ബ്ലാസ്റ്റേഴ്സിൽ ആറാം വിദേശ താരം; എത്തുന്നത് ക്രൊയേഷ്യൻ ടീമിലും ചാമ്പ്യൻസ് ലീഗിലും കളിച്ച താരം

ക്രൊയേഷ്യയിലെ ഏറ്റവും പ്രധാന ഡിവിഷനിൽ 150ഓളം മത്സരങ്ങൾ കളിച്ച് പരിചയമുള്ള താരമാണ്

Update: 2021-09-14 15:54 GMT

ഐ.എസ്.എൽ പുതിയ സീസണായി കേരളാ ബ്ലാസ്റ്റേഴ്സിൽ ആറാം വിദേശ താരവുമെത്തുന്നു. എത്തുന്നത് ചില്ലറക്കാരനല്ല, ക്രൊയേഷ്യൻ ദേശീയ ടീമിലും ചാമ്പ്യൻസ് ലീഗിലും കളിച്ച ഡിഫൻഡർ മാർക്കോ ലെസ്‌കോവിച്ചാണ്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആറാമത്തെ വിദേശതാരമായി ഈ ക്രൊയേഷ്യക്കാരൻ എത്തുന്ന വിവരം ഐ.എഫ്.ടി.ഡബ്ല്യൂ.സി വെബ്സൈറ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർക്കോ ലെസ്‌കോവിച്ചിന്റെ നിബന്ധനകൾ കേരള ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചതായി റിപ്പോർട്ട് പറയുന്നു.

ഡൈനാമോ സാഗ്രെബ് ഡിഫൻഡറായിരുന്ന മാർക്കോ ക്രൊയേഷ്യയിലെ ഏറ്റവും പ്രധാന ഡിവിഷനിൽ 150ഓളം മത്സരങ്ങൾ കളിച്ച് പരിചയമുള്ള താരമാണ്. ഡൈനാമോ സാഗ്രെബ്‌സിൽ 2016 ൽ നീണ്ട അഞ്ചു വർഷത്തെ കരാറിൽ ഏർപ്പെട്ട ഈ മുപ്പതുകാരൻ കഴിഞ്ഞ സീസണിൽ എൻ.കെ ലോക്കോമോട്ടീവായിലാണ് പന്തുതട്ടിയത്.

Advertising
Advertising

ഇടംകാലൻ സെന്റർബാക്കായ മാർക്കോ ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കും. 2014 അർജന്റീനയ്ക്കെതിരെയാണ് ഇദ്ദേഹത്തിന്റെ ക്രൊയേഷ്യൻ ദേശീയ ടീം അരങ്ങേറ്റം. അവസാനമായി ദേശീയ ടീമിൽ എസ്റ്റോണിയയ്ക്കെതിരെ കളിച്ച മത്സരത്തിൽ 3-0 ത്തിന്റെ തോൽവിയായിരുന്നു ഫലം.

അവസാന വിദേശതാരത്തെ കണ്ടെത്തുന്നതിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടനവധി താരങ്ങളെ പരിശോധിച്ചിരുന്നു. അർജന്റീന ഡിഫൻഡർ മൗറോ ഡോസ് സാന്റോസ് അടക്കമുള്ള താരങ്ങൾ ടീമിലേക്ക് വരാൻ സാധ്യത ഉണ്ടായിരുന്നു. എന്നാൽ മാർക്കോയുടെ ബഹുമുഖപ്രതിഭയും പരിചയസമ്പത്തും ടീമിലേക്ക് വഴി തുറക്കുകയായിരുന്നു.

അൽവാരോ വസ്‌ക്വസ്, എനസ് സിപോവിച്, ചെഞ്ചോ ഗിൽറ്റ്ഷെൻ, ജോർജെ പെരേര ഡയാസ്, അഡ്രിയാൻ ലൂണാ എന്നിവരാണ് നിലവിൽ മഞ്ഞക്കുപ്പായമണിഞ്ഞ വിദേശ കരുത്തന്മാർ.

എനസ് സിപോവിച് പ്രതിരോധ നിരയിൽ തന്നെ കളിക്കുന്ന വിദേശതാരമാണ്. അബ്ദുൽ ഹഖ്, ജെസ്സെൽ കാർനെറോ, നിഷു കുമാർ, ധൻചന്ദ്ര എം, സന്ദീപ് സിംഗ് തുടങ്ങിയവർ പ്രതിരോധത്തിലെ ഇന്ത്യൻ താരങ്ങളാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News