'ചുറ്റും പുരുഷൻമാരാണ്, പേടിയാകുന്നു'; ട്രെയിനിൽ സുരക്ഷിതയല്ലെന്ന് അറിയിച്ച് മണിക്കൂറുകൾക്കകം വിദ്യാർഥിനിയുടെ മൃതദേഹം ട്രാക്കിൽ
നൃത്തമത്സരത്തില്‍ പങ്കെടുക്കാനായിട്ടാണ് ഹിമാശ്രീ ബോറോ കൂട്ടുകാരോടൊപ്പം വിശാഖപട്ടണത്തേക്ക് പോയത്. എന്നാല്‍ ഒക്ടോബര്‍ 10ന് ഗുവാഹത്തിയില്‍ ബാങ്ക് പരീക്ഷയുള്ളതിനാല്‍ അവള്‍ക്ക് നേരത്തെ തിരിച്ചുപോരേണ്ടി വന്നു
വിശാഖപട്ടണം: ട്രെയിൻ യാത്രയ്ക്കിടെ കോച്ചിൽ താൻ സുരക്ഷിതയല്ലെന്ന് കുടുംബാംഗങ്ങളെ വിളിച്ച് അറിയിച്ച അസം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയെ ആന്ധ്രാപ്രദേശിലെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. അസം കാമരൂപ് ജില്ലയിലെ ബോൻഡ സ്വദേശിനിയായ ഹിമാശ്രീ ബോറോ ആണ് മരിച്ചത്. ഗോത്രവർഗത്തിൽപ്പെട്ട പെൺകുട്ടി ഗുവാഹത്തിയിലെ ബി. ബോറൂവ കോളജ് വിദ്യാർഥിനിയായിരുന്നു.
നൃത്തമത്സരത്തില്‍ പങ്കെടുക്കാനായിട്ടാണ് ഹിമാശ്രീ ബോറോ കൂട്ടുകാരോടൊപ്പം വിശാഖപട്ടണത്തേക്ക് പോയത്. എന്നാല്‍ ഒക്ടോബര്‍ 10ന് ഗുവാഹത്തിയില്‍ ബാങ്ക് പരീക്ഷയുള്ളതിനാല്‍ അവള്‍ക്ക് നേരത്തെ തിരിച്ചുപോരേണ്ടി വന്നു. ഒക്ടോബര്‍ 5ന് വൈകുന്നേരം സില്‍ച്ചര്‍ എക്‌സ്പ്രസില്‍ ഓണ്‍ലൈനായി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഹിമാശ്രീ ശ്രമിച്ചെങ്കിലും കണ്‍ഫേം ആയില്ല.
ഒക്ടോബര്‍ 5ന് രാത്രി വിശാഖപട്ടണത്തുനിന്നുള്ള കന്യാകുമാരി-ദിബ്രുഗര്‍ വിവേക് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍(22503) അവള്‍ കയറി. രാത്രി 11.50ന് ഹിമാശ്രി ട്രെയിനില്‍ കയറിയെന്നാണ് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. ട്രെയിനിന്റെ എസ്-2 കോച്ചില്‍ ഹിമാശ്രീ കയറുന്നതും ഒരു സുഹൃത്ത് അവളെ യാത്രയാക്കുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അവള്‍ കയറിയ കോച്ചില്‍ നിരവധി യാത്രക്കാരുമുണ്ടായിരുന്നു.
ഒക്ടബോര്‍ 6ന് രാത്രി 12.15ന് വിശാഖപട്ടണത്തുനിന്ന് ട്രെയിന്‍ പുറപ്പെട്ടു. ഒക്ടോബര്‍ 7ന് രാവിലെ 9.05നാണ് ട്രെയിന്‍ ഗുവാഹത്തിയിലെത്തുക.
ട്രെയിനില്‍ കയറിയ ശേഷവും ഹിമാശ്രീ വീട്ടുകാരുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടായിരുന്നു. കോച്ചില്‍ നല്ല തിരക്കാണെന്നും ചുറ്റും കൂടുതലും പുരുഷന്‍മാരാണെന്നും അതുകൊണ്ട് ഭയം തോന്നുന്നെന്നും അവള്‍ അവരോട് പറഞ്ഞിരുന്നു. കോച്ചിനുള്ളിലെ ദൃശ്യവും അവള്‍ പകര്‍ത്തി അവര്‍ക്ക് അയച്ചുകൊടുത്തു.
ഒക്ടോബര്‍ ആറിന് പുലര്‍ച്ചെ 2:39നും വീട്ടുകാര്‍ ഹിമാശ്രീയുമായി സംസാരിച്ചു. എന്നാല്‍ പിന്നീട് അവര്‍ക്ക് അവളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു.
ഒക്ടോബര്‍ ഏഴിന് രാവിലെ ഗുവാഹത്തിയില്‍ ബന്ധുക്കള്‍ കാത്തുനിന്നു. എന്നാല്‍ ആ ട്രെയിനില്‍ ഹിമാശ്രീ ഉണ്ടായിരുന്നില്ല. ഇതോടെ കുടുംബം റെയില്‍വേ ഹെല്‍പ്പ്‌ലൈനിലും ഗുജറാത്ത് റെയിൽവേ പൊലീസിലും പരാതി നല്‍കി. ഹിമാശ്രീയെ തിരയുന്നതിനായി ആര്‍പിഎഫിനെ അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ആര്‍പിഎഫ് ഹിമാശ്രീയ്ക്കായി ട്രെയിനില്‍ തിരച്ചില്‍ നടത്തിയെങ്കിലും അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പകരം എസ്-2 കോച്ചില്‍ നിന്ന് ഹിമാശ്രീയുടെ രണ്ട് ബാഗുകളും തിരിച്ചറിയൽ കാർഡുകളും അവര്‍ക്ക് ലഭിച്ചു.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം റോഡ് സ്‌റ്റേഷനിലെ ആര്‍പിഎഫും ട്രെയിനിന്റെ ജനറല്‍ കോച്ചിലും സ്ലീപ്പര്‍ കോച്ചിലും ഹിമാശ്രീയ്ക്കായി തിരഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പോണ്ടുരു-ദുസി സെക്ഷന് ഇടയില്‍ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നും ഹിമാശ്രീയുടെ മൃതദേഹം ശ്രീകാകുളം സിആര്‍പിഎഫ് കണ്ടെത്തുകയായിരുന്നു.
ഹിമാശ്രീ എങ്ങനെയാണ് മരിച്ചതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഓടുന്ന ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ വീണതാണോ അതോ മറ്റെന്തെങ്കിലും സംഭവവികാസങ്ങള്‍ മരണത്തിലേക്ക് നയിച്ചതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവസ്ഥലം, മൃതദേഹത്തിലെ മുറിവുകള്‍, ദൃസാക്ഷി മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, കാണാതാകുന്നതിന് മുമ്പ് നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയെല്ലാം പൊലീസ് പരിശോധിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനും ഫൊറന്‍സിക് പരിശോധനകള്‍ക്കും ശേഷമേ മരണകാരണത്തില്‍ വ്യക്തത വരൂ. കുടുംബത്തിന്റെ പരാതിയിൽ റെയിൽവേ പൊലീസും ആന്ധ്രാപ്രദേശ് പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.