എല്ലാ നവജാതശിശുക്കൾക്കും 22 കാരറ്റിൻ്റെ ഒരു ഗ്രാം സ്വർണമോതിരം; വിജയ്‌യുടെ 'തായ്മാമൻ' പദ്ധതിക്ക് തുടക്കം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന തമിഴ്‌നാട് സ്വദേശികളായ അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് മോതിരം നൽകുന്നത്
ചെന്നൈ: തമിഴ്‌നാട്ടിൽ നവജാതശിശുക്കൾക്കായി 22 കാരറ്റിൻ്റെ ഒരു ഗ്രാം സ്വർണമോതിരം നൽകുന്ന 'തായ്‌മാമൻ തങ്ക മോതിരം പദ്ധതി' (Maternal Uncle Gold Ring Scheme) മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്തു. മധുരൈയിലെ ഗവൺമെന്റ് രാജാജി ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സ്വർണമോതിരങ്ങൾ വിതരണം ചെയ്തു. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.
പദ്ധതിക്കായി തമിഴ്നാട് സർക്കാർ 755.83 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മാതൃത്വം ആദരിക്കുക, സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ക്ഷേമപദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന തമിഴ്‌നാട് സ്വദേശികളായ അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് മോതിരം നൽകുന്നത്. 2026 ജൂൺ 22നോ അതിനുശേഷമോ ജനിച്ച യോഗ്യരായ കുഞ്ഞുങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നതിനായി 1.28 ലക്ഷം സ്വർണമോതിരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള 107 കേന്ദ്രങ്ങൾ വഴി മോതിരങ്ങൾ വിതരണം ചെയ്യും. ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 കുട്ടികൾ എന്ന തോതിലാണ് വിതരണം. പദ്ധതി ഉദ്ഘാടനം ചെയ്ത തീയതി മുതൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക്, ആശുപത്രി വിടുന്ന സമയത്തുതന്നെ സ്വർണമോതിരം നൽകുമെന്നും സർക്കാർ അറിയിച്ചു.
അതേസമയം മരുന്നുകളും മറ്റ് മെഡിക്കൽ സാമഗ്രികളും വാങ്ങാൻ ഉപയോഗിക്കുന്ന തമിഴ്‌നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷനെ സ്വർണമോതിരങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നതിൽ പ്രതിപക്ഷ പാർട്ടികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും നിയമോപദേശം തേടിയിട്ടുണ്ടെന്നും പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും ടിവികെ വ്യക്തമാക്കി.