ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച് ബിപോർജോയ്; വ്യാപക നാശനഷ്ടം

ഇന്നലെ രാത്രിയോടെ കരതൊട്ട ചുഴലിക്കാറ്റിൽ ദ്വാരക, കച്ച്, സൗരാഷ്ട്ര മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി.

Update: 2023-06-16 01:00 GMT

ഡല്‍ഹി: ഗുജറാത്ത് തീരത്ത് കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. ഇന്നലെ രാത്രിയോടെ കരതൊട്ട ചുഴലിക്കാറ്റിൽ ദ്വാരക, കച്ച്, സൗരാഷ്ട്ര മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. പലയിടത്തും വൈദ്യുതിബന്ധം തകര്‍ന്നു. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ദുര്‍ബലമാകും.

മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പോർബന്ദർ, ദ്വാരക, കച്ച്, മോർബി ജില്ലകളിൽ ആണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ഒന്നേകാൽ ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. ശക്തമായ മഴയാണ് ഗുജറാത്തിൻ്റെ തീര പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും ലഭിക്കുന്നത്. 9 ജില്ലകളിലെ നൂറോളം ഗ്രാമങ്ങളിലായി ചുഴലിക്കാറ്റ് നാശം വിതച്ചു.

Advertising
Advertising

ദേശീയ - സംസ്ഥാന ദുരന്ത നിവാരണ സേനകൾ രക്ഷാപ്രവർത്തനത്തിന് സജ്ജമായിട്ടുണ്ട്. ഇന്നുച്ചയോടെ കേവല ചുഴലിക്കാറ്റായി മാറുന്ന ബിപോർജോയ് അർദ്ധരാത്രിയോടെ ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. നിലവിൽ ഒരുക്കിയിട്ടുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും ഗുജറാത്ത് സർക്കാർ ആലോചിക്കുന്നുണ്ട്. കര വ്യോമ നാവികസേനാ വിഭാഗങ്ങളും അവശ്യ ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇറങ്ങാൻ ഗുജറാത്തിൽ സജ്ജമാണ്. ചുഴലിക്കാറ്റ് കരതൊട്ടപ്പോഴുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇന്നു മുതൽ കണക്കെടുപ്പ് ആരംഭിക്കും. ചുഴലിക്കാറ്റ് കര തൊട്ടതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പുറമെ പാകിസ്താനും അതീവ ജാഗ്രതയിലാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News