'പൗരത്വം നിര്‍ണയിക്കല്‍ തെര. കമ്മീഷണറുടെ ജോലിയല്ല, കമ്മീഷണര്‍മാരുടെ വിയോജിപ്പ് ഏറെ ഗൗരവമുള്ളത്'; സുപ്രിംകോടതി മുന്‍ ജസ്റ്റിസ് ധൂലിയ
പൗരത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയിലുള്ള വിഷയമാണ്. വോട്ടര്‍ ഇന്ത്യന്‍ പൗരനായിരിക്കണം എന്നത് ശരിയാണ്. എന്നാല്‍, പൗരത്വം നിര്‍ണയിക്കുന്നതിനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ല -അദ്ദേഹം പറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ പൗരത്വം നിര്‍ണ്ണയിക്കേണ്ട ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അത് ചെയ്യേണ്ടതെന്നും സുപ്രിംകോടതി മുന്‍ ജസ്റ്റിസ് സുധാൻഷു ധൂലിയ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് കമ്മീഷണര്‍മാര്‍ ഉയര്‍ത്തിയ വിയോജിപ്പ് ഏറെ ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ വാക്കുകള്‍.
പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രിംകോടതി നേരത്തെ തന്നെ നിയമപരമായ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയിലുള്ള വിഷയമാണ്. വോട്ടര്‍ ഇന്ത്യന്‍ പൗരനായിരിക്കണം എന്നത് ശരിയാണ്. എന്നാല്‍, പൗരത്വം നിര്‍ണയിക്കുന്നതിനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ല -അദ്ദേഹം പറഞ്ഞു.
2025 ജൂലൈയില്‍ ബിഹാറിലെ എസ്‌ഐആര്‍ സംബന്ധിച്ച സുപ്രിംകോടതിയിലെ വാദത്തിനിടെ താന്‍ നടത്തിയ പരാമര്‍ശം വിശദീകരിക്കുകയായിരുന്നു ധൂലിയ. എസ്‌ഐആര്‍ നടപടിയില്‍ ആധാര്‍, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ പരിഗണിക്കണമെന്നായിരുന്നു അന്ന് കോടതിയുടെ നിര്‍ദേശം.
10 മാസത്തിനിടെ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നടപടികളോട് 14 തവണ രേഖാമൂലം വിയോജിച്ചെന്ന ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ചും ധൂലിയ പ്രതികരിച്ചു. തീരുമാനങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ മാത്രമായി കൈക്കൊണ്ടിരുന്നുവെങ്കില്‍ അത് ഗൗരവമുള്ള വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമമായി പറയാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിലെ 97 വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ തിരിച്ചുകൊണ്ടുവരാത്തത് സംബന്ധിച്ച ചോദ്യത്തിനും ധൂലിയ മറുപടി നല്‍കി. കോടതി ഉത്തരവ് ലംഘിച്ചെന്ന ആരോപണം നിലനില്‍ക്കാന്‍ ആദ്യം ഉത്തരവ് ലംഘിക്കപ്പെട്ടുവെന്ന് തെളിയിക്കണം. അത് മനഃപൂര്‍വവും ബോധപൂര്‍വവുമായിരുന്നുവെന്ന് തെളിയിക്കണം. താഴെത്തട്ടിലെ ഉദ്യോഗസ്ഥര്‍ നിര്‍ദേശം പാലിക്കാതിരുന്നതാകാമെന്ന വാദം ഉയരാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ വിഷയത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നത് എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.