കോണ്‍ഗ്രസ് സഹായിച്ചത് ടാറ്റയെയും ബിര്‍ളയെയും അംബാനിയെയും: ബി.ജെ.പി

2010ൽ കോൺഗ്രസ് അധികാരത്തിലുള്ളപ്പോഴാണ് അദാനിക്ക് ആസ്ത്രേലിയയിൽ ഖനനാനുമതി ലഭിച്ചതെന്ന് നിഷികാന്ത് ദുബെ

Update: 2023-02-07 16:37 GMT

ഡല്‍ഹി: നരേന്ദ്ര മോദി - അദാനി ബന്ധം രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ഉന്നയിച്ചതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ബി.ജെ.പി. കോൺഗ്രസിന്‍റെ ഭരണകാലത്ത് വ്യവസായികളായ ടാറ്റ, ബിർള, അംബാനി എന്നിവരെയാണ് സഹായിച്ചതെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പറഞ്ഞു.

2010ൽ കോൺഗ്രസ് അധികാരത്തിലുള്ളപ്പോഴാണ് അദാനിക്ക് ആസ്ത്രേലിയയിൽ ഖനനാനുമതി ലഭിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും അദാനിക്ക് നല്ല ബന്ധമാണെന്നും ദുബെ പറഞ്ഞു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ വികസനത്തില്‍ ജി.എം.ആർ, ജി.വി.കെ ഗ്രൂപ്പുകളെ സഹായിക്കാന്‍ കോണ്‍ഗ്രസ് കരാറില്‍ മാറ്റം വരുത്തിയില്ലേയെന്നും ദുബൈ ചോദിച്ചു. കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചതോടെ താന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് ദുബൈ പറഞ്ഞു.

Advertising
Advertising

ഭോപ്പാൽ വാതക ദുരന്ത സമയത്ത് യൂണിയൻ കാർബൈഡ് ഫാക്ടറിയുടെ തലവൻ വാറൻ ആൻഡേഴ്സന് രാജ്യം വിടാൻ അനുമതി നൽകിയത് കോൺഗ്രസ് ആണെന്നും ദുബൈ പറഞ്ഞു. ബൊഫോഴ്സ് വിവാദത്തിലെ കുറ്റാരോപിതൻ ഒട്ടാവിയോ ക്വത്തറോച്ചിയും ഗാന്ധി കുടുംബവുമായുള്ള ബന്ധം എല്ലാവർക്കും അറിയാമെന്നും ദുബൈ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുളള ബന്ധം ഉന്നയിച്ചാണ് പാര്‍ലമെന്‍റില്‍ ബി.ജെ.പിക്കെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. അദാനിക്കായി കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തിയെന്ന് രാഹുല്‍ ലോക്സഭയില്‍ പറഞ്ഞു. എല്ലാ മേഖലകളിലും അദാനി മാത്രം എങ്ങനെയാണ് വിജയിക്കുന്നതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. മോദിക്ക് വിധേയനാണ് അദാനിയെന്നും രാഹുല്‍ പരിഹസിച്ചു. രാഹുലിന്റെ പ്രസംഗം ഭരണപക്ഷ എംപിമാർ തടസപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ലോക്സഭയിൽ ഭരണ- പ്രതിപക്ഷ ബഹളവും ഉണ്ടായി. മോദി - അദാനി ബന്ധത്തിന് തെളിവ് നൽകാൻ ഭരണപക്ഷം രാഹുലിനെ വെല്ലുവിളിച്ചു.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News