'കുഞ്ഞേ, നിൻ്റെ കുട്ടിക്കാലം തിരിച്ചുതരാന്‍ കോടതിക്ക് കഴിയില്ല, നിന്നെ ഉപദ്രവിച്ചയാള്‍ വെളിച്ചം കാണില്ലെന്ന് ഉറപ്പാക്കാനാകും'; 10 വയസ്സുള്ള അതിജീവിതക്ക് കോടതിയുടെ സന്ദേശം
അഡീഷണല്‍ സെഷന്‍സ് ജഡ്ജി രജനി രംഗയാണ് വിധിയോടൊപ്പം കുട്ടിയെ അഭിസംബോധന ചെയ്ത് പ്രത്യേക സന്ദേശം എഴുതിയത്
ന്യൂഡല്‍ഹി: പോക്സോ കേസിലെ അതിജീവിതയായ 10 വയസ്സുകാരിക്ക് ജീവിതത്തില്‍ ധൈര്യത്തോടെ മുന്നോട്ടുപോകാനുള്ള സന്ദേശവുമായി വിചാരണക്കോടതി. അഡിഷണല്‍ സെഷന്‍സ് ജഡ്ജ് രജനി രംഗയാണ് ശിക്ഷാവിധിയോടൊപ്പം കുട്ടിയെ അഭിസംബോധന ചെയ്ത് പ്രത്യേക സന്ദേശം നല്‍കിയത്. ഈ സന്ദേശം അച്ചടിച്ച് കുട്ടിക്ക് കൈമാറണമെന്ന് ഡല്‍ഹി ഹൈക്കോടതി ജില്ലാ നിയമസേവന അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കുടുംബത്തിന് അനുവദിച്ച നഷ്ടപരിഹാരത്തുക രണ്ടാഴ്ചയ്ക്കകം കൈമാറാനും കോടതി നിര്‍ദേശിച്ചു.
2023 ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് കുട്ടിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് ലൈംഗികാതിക്രമം നേരിട്ടത്. ഗുരുതരമായ ലൈംഗികാതിക്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതിയായ സുമിത് ശാക്യയെ വിചാരണക്കോടതി കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ജീവപര്യന്തം കഠിനതടവിനും 10.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്.
വിധിയോടൊപ്പം അഡീഷണല്‍ സെഷന്‍സ് ജഡ്ജി രജനി രംഗ കുട്ടിയെ അഭിസംബോധന ചെയ്ത് പ്രത്യേക സന്ദേശവും എഴുതി. 'നിന്റെ ബാല്യം തിരികെ നല്‍കാന്‍ ഈ കോടതിക്ക് കഴിയില്ല. എന്നാല്‍ നിന്റെ വാക്കുകള്‍ കേട്ടുവെന്നും നിന്റെ അപേക്ഷ പരിഗണിച്ചുവെന്നും കോടതി ഉറപ്പുനല്‍കുന്നു. നിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നു. നിന്നെ ഉപദ്രവിച്ച ആ മനുഷ്യന്‍ ഇനി ഒരിക്കലും സ്വതന്ത്രനായ മനുഷ്യനായി വെളിച്ചം കാണില്ല. കുഞ്ഞേ, ഇനി നീ ജീവിക്കൂ. സ്‌കൂളില്‍ പോകൂ. സുഹൃത്തുക്കളെ സമ്പാദിക്കൂ. ചിരിക്കൂ. കളിക്കൂ. സ്വപ്നം കാണൂ. നിന്റെ ധൈര്യം ഈ കോടതി എന്നും ഓര്‍ത്തുവെക്കും.' കുട്ടിക്കുള്ള കുറിപ്പില്‍ പറയുന്നു.
ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. ഫോറന്‍സിക് തെളിവുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിച്ചാണ് നടപടി. കുട്ടിയുടെ കുടുംബത്തിന് അനുവദിച്ച നഷ്ടപരിഹാരം സംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് അടുത്ത വര്‍ഷം ജനുവരിയില്‍ വീണ്ടും പരിഗണിക്കും.