'ഗോഡ്സെക്കും സവർക്കർക്കും പുരസ്‌കാരം സമ്മാനിക്കുന്നതിന് തുല്യം'; ഗോരഖ്പൂർ ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചതിൽ വിവാദം

ഗാന്ധിജിയുടെ ആശയങ്ങളുമായി നിരന്തരം പോരാടികൊണ്ടിരുന്ന സ്ഥാപനമാണ് ഗീതാ പ്രസെന്ന് കോൺഗ്രസ്

Update: 2023-06-19 01:28 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: ഗോരഖ്പൂർ ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചതിൽ വിവാദം. എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശാണ് പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം തന്നെ രംഗത്തിറങ്ങിയത്. ഗോഡ്സെയ്ക്കും സവർക്കർക്കും പുരസ്‌കാരം സമ്മാനിക്കുന്നതിന് തുല്യമായ നടപടിയെന്നു കോൺഗ്രസ് വിമർശിച്ചു.

പ്രധാന മന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ജൂറിയാണ് ഉത്തർപ്രദേശിലെ ഗീതാ പ്രസിന് 2021 ലെ ഗാന്ധി സമാധാന പുരസ്‌കാരം നൽകാൻ തീരുമാനിച്ചത്. 2015 ൽ പുറത്തിറങ്ങിയ അക്ഷയ് മുകളിന്റെ പുസ്തകം ഉയർത്തികാട്ടിയാണ് കോൺഗ്രസ് എതിർപ്പുയർത്തുന്നത്. ഗാന്ധിജിയുടെ ആശയങ്ങളുമായി നിരന്തരം പോരാടികൊണ്ടിരുന്ന സ്ഥാപനമാണ് ഗീതാപ്രസ് എന്ന് ഈ പുസ്തകത്തെ ആധാരമാക്കി ജയറാം രമേശ് ഉന്നയിക്കുന്നു. മുൻ ആർ.എസ്.എസ് മേധാവി എം.എസ്.ഗോൾവൽക്കർ അടക്കമുള്ളവർ ഗീതാ പ്രസിന്റെ പ്രസിദ്ധീകരണമായ കല്യാണിലെ സ്ഥിരം എഴുത്തുകാരായിരുന്നു.

Advertising
Advertising

നെൽസൻ മണ്ടേല അടക്കം ലോകസമാധാനത്തിന് സംഭാവന ചെയ്ത വ്യക്തികൾക്കും സംഘടനകൾക്കുമാണ് നേരത്തെ ഗാന്ധി സമാധാന പുരസ്‌കാരം സമ്മാനിച്ചിട്ടുള്ളത്. ആർ.എസ്.എസിനു വേരുറപ്പിക്കാൻ കഴിയുന്നതിനു മുൻപേ തീവ്ര ഹിന്ദുത്വ ആശയങ്ങൾ വടക്കേ ഇന്ത്യയിൽ പ്രചരിപ്പിച്ചതിൽ മുഖ്യപങ്ക് ഗീതാ പ്രസിന്റെ പ്രസിദ്ധീകരണങ്ങൾക്കാണ്. ഇതിനെല്ലാമുള്ള നന്ദി സൂചകമാണ് ഒരു കോടി രൂപ പുരസ്‌കാരതുകയുള്ള ഈ അംഗീകാരമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.



Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News