പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് കൂടുതൽ കൽക്കരി എത്തിക്കും

കൽക്കരി ചരക്കുനീക്കം സുഗമമാക്കുന്നതിനായി 42 പാസഞ്ചർ ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു

Update: 2022-05-01 01:39 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കൽക്കരി പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് കൂടുതൽ കൽക്കരി എത്തിക്കും. പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കേന്ദ്ര വൈദ്യുതി സഹമന്ത്രി ആർ.കെ സിങ് വിലയിരുത്തി. ഡൽഹി സർക്കാർ ആവശ്യപ്പെട്ടതിലും കൂടുതൽ കൽക്കരി വരുംദിവസങ്ങളിൽ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. താപവൈദ്യുത നിലയങ്ങളിൽ ആവശ്യത്തിന് കൽക്കരിയുണ്ടെന്നും മന്ത്രി വിലയിരുത്തി.

യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിസന്ധി നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ കൽക്കരി എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ റെയിൽവേ അധികൃതർ നടത്തുന്നത്. കൽക്കരി വണ്ടികളുടെ വേഗത്തിലുള്ള നീക്കത്തിനായി ഇന്ത്യയിലുടനീളമുള്ള 42 പാസഞ്ചർ ട്രെയിനുകൾകൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കൽക്കരി ചരക്കുനീക്കം സുഗമമാക്കുന്നതിനാണ് ട്രെയിനുകൾ റദ്ദാക്കിയത്.

രാജ്യത്ത് 15 സംസ്ഥാനങ്ങളാണ് നിലവിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്നത്. രാജസ്ഥാനിലും ഛത്തിസ്ഗഡിലും നേരത്തെ തന്നെ പവർകട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഡൽഹിയിൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണെന്നാണ് മന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചത്. ദാദ്രി, ജെജ്ജർ അടക്കം അഞ്ച് താപനിലയങ്ങളിൽനിന്ന് 1,751 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം ഡൽഹിക്ക് ലഭിക്കേണ്ടത്. എന്നാൽ, 400 മെഗാവാട്ട് മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് ഡൽഹി സർക്കാർ അറിയിച്ചു. താപനിലയങ്ങളിൽ എട്ട് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നത്. കൽക്കരി ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. പ്രതിസന്ധി തുടർന്നാൽ മെട്രോ, ആശുപത്രി സേവനങ്ങളെ ഉൾപ്പെടെ രൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പും സർക്കാർ നൽകുന്നു.

അതേസമയം, 30 ദിവസത്തേക്കുള്ള കൽക്കരിശേഖരം രാജ്യത്തുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കോൾ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങൾ നിരന്തരം കുടിശ്ശിക വരുത്തുന്നതും അനുവദിച്ച കൽക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നുമാണ് കേന്ദ്രം പറയുന്നത്. സംസ്ഥാനങ്ങളിലേക്ക് വേഗത്തിൽ കൽക്കരി എത്തിക്കാൻ ചില പാസഞ്ചർ ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. ഈ ട്രെയിനുകൾ കൽക്കരികൾ എത്തിക്കുന്നതിനായി ഉപയോഗിക്കും.

Summary: Coal shortage crisis in Indian states

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News