ട്രെയിനിൽ നിന്നും പുറത്തേക്കെറിഞ്ഞ തേങ്ങ വീണ് യുവാവിന് ദാരുണാന്ത്യം
സഞ്ജയ് ദത്താറാം ഭോയിർ എന്നയാളാണ് മരിച്ചത്
AI-generated image
പാൽഘര്‍: ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ തേങ്ങ തലയിൽ വീണ് 31കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാൽഘര്‍ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. സഞ്ജയ് ദത്താറാം ഭോയിർ എന്നയാളാണ് മരിച്ചത്.
പഞ്ചു ദ്വീപിലെ താമസക്കാരനായ ഭോയിർ രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. നൈഗാവിലെത്താൻ റെയിൽവേ പാലത്തിലൂടെ നടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥ കാരണം ദ്വീപിൽ നിന്നുള്ള പതിവ് ബോട്ട് സർവീസുകൾ നിർത്തിവച്ചതിനാൽ സാധാരണക്കാര്‍ക്ക് റെയിൽവേ ട്രാക്കുകളിലൂടെ കാൽനടയായി അപകടകരമായ വഴിയിലൂടെ സഞ്ചരിക്കുക എന്നതാണ് മറ്റൊരു മാർഗം.
പാലത്തിലൂടെ പോകുമ്പോൾ തേങ്ങ ഉൾപ്പെടെയുള്ള വഴിപാടുകൾ അടങ്ങിയ പാക്കറ്റ് ട്രെയിനിൽ നിന്നും നദിയിലേക്ക് എറിയുന്നതിനിടെയാണ് വെള്ളത്തിൽ വീഴുന്നതിന് പകരം തേങ്ങ സഞ്ജയുടെ ചെവിക്കും കണ്ണിനുമിടയിൽ നേരിട്ട് ഇടിച്ചത്. കാൽനടയാത്രക്കാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും ഉടൻ വസായിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സക്കിടെ അന്ത്യം സംഭവിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തേങ്ങ എറിഞ്ഞ വ്യക്തിക്കായുള്ള തിരച്ചിലിലാണ്. മതപരമായ ആചാരങ്ങൾ നടത്തുമ്പോൾ, പ്രത്യേകിച്ച് പൊതു ഇടങ്ങളിൽ, പൗരന്മാർ ശ്രദ്ധാലുക്കളായിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.