'യോഗി പ്രചാരണം നിർത്തി ആശുപത്രികളിലേക്കൊന്ന് നോക്കണം'; അഖിലേഷ് യാദവിന്റെ വിമർശനം

"യുപിയിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നു എന്ന പൊള്ളയായ വാദം യോഗി ഇനി ആവർത്തിക്കരുത്"

Update: 2024-11-16 11:58 GMT

ലഖ്‌നൗ: ഝാൻസിയിലെ ആശുപത്രിയിൽ നവജാതശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ച് മുഖ്യമന്ത്രി യുപിയിലെ ആശുപത്രികളിലേക്ക് നോക്കണമെന്നും, ആരോഗ്യസംവിധാനം മെച്ചപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുറന്നടിച്ചു. എക്‌സിലൂടെയായിരുന്നു അഖിലേഷിന്റെ പ്രതികരണം.

ഇനിയൊരു ഗൊരഖ്പൂർ ആവർത്തിക്കരുത് എന്നാണ് അഖിലേഷ് എക്‌സിൽ കുറിച്ചത്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

എക്‌സ് പോസ്റ്റിന്റെ പൂർണരൂപം:

ഝാൻസി മെഡിക്കൽ കോളജിലെ തീപിടിത്തത്തിൽ 10 കുഞ്ഞുങ്ങൾ വെന്തുമരിച്ചത് അത്യന്തം വേദനാജനകമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഓക്‌സിജൻ കോൺസൻട്രേറ്ററിൽ നിന്ന് തീപടർന്നു എന്നാണ് മനസ്സിലാകുന്നത്. ഇത് തീർച്ചയായും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ്. വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെ നടപടിയുണ്ടാകണം. തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റിവച്ച് സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. യുപിയിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നു എന്ന പൊള്ളയായ വാദം അദ്ദേഹം ഇനി ആവർത്തിക്കരുത്.

കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട വേദന ആ കുടുംബങ്ങൾക്ക് മാത്രമേ അറിയൂ. ഇത് സർക്കാരിന്റെ ധാർമികമായ ഉത്തരവാദിത്തം കൂടിയാണ്. നല്ല രീതിയിൽ തന്നെ അന്വേഷണമുണ്ടാകണം. യുപിയിലെ ആരോഗ്യമന്ത്രിയോട് ഇവിടുത്തെ ആരോഗ്യമേഖലയുടെ ദുരവസ്ഥയെ കുറിച്ച് പറഞ്ഞിട്ടൊരു കാര്യവുമില്ല. അദ്ദേഹമാണ് ഇതിങ്ങനെ ആക്കിത്തീർത്തത്. കേവലരാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നതിലാണ് അദ്ദേഹത്തിന് ശ്രദ്ധ. താനാണ് ആരോഗ്യമന്ത്രി എന്ന ചിന്ത പോലും ചിലപ്പോൾ അദ്ദേഹത്തിനുണ്ടായിക്കൊള്ളണം എന്നില്ല. ബോർഡിൽ തന്റെ പേരുണ്ടെന്നല്ലാതെ യാതൊരു അധികാരവും അദ്ദേഹത്തിനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഏറ്റവുമാദ്യം ചെയ്യേണ്ടത് പരിക്കേറ്റ് ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്ക് ലോകോത്തര നിലവാരമുള്ള ചികിത്സ ഉറപ്പ് വരുത്തുകയാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുകയും വേണം. ഇനിയൊരു ഗൊരഖ്പൂർ ഇവിടെ ആവർത്തിക്കാതിരിക്കട്ടെ.

ഇന്നലെ രാത്രി 10.45ഓടെയാണ് മഹാറാണി ലക്ഷ്മി ബാൽ മെഡിക്കൽ കോളജിലെ എൻഐസിയുവിൽ തീപിടിത്തമുണ്ടാകുന്നത്. 10 കുഞ്ഞുങ്ങൾ വെന്തുമരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബിഎസ്പിയും കോൺഗ്രസുമടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ കുഞ്ഞുങ്ങൾക്ക് 50,000 രൂപവീതമാണ് സംസ്ഥാനത്തിന്റെ ധനസഹായം.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News