മോദിയെ കാണാനില്ല; പാർലമെന്‍റിൽ ഹാജരായത് ഒരേ ഒരു ദിവസം, എന്നുവരുമെന്ന് പ്രതിപക്ഷം

നവംബര്‍ 29ന് ആരംഭിച്ച ശൈത്യകാല സമ്മേളനം അവസാനിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഹാജര്‍ ശതമാനം വെറും 5.88 മാത്രമാണ്.

Update: 2021-12-23 11:42 GMT
Advertising

യു.പി തെരഞ്ഞെടുപ്പും ക്ഷേത്ര നവീകരണവുമൊക്കെയായി തിരക്കിലായ പ്രധാനമന്ത്രിയെ പാര്‍ലമെന്‍റ് പരിസരത്ത് കാണാന്‍ കിട്ടിയില്ലെന്ന് ആക്ഷേപം. നവംബര്‍ 29ന് ആരംഭിച്ച ശൈത്യകാല സമ്മേളനം അവസാനിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഹാജര്‍ ശതമാനം വെറും 5.88 മാത്രമാണ്. ഡിസംബര്‍ 22 വരെയുള്ള ദിവസങ്ങളില്‍ സമ്മേളനത്തിന്‍റെ ആദ്യ ദിനം മാത്രമാണ് മോദി പാര്‍ലമെന്‍റിലുണ്ടായിരുന്നത്. 

കോണ്‍ഗ്രസ് എം.പിമാരായ മാണിക്കം ടാഗോറും വിജയ് വസന്തും മോദിയുടെ ഹാജര്‍ നില സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡും പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രധാനമന്ത്രി എന്ന് ലോക്സഭയിലെത്തുമെന്ന ചോദ്യവും പ്ലക്കാര്‍ഡിലുണ്ട്. ഹാജര്‍ വിഷയത്തില്‍ സ്വയം മാറണമെന്നും അല്ലെങ്കില്‍ മാറ്റമുണ്ടാകുമെന്നും എം.പിമാരെ വിമര്‍ശിച്ച മോദി തന്നെ പാര്‍ലമെന്‍റില്‍ ഹാജരാകാതിരുന്നതാണ് വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ബി.ജെ.പി പാര്‍ലമെ‍ന്‍ററി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രി എം.പിമാരെ വിമര്‍ശിച്ചത്. 

പാര്‍ലമെന്‍റില്‍ മോദിയും ബി.ജെ.പി എം.പിമാരും നിരന്തരമായി ഹാജരാകാത്തത് പ്രതിപക്ഷം ഏറ്റെടുത്ത് കഴിഞ്ഞു. പാര്‍ലമെന്‍റ് മന്ദിരം ജനാധിപത്യത്തിന്‍റെ ക്ഷേത്രമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ശൈത്യകാല സമ്മേളനത്തില്‍ ഹാജരായത് കേവലം ഒരേ ഒരു ദിവസമാണെന്നും ഇതെന്ത് വിരോധാഭാസമാണെന്നും കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ചൂണ്ടിക്കാട്ടി. ചോദ്യോത്തര വേളയില്‍ മിക്ക ബി.ജെ.പി എം.പിമാരും ഹാജരായിരുന്നില്ലെന്നും ബില്ലുകള്‍ പാർലമെന്റിൽ ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ധാർമ്മിക പ്രസംഗങ്ങൾ നടത്തുന്ന ബി.ജെ.പിയുടെ കാപട്യമാണിതെന്നും ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വരാണസിയില്‍ തന്നെ തമ്പടിച്ചായിരുന്നു മോദിയുടെ പ്രവര്‍ത്തനങ്ങള്‍. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി വിശ്വാസികൾക്ക് തുറന്നുകൊടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഹൈന്ദവ വോട്ടുകളുടെ ഏകീകരണം കൂടിയായിരുന്നു ഇതിന്‍റെ ലക്ഷ്യം. അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോൾ നടത്തിയ അതേ പ്രാധാന്യമാണ് യു.പിയിൽ കാശി ഇടനാഴിയുടെ ഉദ്ഘാടനത്തിന് ബി.ജെ.പി നൽകിയതെന്നതും ശ്രദ്ധേയമാണ്. 

കഴിഞ്ഞ 32 ദിവസങ്ങളിലായി ഒമ്പതോളം സന്ദര്‍ശനങ്ങളിലൂടെ 90 മണിക്കൂറിലധികമാണ് മോദി യു.പിയില്‍ ചെലവഴിച്ചത്. വരും ദിവസങ്ങളില്‍ ഇനിയും സന്ദര്‍ശനങ്ങളുണ്ടാകും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മോദി സന്ദര്‍ശനം നടത്തിയിട്ടുണ്ട്, ഇനി നടത്താനിരിക്കുന്നതുമുണ്ട്. 

അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ശീതകാല സമ്മേളനം വെട്ടിച്ചുരുക്കുകയാണുണ്ടായത്. ശൈത്യകാല സമ്മേളനം അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ ഇരുസഭകളും പിരിയുകയായിരുന്നു. വിവാഹത്തിനുള്ള പ്രായം 21 വയസ്സാക്കുന്നതിനുളള ബില്‍, തെരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതി ബില്‍ തുടങ്ങി സുപ്രധാനമായ ബില്ലുകളാണ് പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് മറികടന്നും പാര്‍ലമെ‍ന്‍റ് പരിഗണിച്ചത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News