ധ്രുവ് റാഠി ഡൽഹിയിൽ; ‘എല്ലാവരും സമരത്തിന് എത്തണം’
പ്രതിഷേധത്തിന്റെ പേരിൽ ഡൽഹിയെ ഏതാണ്ട് ലോക്ഡൗണിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ധ്രുവ് റാഠി
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എല്ലാവരും എത്തണമെന്ന് യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠി. ‘ഞാൻ ഡൽഹിയിൽ എത്തി. മോദി, നിങ്ങൾ എന്താണ് ചെയ്യുന്നത്?’ എന്ന ചോദ്യവുമായി അദ്ദേഹം രംഗത്തെത്തി. ഡൽഹി ഏതാണ്ട് ലോക്ഡൗണിന് സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നും ധ്രുവ് റാഠി ആരോപിച്ചു.
“സുഹൃത്തുക്കളേ, എന്തൊക്കെയുണ്ട് വിശേഷം? ഞാൻ ഡൽഹിയിൽ എത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി ഇവിടെ ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങൾ ഞാൻ കണ്ടു. അമ്പതിലധികം മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു, ട്രെയിനുകൾ നിർത്തിവെച്ചു, ബസുകൾ റദ്ദാക്കി. പ്രതിഷേധത്തിന്റെ പേരിൽ ഡൽഹിയെ ഏതാണ്ട് ലോക്ഡൗണിലേക്ക് തള്ളിവിട്ടിരിക്കുകയാണ്,” ധ്രുവ് റാഠി പറഞ്ഞു.
പ്രതിഷേധത്തിന് ആരും എത്തില്ലെന്നാണ് ഐടി സെൽ പറയുന്നതെങ്കിൽ ഇത്രയധികം സജ്ജീകരണങ്ങൾ ഒരുക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. “യഥാർഥത്തിൽ നിങ്ങൾ ഭയന്നിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. രാജ്യത്തെ ജനങ്ങൾ മുഴുവൻ ഇപ്പോൾ ഉണർന്നിരിക്കുകയാണ്,” എന്നും ധ്രുവ് റാഠി പറഞ്ഞു.
ഒക്ടോബർ 10-ന് ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ എക്സ് അക്കൗണ്ടിലൂടെയായിരുന്നു ധ്രുവ് റാഠിയുടെ പ്രതികരണം.
Hello Delhi,
Ready for tomorrow? 💪 🇮🇳 https://t.co/KnOr3T8QcH
— Dhruv Rathee (@dhruv_rathee) October 9, 2026