'ബിഹാറിൽഎസ്ഐആറിന് ശേഷം മൂന്ന് ലക്ഷം വോട്ടർമാർ കൂടിയതെങ്ങനെ?'; തെരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഐ(എംഎൽ)

കണക്കിലെ പൊരുത്തക്കേട് കമ്മീഷൻ വിശദീകരിക്കണമെന്ന് ഭട്ടാചാര്യ ആവശ്യപ്പെട്ടു.

Update: 2025-11-14 06:40 GMT

Photo| Special Arrangement

പട്ന: ബിഹാറിൽ എസ്ഐആറിന് ശേഷം മൂന്ന് ലക്ഷത്തിലധികം വോട്ടർമാരുടെ വർധന എങ്ങനെയുണ്ടായെന്ന് വ്യക്തമാക്കണമെന്ന് സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എസ്‌ഐആറിന് ശേഷം ബിഹാറിലെ വോട്ടർമാരുടെ എണ്ണം 7.42 കോടിയായെന്ന് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞ കണക്കുകൾ പ്രകാരം 7,45,26,858 ആണ് വോട്ടർമാരുടെ എണ്ണം. അതായത് മൂന്ന് ലക്ഷത്തിലധികം വോട്ടർമാരുടെ വർധന. ഈ പൊരുത്തക്കേട് കമ്മീഷൻ വിശദീകരിക്കണമെന്ന് ഭട്ടാചാര്യ ആവശ്യപ്പെട്ടു.

Advertising
Advertising

'എസ്ഐആറിന് ശേഷം 7.42 കോടിയായിരുന്നു വോട്ടർമാർ. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത് 7,45,26,858 എന്നാണ്. പരിഷ്കരണത്തിന് ശേഷം ഈ വർധന എങ്ങനെയുണ്ടായി?'- അദ്ദേഹം എക്സിൽ കുറിച്ചു. സംസ്ഥാനത്ത് രണ്ട് ഘട്ടമായി നടന്ന വോട്ടെടുപ്പിന് ശേഷം കമ്മീഷൻ പുറത്തുവിട്ട കണക്കിലാണ് വോട്ടർമാരുടെ എണ്ണത്തിൽ മൂന്ന് ലക്ഷത്തിലേറെ പേരുടെ വർധനയുള്ളത്.

ബിഹാറിന് ശേഷം വിവിധ സംസ്ഥാനങ്ങളിൽ ആരംഭിച്ചിരിക്കുന്ന എസ്‌ഐആർ നടപടിക്രമങ്ങൾ ഇതിനകം തന്നെ വ്യാപക വിമർശനത്തിന് കാരണമായിട്ടുണ്ട്. വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകൾ, വെട്ടിമാറ്റലുകൾ, ക്രമക്കേടുകൾ എന്നിവ ആരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തുകയും ചെയ്തു. ബിഹാറിൽ തന്നെ അന്തിമ പട്ടികയിൽ നിന്ന് 47 ലക്ഷം വോട്ടർമാരെ വെട്ടിയെന്നാണ് പരാതി.

എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകൾ ഉണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരും നുണ പ്രചരിപ്പിച്ച് വോട്ടുകൾ നേടുകയാണെന്ന് കോൺഗ്രസ് നേതാവ് അഭയ് ദുബെ പറഞ്ഞിരുന്നു. കേന്ദ്രത്തിൽ ബിജെപി ഭരണം മാറിയാൽ എസ്ഐആറിൽ സിബിഐ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News