'ഹിമാന്ത 10 കോടി നഷ്ടപരിഹാരം നൽകണം'; അസം മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസുമായി കോൺഗ്രസ്

കോൺഗ്രസ് അസം അധ്യക്ഷൻ ഭൂപെൻ കുമാർ ബോറയാണ് ഹിമാന്തയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്

Update: 2024-04-05 10:17 GMT
Editor : Shaheer | By : Web Desk

ഭൂപെന്‍ കുമാര്‍ ബോറ, ഹിമാന്ത ബിശ്വ ശര്‍മ

Advertising

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി കോൺഗ്രസ് നേതാവ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപെൻ കുമാർ ബോറയാണ് പത്തു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹിമാന്തയുടെ നിരവധി പ്രസ്താവനകൾ വ്യക്തിപരമായി തന്റെയും രാഷ്ട്രീയമായി പാർട്ടിയുടെയും പ്രതിച്ഛായ തകർത്തെന്നാണു പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

അസം ജില്ലയായ കാംരൂപ് മെട്രോയിലെ സിവിൽ കോടതിയിലാണ് ഭൂപെൻ കുമാർ ബോറ പരാതി നൽകിയത്. ബോറയ്ക്കും കോൺഗ്രസിനുമെതിരെ അടുത്തിടെ നിരവധി തവണ മാധ്യമങ്ങൾക്കു മുന്നിൽ ഹിമാന്ത ബിശ്വ ശർമ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ ഉയർത്തിയാണ് ഇപ്പോൾ നിയമനടപടിക്കൊരുങ്ങുന്നത്. കോൺഗ്രസ് നേതാവിനു പുറമെ ഒരു പ്രാദേശിക പത്രവും പത്രാധിപരും ഹിമാന്തയ്‌ക്കെതിരായ മാനനഷ്ടക്കേസിൽ കക്ഷിചേർന്നിട്ടുണ്ട്.

2025ൽ ഭൂപെൻ കുമാർ ബോറ കോൺഗ്രസിൽനിന്ന് കൂടുമാറി ബി.ജെ.പിയിൽ ചേരുമെന്ന് ഹിമാന്ത അടുത്തിടെ അവകാശപ്പെട്ടിരുന്നു. പലതവണ ഇതേ വാദവുമായി അസം മുഖ്യമന്ത്രി രംഗത്തെത്തി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാർച്ച് 27ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

ബി.ജെ.പി അസമിൽ അധികാരത്തിലെത്തിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ ഇനിയും പാലിച്ചിട്ടില്ലെന്ന വിഷയം ഉയർത്തുമ്പോഴെല്ലാം ഇത്തരത്തിൽ വോട്ടർമാരുടെ ശ്രദ്ധ തിരിക്കാനാണ് ഹിമാന്തയുടെ ശ്രമമെന്ന് ബോറ വിമർശിച്ചു. ആറ് സമുദായങ്ങൾക്ക് പട്ടിക വർഗ പദവി നൽകുമെന്ന വാഗ്ദാനം നൽകിയിരുന്നു. തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി വർധിപ്പിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. മണ്ണൊലിപ്പും വെള്ളപ്പൊക്കവും തടയാനായി ബ്രഹ്മപുത്രയുടെ തീരത്തിലൂടെ എക്‌സ്പ്രസ് വേ നിർമിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഈ വാഗ്ദാനങ്ങൾക്കെല്ലാം എന്തു പറ്റിയെന്നു ചോദിക്കുമ്പോഴെല്ലാം ഭൂപെൻ ബോറ ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന ആരോപണമുയർത്തി വിഷയം മാറ്റുകയാണ് ഹിമാന്ത ബിശ്വ ശർമ ചെയ്യുന്നതെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.

Summary: Assam Congress President Bhupen Kumar Borah files Rs 10 crore defamation case against the CM Himanta Biswa Sarma

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News