മുംബൈയില്‍ 15 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; രണ്ട് വിദേശികള്‍ അറസ്റ്റില്‍
പ്രതിയുമായി ഇടപാടുണ്ടായിരുന്നു ഒരു ടാന്‍സാനിയന്‍ സ്ത്രീയെയും ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്
പ്രതീകാത്മക ചിത്രം
മുംബൈ: മുംബൈയിലെ ഹോട്ടലില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഒരു സാംബിയന്‍ പൗരനില്‍ നിന്നാണ് രണ്ട് കിലോ കൊക്കെയ്ന്‍ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. 15 കോടി വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.
പ്രതിയുമായി ഇടപാടുണ്ടായിരുന്നു ഒരു ടാന്‍സാനിയന്‍ സ്ത്രീയെയും ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എൻസിബി മുംബൈ സംഘം ഹോട്ടലില്‍ റെയ്ഡ് നടത്തുകയായിരുന്നു. മയക്കുമരുന്ന് കാരിയറായിരുന്ന സാംബിയൻ പൗരനായ ലാ ഗിൽമോറിനെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വാങ്ങുന്നതിനായി ഇയാള്‍ സാംബിയയിലെ ലുസാക്കയിൽ നിന്ന് ആഡിസ് അബാബ (എത്യോപ്യയുടെ തലസ്ഥാനം) സന്ദർശിച്ചിരുന്നു. വിമാനത്തിൽ മുംബൈയിലെത്തിയ ശേഷം ഹോട്ടലില്‍ മുറിയെടുത്തു. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന എൻസിബി സംഘം ഹോട്ടൽ മുറിയിൽ പരിശോധന നടത്തി. ബാഗില്‍ രണ്ട് പാക്കറ്റ് കൊക്കെയന്‍ കണ്ടെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മേഖലയിലെ ചില ഇടനിലക്കാരെ കുറിച്ച് ഇയാൾ എൻസിബിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഗിൽമോറിൽ നിന്ന് ചരക്ക് സ്വീകരിക്കാനിരുന്ന എംആർ അഗസ്റ്റിനോ എന്ന ടാൻസാനിയൻ സ്ത്രീയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ, മയക്കുമരുന്ന് സിൻഡിക്കേറ്റിന്‍റെ അന്താരാഷ്ട്ര ശൃംഖല മുംബൈ, ഡൽഹി, ബെംഗളൂരു, ഗോവ എന്നിവയുൾപ്പെടെ ഒന്നിലധികം നഗരങ്ങളിൽ വ്യാപിച്ചതായി കണ്ടെത്തി.