തുടക്കം പാളി; ഉപതെരഞ്ഞടുപ്പിലെ മൂന്ന് സ്ഥാനാർഥികൾക്കെതിരെ ക്രിമിനൽ കേസുകൾ; വിമർശനമേറ്റ് പ്രശാന്ത് കിഷോർ

'ക്ലീൻ ഇമേജുള്ള' വ്യക്തികൾക്കെ മത്സരിക്കാനുള്ള ടിക്കറ്റ് കൊടുക്കൂവെന്നായിരുന്നു പ്രശാന്ത് കിഷോർ തുടക്കം മുതലെ പറഞ്ഞിരുന്നത്‌

Update: 2024-11-03 07:59 GMT

പറ്റ്‌ന: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ കുപ്പായം അഴിച്ചുവെച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ പ്രശാന്ത് കിഷോറിന്റെ തുടക്കം തന്നെ പാളി. ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജന്‍ സൂരജ് പാര്‍ട്ടിയുടെ(ജെഎസ്പി) സ്ഥാനാർഥികളായി നിർത്തിയ നാലില്‍ മൂന്നുപേർക്കെതിരെയും ക്രിമിനൽ കേസുകള്‍. 

'ക്ലീൻ ഇമേജുള്ള' വ്യക്തികൾക്കെ ടിക്കറ്റ് കൊടുക്കൂവെന്ന പ്രശാന്തിന്റെ വാഗ്ദാനം ആണ് ആദ്യം തന്നെ പൊളിഞ്ഞത്. നവംബർ 13നാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്. തരാരി, രാംഗഡ്, ബെലഗഞ്ച്, ഇമാംഗഞ്ച് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഇവിടങ്ങളില്‍ നിന്നുള്ള എംഎല്‍എമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Advertising
Advertising

ജെഎസ്പിയുടെ ബെലഗഞ്ച് സ്ഥാനാർത്ഥി മുഹമ്മദ് അംജദിന്റെ പേരില്‍ അഞ്ച് എഫ്ഐആറുകളാണുള്ളത്. ഒരു കേസിൽ കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്.1995 നും 2022 നും ഇടയിലാണ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010ല്‍ ജെഡിയു ടിക്കറ്റില്‍ മത്സരിച്ച് തോറ്റയാളാണ് അംജദ്. ഏറ്റവും ശ്രദ്ധേയമായ കാര്യം ജെഎസ്പി ബെലഗഞ്ചിലേക്ക് ആദ്യം കണ്ടെത്തിയത് അംജദിനെയായിരുന്നില്ല. 

വിദ്യാഭ്യാസ രംഗത്ത് മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള മുഹമ്മദ് ഖിലാഫത്തിനെയായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. അംജദ് ഇയാളെ പിന്തുണക്കുകയും ചെയ്തു. ഒടുവില്‍ തന്റെ അനുയായികളുടെ സമ്മര്‍ദമുണ്ടെന്ന് വ്യക്തമാക്കി സീറ്റ് ചോദിച്ചുവാങ്ങുകയായിരുന്നു.

ഇമാംഗഞ്ച് മണ്ഡലത്തിലെ ജിതേന്ദ്ര പാസ്വാനാണ് ക്രിമിനല്‍ കേസ് നേരിടുന്ന രണ്ടാമത്തെ സ്ഥാനാര്‍ഥി. വഞ്ചനാകുറ്റം, ഭൂമിയിടപാടുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് എന്നിവയാണ് ജിതേന്ദ്ര പാസ്വാന്‍ നേരിടുന്നത്. 2022നും 2023നും ഇടയിൽ ഫയൽ ചെയ്ത കേസുകള്‍ ഇപ്പോഴും തീര്‍പ്പാക്കിയിട്ടില്ല. രാംഗഢ് മണ്ഡലത്തിലെ സുശീൽ കുമാർ സിങ് മൂന്നാമത്തെ സ്ഥാനാര്‍ഥി. വധശ്രമം, പൊതു സമാധാന ലംഘനം എന്നീ കേസുകളാണ് സുശീൽ കുമാർ സിങ് നേരിടുന്നത്.

അതേസമയം മൂന്ന് സ്ഥാനാർത്ഥികളിൽ ആർക്കും കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റങ്ങളൊന്നുമില്ലെന്നാണ് ജെഎസ്പി വക്താവ് സദഫ് ഇഖ്ബാൽ വ്യക്തമാക്കുന്നത്. 'എല്ലാ സ്ഥാനാർത്ഥികളുടെയും പശ്ചാത്തലം ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു. ഇവർക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് മനസിലായത്'- അദ്ദേഹം പറഞ്ഞു. അതേസമയം പ്രശാന്ത് കിഷോറിന്റെ വാഗ്ദാനങ്ങളൊക്കെ പൊള്ളയാണെന്നും തുടക്കം തന്നെ പാളിയെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News