'മോദി ജി, ആരോഗ്യം ഓക്കെ അല്ലേ, ബ്ലഡ് പ്രഷര്‍ പരിശോധിക്കണം, നാളെ കാണാം'; ട്രെയിന്‍ റദ്ദാക്കലില്‍ പരിഹാസവുമായി സിജെപി നേതാക്കള്‍
നാളെ സിജെപി നടത്തുന്ന ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധം തടയാന്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും കനത്ത മുന്നൊരുക്കത്തില്‍
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാളെ സിജെപി നടത്തുന്ന ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധം തടയാന്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും നടത്തുന്ന പരിശ്രമങ്ങളെ പരിഹസിച്ച് സിജെപി നേതാക്കള്‍. 'സമരം തടയാന്‍ റെയില്‍വേ അടച്ചുപൂട്ടിയിരിക്കുന്നു. മോദി ജി ബ്ലഡ് പ്രഷര്‍ ഒക്കെ പരിശോധിക്കണം. നാളെ കാണാം...' അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ വീഡിയോയില്‍ പറഞ്ഞു.
'ഇതാ, നമ്മുടെ 'വിശ്വഗുരു' 56 ഇഞ്ച് മഹാമാനവ് ജി റെയില്‍വേ അടച്ചുപൂട്ടിയിരിക്കുന്നു, കാരണം നാളെ ഞങ്ങള്‍ സമരം ചെയ്യാന്‍ പോകുകയാണ്. മോദിജി ഇവിടെ സൃഷ്ടിക്കുന്ന സാഹചര്യം വളരെ മികച്ചതാണ്. മോദി ജി, നിങ്ങളുടെ ആരോഗ്യമൊക്കെ ഓക്കെ അല്ലേ? കൂടുതല്‍ പ്രശ്‌നങ്ങളൊന്നും ഇല്ലല്ലോ, അല്ലേ? ഇടയ്ക്കിടെ ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്നത് നല്ലതാണ്. റെയില്‍വേ അടച്ചുപൂട്ടിയിരിക്കുകയാണ്. അടിയന്തരാവസ്ഥയുടെ സമയത്ത് ഇന്ദിരാഗാന്ധി പോലും ഇത് ചെയ്തിരുന്നില്ല. നിങ്ങളുടെ വലതുപക്ഷക്കാര്‍ പറയുന്നത് ഡല്‍ഹിയിലേക്ക് ജനങ്ങള്‍ എത്തുന്നില്ല എന്നാണ്. എന്നാല്‍ നിങ്ങളുടെ 'പപ്പ' പേടിച്ചിട്ട് അവിടെയെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. റെയില്‍വേയും മെട്രോയും അടച്ചു. സര്‍, ബിപി ഇടയ്ക്കിടെ പരിശോധിച്ചുകൊണ്ടിരിക്കൂ. 57 മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടി. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി അടച്ചുപൂട്ടാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കുഴപ്പമില്ല സര്‍, ഞങ്ങള്‍ എന്തായാലും നാളെ വരുന്നുണ്ട്. നാളെ കാണാം' -അഭിജീത് ദീപ്‌കെയും സൗരവ് ദാസും അശുതോഷ് റങ്കയും വീഡിയോയില്‍ പറഞ്ഞു.
ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാളെ സിജെപി നടത്തുന്ന ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധം തടയാന്‍ സര്‍വസന്നാഹങ്ങളാണ് ഡല്‍ഹിയില്‍. പ്രതിഷേധത്തിന് പ്രവര്‍ത്തകരെത്തുന്നത് തടയുന്നതിന്റെ ഭാഗമായി ട്രെയിനുകള്‍ റദ്ദാക്കി. ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ധീന്‍ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളാണ് നാളെ പുലര്‍ച്ചെ നാല് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ റദ്ദാക്കിയത്. ഇവിടെ നിന്ന് പുറപ്പെടുന്നവയും ഈ സയമങ്ങളില്‍ റദ്ദാക്കി. ബംഗാളില്‍ നിന്ന് ഇന്ന് ഡല്‍ഹിയിലേക്കുള്ള രണ്ട് രാജധാനി എക്‌സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
സിജെപി പ്രക്ഷോഭത്തെ നേരിടാന്‍ ഡല്‍ഹി മെട്രോയുടെ 57 സ്റ്റേഷനുകള്‍ അടച്ചിടും. ഇന്ന് രാത്രി ഒന്‍പത് മണിക്ക് അടക്കുന്ന സ്റ്റേഷനുകള്‍ പിന്നീടുള്ള നിര്‍ദേശത്തെ തുടര്‍ന്ന് മാത്രമേ പ്രവര്‍ത്തനം ആരംഭിക്കൂ. പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറിലേക്ക് എത്തുന്നത് ഏത് വിധേനയും തടയുക ലക്ഷ്യമിട്ടാണ് നീക്കം. ജന്തര്‍ മന്തറിലേക്ക് എത്താനുള്ള എല്ലാ മാര്‍ഗങ്ങളും പൊലീസ് അടക്കുകയാണ്.
ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങള്‍ക്കും കേന്ദ്രം വിലക്കേര്‍പ്പെടുത്തി. പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശം. തെറ്റിദ്ധാരണ പരത്തുന്നതും കൃത്യമല്ലാത്തതുമായ പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയമാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകള്‍ ആശങ്കാജനകമെന്നും മന്ത്രാലയം വ്യക്തമാക്കി.
സിജെപി നാളെ നടത്താനിരുന്ന ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് കമ്മീഷണര്‍ നൂപുര്‍ പ്രസാദ് അവകാശപ്പെട്ടു. പ്രതിഷേധത്തിന് 10 ദിവസം മുന്‍പ് അനുമതി തേടണമെന്ന വ്യവസ്ഥ സിജെപി പാലിച്ചില്ലെന്നും പൊലീസ് പറയുന്നു.