പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരണം ശക്തമാക്കും: ജോ ബൈഡൻ

യുക്രൈനിലെ ബുച്ചയിലെ കൂട്ടക്കൊലയിൽ സ്വതന്ത്ര്യ അന്വേഷണം വേണമെന്ന് മോദി

Update: 2022-04-11 17:10 GMT
Editor : afsal137 | By : Web Desk
Advertising

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരണം ശക്തമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ഓൺലൈൻ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുമെന്നും ജോബൈഡൻ വ്യക്തമാക്കി.

യുക്രൈനിലെ സ്ത്രീകളും കുട്ടികളും യാതന അനുഭവിക്കുന്നതായും ബൈഡൻ പറഞ്ഞു. അതേസമയം യുക്രൈൻ നേരിടുന്ന പ്രതിസന്ധി അവസാനിക്കുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. യുക്രൈനിലെ സ്ഥിതിഗതികൾ ആശങ്ക ഉയർത്തുന്നതാണ്, വിഷയത്തിൽ റഷ്യ-യുക്രൈൻ പ്രസിഡന്റുമാരുമായി ഇന്ത്യ ചർച്ച നടത്തിയിട്ടുണ്ടെന്നും മോദി ബൈഡനെ അറിയിച്ചു.

യുക്രൈനിലെ ബുച്ചയിലെ കൂട്ടക്കൊലയിൽ സ്വതന്ത്ര്യ അന്വേഷണം വേണമെന്നും മോദി ആവശ്യപ്പെട്ടു. റഷ്യ-യുക്രൈൻ യുദ്ധം, റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടുകൾ, കോവിഡ് സാഹചര്യം തുടങ്ങിയവയാണ് പ്രധാനമായും കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമായത്. ഇന്ത്യ-യുഎസ് പ്രതിരോധ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയാണ് ഓൺലൈനായുള്ള ഈ കൂടിക്കാഴ്ച.'ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഉയർന്ന തലത്തിലുള്ള ഇടപെടൽ തുടരാൻ വെർച്വൽ മീറ്റിംഗ് ഇരുപക്ഷത്തെയും പ്രാപ്തമാക്കും,' വിദേശകാര്യ മന്ത്രാലയം ഒരു ഹ്രസ്വ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

യുക്രൈനിനെതിരായ റഷ്യയുടെ ക്രൂരമായ യുദ്ധത്തിൻറെ അനന്തരഫലങ്ങളെക്കുറിച്ചുള്ള അടുത്ത കൂടിയാലോചനകൾ തുടരുന്നതിനും ആഗോള ഭക്ഷ്യ വിതരണത്തിലും ചരക്ക് വിപണിയിലും അതിന്റെ അസ്ഥിരപ്പെടുത്തുന്ന ആഘാതം ലഘൂകരിക്കുന്നതിനും ഈ കൂടിക്കാഴ്ച ഉപയോഗിക്കാനാണ് ബൈഡൻ ഉദ്ദേശിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു. സൈനിക ഉപകരണങ്ങൾക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നതിൽ യു.എസ് പ്രതിരോധ സെക്രട്ടറി അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്നും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഇതേ തുടർന്ന് റഷ്യക്കെതിരായ ഉപരോധങ്ങൾ പാലിക്കാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വിമർശിച്ച് അമേരിക്ക നേരത്തെ രംഗത്തു വന്നതാണ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കിയാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

വാഷിംഗ്ടൺ റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധം ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് യുഎസ് പ്രതീക്ഷിക്കുന്നതായി സാകി പറഞ്ഞു.റഷ്യയിൽ നിന്നും എണ്ണയുടേയും മറ്റ് വസ്തുക്കളുടേയും ഇറക്കുമതി ത്വരിതപ്പെടുത്തുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ താൽപ്പര്യമാണെന്ന് അമേരിക്ക വിശ്വസിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. റഷ്യയിൽ നിന്നും ഇന്ത്യയുടെ എണ്ണ ഇറക്കുമതി രാജ്യത്തിന്റെ മൊത്തം ആവശ്യത്തിന്റെ 12% മാത്രമാണെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News