ക്രെഡിറ്റ് കാർഡ് ബിൽ ലഭിച്ചയുടൻ അടയ്ക്കണോ അതോ അവസാന തിയതി വരെ കാത്തിരിക്കണോ? അറിയാം ശരിയായ രീതി

ക്രെഡിറ്റ് കാർഡ് ബിൽ ലഭിച്ചയുടൻ അടയ്ക്കണമോ അതോ അവസാന തിയതി വരെ കാത്തിരിക്കണമോ എന്ന സംശയം പലർക്കുമുണ്ട്

Update: 2026-09-25 16:18 GMT

ഡൽഹി: ഒരു കാലത്ത് ക്രെഡിറ്റ് കാർഡുകൾ സമ്പന്നരുടെ മാത്രം കുത്തകയായിരുന്നു. എന്നാൽ കാലം മാറിയതോടെ ആഡംബരത്തിന്‍റെ ആ അടയാളം ഇന്ന് സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. പണമിടപാടുകൾ ഡിജിറ്റലായതോടെ, അത്യാവശ്യ ഘട്ടങ്ങളിൽ താങ്ങാവുന്ന സാമ്പത്തിക സഹായമായും പ്രതിമാസ ചെലവുകൾ ക്രമീകരിക്കുന്നതിനുള്ള മാർഗ്ഗമായും ക്രെഡിറ്റ് കാർഡുകളെ ഇടത്തരം കുടുംബങ്ങൾ ഇന്ന് കാണുന്നു.

ക്രെഡിറ്റ് കാർഡ് ബിൽ ലഭിച്ചയുടൻ അടയ്ക്കണമോ അതോ അവസാന തിയതി വരെ കാത്തിരിക്കണമോ എന്ന സംശയം പലർക്കുമുണ്ട്.ബിൽ പേയ്‌മെന്‍റിന്‍റെ സമയം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ നേരിട്ട് ബാധിക്കുന്നതിനാൽ ഉപഭോക്താക്കൾക്കിടയിൽ ഈ ആശയക്കുഴപ്പം പലപ്പോഴും ഉണ്ടാകാറുണ്ട്. വിദഗ്ധര്‍ എന്താണ് ഇതിനെക്കുറിച്ച് പറയുന്നതെന്ന് നോക്കാം.

Advertising
Advertising

കൃത്യമായ തിരിച്ചടവ് സമയം… ബിൽ ലഭിച്ചയുടനെയോ അതോ അവസാന തിയതിയിലോ?

ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റ് മെയിലിലോ ഫോണിലോ ലഭിക്കുമ്പോൾ, അവസാന തീയതി (Due Date) വരെ കാത്തിരിക്കുന്നത് സിബിൽ സ്കോറിനെ ബാധിക്കുമോ എന്ന് പലരും ആശങ്കപ്പെടാറുണ്ട്. എന്നാൽ വസ്തുതയെന്തെന്നാൽ, ബിൽ വന്നാലുടൻ അടയ്ക്കുന്നതും ഗ്രേസ് പീരിയഡ് (Grace Period) പ്രയോജനപ്പെടുത്തി അവസാന തിയതിയിൽ അടയ്ക്കുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. ബാങ്ക് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തിരിച്ചടവ് നടത്തിയാൽ നിങ്ങളുടെ സാമ്പത്തിക റെക്കോർഡ് പൂർണമായും സുരക്ഷിതമായിരിക്കും. അതിനാൽ, നിങ്ങളുടെ സാമ്പത്തിക സൗകര്യവും കയ്യിലുള്ള പണത്തിന്‍റെ ലഭ്യതയും അനുസരിച്ച് ഇതിൽ ഏത് രീതി വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.

വൈകിയുള്ള തിരിച്ചടവ് സിബിൽ സ്കോറിനെ ബാധിക്കും

അവസാന തിയതി വരെ കാത്തിരിക്കുന്നത് കൊണ്ട് പ്രശ്നമില്ല. എന്നാൽ അശ്രദ്ധ മൂലം ഈ സമയപരിധി കഴിഞ്ഞുപോയാൽ കാര്യങ്ങൾ കുഴപ്പത്തിലാകും. ബാങ്ക് നൽകിയിട്ടുള്ള സമയപരിധിക്ക് ശേഷം തിരിച്ചടവ് നടത്തുന്നത് 'ലേറ്റ് പേയ്മെന്‍റ്' ആയിട്ടാണ് കണക്കാക്കുന്നത്. ഇത് നിങ്ങളുടെ സമ്പൂർണ ക്രെഡിറ്റ് ഹിസ്റ്ററിയെപ്പോലും തകർത്തേക്കും. സിബിൽ സ്കോർ ഒരിക്കൽ താഴ്ന്നുപോയാൽ, ഭാവിയിൽ ഭവന വായ്പയോ കാർ വായ്പയോ പുതിയ ക്രെഡിറ്റ് കാർഡോ ലഭിക്കുന്നതിന് വരെ തടസമാകും. അതുകൊണ്ട്, കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കുന്നതിനായിരിക്കണം മുൻഗണന.

'മിനിമം ഡ്യൂ' അടയ്ക്കുന്നവരാണോ? ഇതൊരു കെണിയാണ്

ക്രെഡിറ്റ് കാർഡ് ബില്ലിംഗ് സ്റ്റേറ്റ്‌മെന്റുകളിൽ എപ്പോഴും രണ്ട് തരം തുകകൾ കാണാം: ആകെ അടയ്ക്കാനുള്ള തുകയും (Total Outstanding) മിനിമം തുകയും (Minimum Due). മിനിമം തുക മാത്രം അടച്ചാൽ ബാങ്ക് പിഴകളിൽ നിന്ന് ഒഴിവാകാം എന്ന് പലരും കരുതുന്നു. എന്നാൽ ഇതൊരു വലിയ കെണിയാണ്. മിനിമം തുക മാത്രം അടച്ച് ബാക്കിയാകുന്ന തുക അടുത്ത മാസത്തേക്ക് മാറുകയും ഇതിന് ബാങ്കുകൾ ഉയർന്ന പലിശ ഈടാക്കുകയും ചെയ്യും. ഈ ശീലം നിങ്ങളെ പതുക്കെ വലിയ കടക്കെണിയിലേക്ക് തള്ളിവിടുകയും അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാൽ എപ്പോഴും മുഴുവൻ ബിൽ തുകയും അടയ്ക്കുക.

ക്രെഡിറ്റ് കാർഡ് പരിധിയുടെ 30% മാത്രം ഉപയോഗിക്കുക

നല്ലൊരു ക്രെഡിറ്റ് സ്കോർ നിലനിർത്താൻ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധിയുടെ എത്ര ശതമാനം ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കാർഡിന്റെ ആകെ പരിധിയുടെ 30 ശതമാനം വരെ മാത്രം ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. പരിധി മുഴുവൻ ചെലവഴിക്കുന്നത്, നിങ്ങൾ വായ്പകളെ അമിതമായി ആശ്രയിക്കുന്ന ആളാണെന്ന ധാരണ ബാങ്കുകൾക്ക് നൽകും. കൂടാതെ, ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളെ നേരിടാൻ ക്രെഡിറ്റ് കാർഡുകളെ മാത്രം ആശ്രയിക്കുന്നത് ബുദ്ധിയല്ല. കുറഞ്ഞത് അടുത്ത ആറു മാസത്തെ ചെലവുകൾക്ക് ആവശ്യമായ ഒരു 'എമർജൻസി ഫണ്ട്' നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എപ്പോഴും കരുതേണ്ടതുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News