മാസം ഹർജി പരിഗണിച്ച കോടതി വിശദവാദങ്ങൾ പരിഗണിക്കേണ്ട വിഷയങ്ങളും എഴുതി നൽകാൻ ഹരജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. 

അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിൽ കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ സമുദായക്കാർക്ക് പൗരത്വം നൽകുന്നതാണ് 2019ലെ പൗരത്വ ഭേദഗതി നിയമം. 2019 ഡിസംബർ 12നാണ് നിയമം പാർലമെന്റിന്റെ ഇരുസഭകളിലും പാസായത്. 2020 ജനുവരി 10ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനവും പുറത്തിറങ്ങി. 

എന്നാൽ, നിയമഭേദഗതി ഭരണഘടനാ വിരുദ്ധവും മുസ്‍ലിം വിരുദ്ധ നീക്കവുമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്ത് വൻ പ്രക്ഷോഭമാണ് അരങ്ങേറിയത്. 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്ത മോദി സർക്കാർ നടപടിയെ ചോദ്യംചെയ്ത് നിരവധി പേർ കോടതിയിലുമെത്തി. ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗാണ് നിയമത്തിനെതിരെ ആദ്യമായി സുപ്രിംകോടതിയിൽ ഹരജി നൽകുന്നത്. നിയമഭേദഗതിയിലെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി പിന്നീട് നിരവധി കക്ഷികൾ കോടതിയിലെത്തി. ഡി.എം.കെ, അസം ജന പരിഷത്ത്, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി തുടങ്ങിയ പാർട്ടികളും അസദുദ്ദീൻ ഉവൈസി, ജയറാം രമേശ്, രമേശ് ചെന്നിത്തല, മഹുവ മൊയ്ത്ര തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഹരജിക്കാരിൽ ഉൾപ്പെടുന്നുണ്ട്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News