ഡൽഹിയില്‍ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്ന സംഭവം; പൊലീസ് പ്രതികള്‍ക്ക് കൂട്ടുനിന്നെന്ന് കുടുംബം

പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം തങ്ങളെ ബന്ദിയാക്കിവെച്ചെന്നും മാതാപിതാക്കള്‍ ആരോപിച്ചു

Update: 2021-08-04 05:36 GMT
Advertising

ഡൽഹിയില്‍ ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. തെളിവ് നശിപ്പിക്കാൻ പൊലീസ് കൂട്ടുനിന്നെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിൽ പൊലീസ് പ്രതികൾക്കൊപ്പം നിന്നു. ദഹിപ്പിക്കവെ വെള്ളമൊഴിക്കാൻ ശ്രമിച്ച പ്രദേശവാസികളെ തടഞ്ഞു. മണിക്കൂറുകളോളം പൊലീസ് തങ്ങളെ സ്റ്റേഷനിൽ ബന്ദിയാക്കിവെച്ചെന്നും മാതാപിതാക്കള്‍ ആരോപിച്ചു. പൊലീസിന് മുന്നിലിട്ട് പിതാവിനെ പ്രതികളുടെ ആളുകൾ മർദിച്ചെന്നും മാതാവ് മീഡിയവണിനോട് പറഞ്ഞു.

ഡൽഹി നങ്കലിലാണ് ഒന്‍പത് വയസ്സുള്ള ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. സംഭവത്തിൽ പുരോഹിതന്‍ രാധേശ്യാം ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. പെണ്‍കുട്ടിയുടെ മരണത്തില്‍ വ്യാപക പ്രതിഷേധമാണ് രാജ്യ തലസ്ഥാനത്തുണ്ടായത്. 

നങ്കലിലെ ശ്​മശാനത്തോട്​ ചേർന്ന് വാടക വീട്ടിലാണ്​ കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്. ഓടിക്കളിച്ച്​ തളർന്നപ്പോൾ വെള്ളം കുടിക്കാന്‍ ശ്​മശാനത്തിലെ കൂളര്‍ തേടി വന്നതായിരുന്നു പെണ്‍കുട്ടി​​. വെള്ളം കുടിക്കാൻ പോയ മകളെ കാണാതായതോടെ അമ്മ തിരക്കിയിറങ്ങി. പിന്നാലെ പുരോഹിതനും കൂട്ടരും കുട്ടിയുടെ മൃതദേഹം അമ്മയെ കാണിച്ചു. കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പുരോഹിതനും സംഘവും അമ്മയെ അറിയിച്ചത്.

പൊലീസിനെ വിവരമറിയിച്ചാൽ അവർ മൃതദേഹം പോസ്റ്റ്​മോർട്ടത്തിന്​ അയക്കുമെന്നും അവയവങ്ങൾ മോഷ്ടിക്കുമെന്നും പുരോഹിതൻ അമ്മയോട്​ പറഞ്ഞു. സമ്മർദം ചെലുത്തി മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റ പാടുണ്ടായിരുന്നു. കുട്ടിയുടെ ചുണ്ട്​ നീല നിറമായി മാറിയിരുന്നു. ഇക്കാര്യം അയല്‍വാസികളോട് പറഞ്ഞതോടെയാണ് കുട്ടിയെ ശ്​മശാനത്തിൽ വെച്ച് ബലാത്സംഗം ചെയ്​ത ശേഷം​ കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തറിഞ്ഞത്​. ഇതിനു പിന്നാലെ നാട്ടുകാര്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

സംഭവത്തില്‍ ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹാഥ്റസിനെ ഓര്‍മിപ്പിക്കുന്ന സംഭവമാണ് നങ്കലില്‍ നടന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞ കൊലയാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പോക്​സോ, എസ്​.സി/എസ്​.ടി നിയമങ്ങൾ പ്രകാരമാണ്​ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News