ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ- വിദ്വേഷം വിളമ്പുന്ന ഇടങ്ങളായി മാറി ഇന്ത്യൻ ചാനലുകൾ. മൂന്നു വർഷത്തിനിടെ ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി കൈക്കൊണ്ട നടപടികളിൽ 60 ശതമാനവും വർഗീയ പരാമർശങ്ങൾക്ക് എതിരെയെന്ന് കണക്കുകൾ. ഇന്ത്യയിലെ ചാനലുകളിൽ വിദ്വേഷത്തിന്റെ തോത് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന കണക്കാണ് ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്. എടുത്ത നടപടികൾ ചെയ്ത കുറ്റത്തിന്റെ തീവ്രതയ്ക്ക് ആനുപാതികമല്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
2023 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31വരെയുള്ള കാലയളവിൽ ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി എടുത്ത നടപടികളിൽ 32 എണ്ണവും വർഗീയ പരാമർശങ്ങൾക്കെതിരെയായിരുന്നു. ഭൂമി കൈയേറ്റം, സ്ത്രീ സുരക്ഷ, ഭക്ഷണ ശുചിത്വം, ജനസംഖ്യാപരമായ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴെല്ലാം 'ജിഹാദ്' എന്ന പദം ചേർക്കുന്നത് പതിവായിരുന്നു. മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ വാർത്തകൾ. ഇത്തരത്തിൽ പരാതി ഉയർന്ന വിഡിയോകൾ ഭാഗികമായോ പൂർണമായോ നീക്കം ചെയ്യാനാണ് അതോറിറ്റി പ്രധാനമായും നിർദേശിച്ചിട്ടുള്ളത്.
പരാതി ലഭിച്ചാൽ അതോറിറ്റിയിൽ നിന്ന് ഉത്തരവ് വരാൻ വലിയ കാലതാമസമുണ്ടാവുന്നു എന്ന ആക്ഷേപവുമുണ്ട്. ഒരു വാർത്തയ്ക്കെതിരെ പരാതി ലഭിച്ചാൽ 11-12 മാസങ്ങൾക്ക് ശേഷമാണ് അന്തിമ ഉത്തരവ് ഉണ്ടാവുന്നത്. 25 ലക്ഷം രൂപ വരെ പിഴ ചുമത്താനുള്ള അധികാരം അതോറിറ്റിക്ക് ഉണ്ടെന്നിരിക്കേ താരതമ്യേന ചെറിയ പിഴകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന വിമർശനവുമുണ്ട്.
ആകെ ലഭിച്ച പരാതികളിൽ 43 എണ്ണത്തിലും പെരുമാറ്റച്ചട്ട ലംഘനം നടന്നതായി അതോറിറ്റി കണ്ടെത്തി. ഇതിൽ വർഗീയ പരാമർശമുള്ള 39 പരാതികളിൽ 32 എണ്ണത്തിലും ചാനലുകൾക്കെതിരെ പിഴ ചുമത്തുകയോ മറ്റെന്തിങ്കിലും നടപടി എടുക്കുകയോ ചെയ്തിട്ടുണ്ട്. ബാക്കി 11 കേസുകളിൽ കുറ്റം തെളിയിക്കപ്പെടാത്തതുകൊണ്ടോ ലംഘനം ഗുരുതരമല്ലാത്തതുകൊണ്ടോ തിരുത്തിയത് കൊണ്ടോ ശിക്ഷ ലഭിച്ചില്ല. മൂന്ന് വർഷത്തിനിടെ വെറും ആറ് തവണ മാത്രമാണ് പിഴ ചുമത്തിയത്. ആറ് കേസിലായി പിഴ ചുമത്തിയത് 3.2 ലക്ഷം രൂപ മാത്രമാണെന്നും റിപ്പോർട്ടിലുണ്ട്. 2025ൽ പുറപ്പെടുവിച്ച 19 ഉത്തരവുകളിൽ ഒന്നിൽ പോലും പിഴ ചുമത്തിയിട്ടില്ല.
നടപടി എടുത്തതിൽ ഭൂമി ജിഹാദ് മുതൽ തുപ്പൽ ജിഹാദ് വരെ
നടപടി എടുത്ത വിഡിയോകളിൽ ഒമ്പത് എണ്ണങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ജനസംഖ്യാപരമായ വലിയ വളർച്ചയുണ്ടാക്കുന്നു എന്നാണ് ആരോപിച്ചിരുന്നത്. ഇവയിൽ രണ്ട് കേസുകളിൽ 'ഭൂമി ജിഹാദ്' എന്ന പ്രയോഗവും ഉണ്ടായിരുന്നു. ഒമ്പത് കേസുകൾ ഇതരമതത്തിൽപെട്ടവർ തമ്മിലുള്ള വിവാഹത്തെ ലവ് ജിഹാദ് എന്ന് വിശേഷിപ്പിച്ചതിനാണ്. സ്ത്രീകൾക്കെതിരായ ആക്രമണത്തെയും ഇത്തരത്തിൽ ലവ് ജിഹാദ് ആയി ചിത്രീകരിച്ചിട്ടുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള വിഡിയോകൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. ഈ വിഡിയോകളിൽ 'തുപ്പൽ ജിഹാദ്' എന്ന പദം ഉപയോഗിച്ചതിനാണ് നടപടി.
