ജിം ട്രെയിനറുമായുള്ള ബന്ധം എതിർത്തു; ഭർത്താവിനെ വീട്ടിൽക്കയറി വധിക്കാൻ ശ്രമിച്ചു ഭാര്യയും പരിശീലകനും പിടിയിൽ!
പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 26ന് രാവിലെ ജിമ്മിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പ്രിയ വീട്ടിൽനിന്നിറങ്ങി
ന്യൂഡൽഹി: ജിമ്മിൽവെച്ച് പരിചയപ്പെട്ട ജിം ട്രെയിനറും ബന്ധം ഭർത്താവ് എതിർത്തതോടെ കൊലപാതകത്തിന് പദ്ധതിയിട്ടെന്ന് ആരോപണം. ഡൽഹിയിൽ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭാര്യയെയും ജിം പരിശീലകനും പൊലീസ് അറസ്റ്റ് ചെയ്തു. വസുന്ധര സെക്ടർ ഒന്നിൽ താമസിക്കുന്ന ശശാങ്ക് കാന്താരിയയെ ആക്രമിച്ച കേസിലാണ് ഭാര്യ പ്രിയ ശർമയും ജിം ട്രെയിനറായ പ്രതാപ് സിങ്ങും പിടിയിലായത്.
ഒക്ടോബർ 26ന് രാവിലെയാണ് വസുന്ധര ജാഗൃതി റെസിഡന്റ് സൊസൈറ്റിയിലെ വീട്ടിൽ അതിക്രമിച്ചുകയറി പ്രതാപ് ശശാങ്കിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. പ്രിയയും പ്രതാപും തമ്മിലുള്ള ബന്ധത്തെ ശശാങ്ക് എതിർത്തതിനെ തുടർന്നാണ് ഇരുവരും ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
ഡൽഹിയിൽ അക്കൗണ്ടന്റുമാരായി ജോലി ചെയ്യുന്ന ശശാങ്കും പ്രിയയും നാലുവർഷം മുമ്പാണ് വിവാഹിതരായത്. പ്രിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. എട്ടുമാസം മുമ്പ് പ്രിയ 'ഫിറ്റ്നെസ് ഹെഡ്ക്വാർട്ടേഴ്സ്' എന്ന ജിമ്മിൽ ചേർന്നതോടെയാണ് പരിശീലകനായ പ്രതാപുമായി പരിചയത്തിലായത്. പിന്നീട് ഇരുവരും വാട്സാപ്പിലൂടെ സംസാരിക്കുകയും സൗഹൃദം പ്രണയത്തിലേക്ക് മാറുകയുമായിരുന്നു.
പ്രതാപ് വീട്ടിലെത്തുന്നതും പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചില ദിവസങ്ങളിൽ അസുഖമാണെന്ന് പറഞ്ഞ് പ്രിയ ജോലിക്ക് പോകാതെ വീട്ടിൽ തങ്ങും. ഈ ദിവസങ്ങളിൽ ശശാങ്ക് ജോലിക്ക് പോയതിനുശേഷം പ്രതാപ് വീട്ടിലെത്തിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഭാര്യയും പ്രതാപും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ ശശാങ്ക് ഇതിനെ എതിർത്തു. തുടർന്ന് പ്രദേശത്തുനിന്ന് താമസം മാറാനും തീരുമാനിച്ചു. ദീപാവലിക്ക് ശേഷം പുതിയ സ്ഥലത്തേക്ക് മാറാനായിരുന്നു ദമ്പതികളുടെ പദ്ധതി. ഇതോടെയാണ് ശശാങ്കിനെ ഒഴിവാക്കാൻ ഇരുവരും തീരുമാനിച്ചതെന്നാണ് പൊലീസ് ആരോപണം.
ഒക്ടോബർ 25ന് പ്രഭാതസവാരിക്കിടെ കണ്ടുമുട്ടിയ പ്രതികൾ അടുത്ത ദിവസം ആക്രമണം നടത്താൻ തീരുമാനിച്ചു. ഭർത്താവിനെ കത്തി ഉപയോഗിച്ച് ആക്രമിക്കണമെന്ന് നിർദേശിച്ചത് പ്രിയയാണെന്നും പൊലീസ് പറയുന്നു. അന്ന് രാത്രി വാട്സാപ്പിലൂടെയും ഇരുവരും പദ്ധതി ചർച്ച ചെയ്തു.
പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 26ന് രാവിലെ ജിമ്മിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പ്രിയ വീട്ടിൽനിന്നിറങ്ങി. വാതിലും ഗേറ്റും അടയ്ക്കാതെയാണ് പുറത്തുപോയത്. ഈ സമയം കത്തിയുമായി കാത്തുനിന്ന പ്രതാപ് വീട്ടിൽ അതിക്രമിച്ചുകയറി ശശാങ്കിനെ നിരവധി തവണ കുത്തുകയായിരുന്നു. ശശാങ്കിന്റെ നിലവിളി കേട്ടതോടെ പ്രതാപ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
തുടർന്ന് അയൽക്കാരും പൊലീസും ചേർന്നാണ് ശശാങ്കിനെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് ഉപയോഗിച്ച കത്തി പ്രതികളിൽനിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വധശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.