രാജ്യാന്തര വിഷയങ്ങളെ ന്യൂനപക്ഷങ്ങൾക്കെതിരായ ആയുധമാക്കിയതിൽ നാല് വിഡിയോകൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്. 2025ലെ ഡൽഹി തെരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 'ന്യൂസ്18 ഇന്ത്യ'ക്കെതിരെ സിപിഐ നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.
രാമനവമി പരിപാടിയിൽ അവതാരകൻ നടത്തിയ രാഷ്ട്രീയ വിശകലനത്തിൽ, ബിജെപി വോട്ട് വിഹിതം വർധിക്കുന്നതും കോൺഗ്രസിന്റെ തകർച്ചയും ശ്രീരാമനുമായി ബന്ധപ്പെടുത്തി പറഞ്ഞത് തെറ്റാണെന്നും അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ പ്രതിപക്ഷ പാർട്ടികൾക്കും സമൂഹത്തിലെ പാർശ്വവത്കരിപ്പെട്ട ജനവിഭാഗത്തിനും എതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിനും അതോറിറ്റി നടപടിയെടുത്തിട്ടുണ്ട്.
കൂടുതൽ വിഡിയോകൾ നീക്കം ചെയ്തത് ടൈംസ് നൗ നവഭാരതിന്റെ
നടപടികളിൽ ഏറ്റവും കൂടുതൽ വിഡിയോകൾ നീക്കം ചെയ്യേണ്ടിവന്നത് ടൈംസ് നൗ നവഭാരതിനാണ്. 16 വിഡിയോകളാണ് ഇവർക്ക് നീക്കം ചെയ്യേണ്ടി വന്നത്. ന്യൂസ്18 ഇന്ത്യ (8), സീ ന്യൂസ് (5) എന്നിവയാണ് തൊട്ടുപിന്നിൽ. രണ്ട് മതത്തിൽ നിന്നുള്ളവരുടെ വിവാഹത്തെ തെളിവില്ലാതെ ലവ് ജിഹാദ് എന്ന് വിളിച്ചതിന് ടൈംസ് നൗ നവ്ഭാരതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഇത്തരത്തിൽ ഏറ്റവും കൂടുതൽ നടപടികൾ നേരിട്ടവരെ ബന്ധപ്പെട്ടതിൽ ന്യൂസ്18 വക്താവ് മാത്രമാണ് പ്രതികരിക്കാൻ തയ്യാറായത്. അതോറിറ്റി ഉത്തരവുകൾ പാലിക്കാറുണ്ടെന്നാണ് പ്രതിനിധി പറഞ്ഞത്. ടൈംസ് നൗ നവ്ഭാരതും സീ ന്യൂസും പ്രതികരിച്ചില്ല.
കാലതാമസം നടപടിക്രമം കാരണം
സുപ്രിംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ അതോറിറ്റിയിൽ നാല് അംഗങ്ങൾ റിട്ടയേർഡ് സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ്. നാല് ചാനലുകളുടെ എഡിറ്റർമാരും ഇതിൽ അംഗങ്ങളാണ്. തീരുമാനങ്ങളെല്ലാം ഐകകണ്‌ഠ്യേനയാണെന്ന് അതോറിറ്റി അധ്യക്ഷൻ സിക്രി പറഞ്ഞു. സ്വന്തം ചാനലുമായി ബന്ധപ്പെട്ട പരാതികളിൽ അതോറിറ്റിയിൽ അംഗങ്ങളായ എഡിറ്റർമാർ പങ്കെടുക്കാറില്ല. ഒമ്പത് അംഗങ്ങളുടെ അഭിപ്രായങ്ങൾ ആരായുന്നതും പരിപാടികൾ പൂർണമായി കണ്ട് സന്ദർഭം മനസിലാക്കുന്നതും കാരണമാണ് ഉത്തരവുകൾ പുറപ്പെടുവിക്കാൻ താമസം നേരിടുന്നതെന്ന് സിക്രി വിശദീകരിച്ചു. 2024 ഡിസംബറിൽ ഭേദഗതി ചെയ്ത ചട്ടങ്ങൾ പ്രകാരം ആദ്യ ലംഘനത്തിന് രണ്ട് ലക്ഷം രൂപയും തുടർച്ചയായ ലംഘനങ്ങൾക്ക് 25 ലക്ഷം രൂപ വരെയും പിഴ ചുമത്താൻ അതോറിറ്റിക്ക് അധികാരമുണ്ട്.