വയൽ നനയ്ക്കുന്നതിനെ ചൊല്ലി തർക്കം; മധ്യപ്രദേശിൽ ദലിത് യുവാവിനെ അടിച്ച് കൊലപ്പെടുത്തി

നാരദ് മരിച്ചു എന്നുറപ്പ് വരുത്തിയതിന് ശേഷമാണ് പ്രതികൾ മർദനം നിർത്തിയതെന്ന് ദൃക്‌സാക്ഷികൾ

Update: 2024-11-27 11:26 GMT

ഭോപ്പാൽ: വയൽ നനയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മധ്യപ്രദേശിൽ ദലിത് യുവാവിനെ ഗ്രാമമുഖ്യനും ബന്ധുക്കളും ചേർന്ന് അടിച്ച് കൊലപ്പെടുത്തി. ശിവ്പുരി ജില്ലയിലെ ഇന്ദർഗഡ് ഗ്രാമത്തിൽ ചൊവ്വാഴ്ച ആയിരുന്നു സംഭവം. നാരദ് ജാദവ് (28) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗ്വാളിയാർ സ്വദേശിയാണ് നാരദ്. ഇന്ദർഗഢിലുള്ള മാതൃസഹോദരന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയതിന് പിന്നാലെ ഗ്രാമമുഖ്യൻ പദം സിങ് ധാക്കഡുമായി വഴക്കുണ്ടാവുകയും കൊല്ലപ്പെടുകയുമായിരുന്നു. വയൽ നനയ്ക്കുന്നതുമായി ബന്ധപ്പെട്ട് പദം സിങ് ധാക്കഡുമായി നാരദിന്റെ കുടുംബത്തിന് നേരത്തേ തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നതായാണ് വിവരം.

Advertising
Advertising

വയലിലേക്ക് വെള്ളമെടുക്കുന്നതിനുള്ള കുഴൽക്കിണർ നാരദ് മൂടിയെന്നാണ് ധാക്കഡ് കുടുംബം പറയുന്നത്. പദം സിങും നാരദിന്റെ അമ്മാവൻമാരും ചേർന്ന് നിർമിച്ചതാണ് ഈ കുഴൽക്കിണർ. ഇതിൽ നിന്ന് നാരദിന്റെ കുടുംബം വെള്ളമെടുക്കുന്നത് തടയാൻ ഇവരുടെ വയലിൽ കൂടി മറ്റൊരു പൈപ്പ് നിർമിച്ചുവെന്നും ഇതാണ് നാരദിനെ ചൊടിപ്പിച്ചതെന്നും ജാദവ് കുടുംബം പറയുന്നു.

തുടർന്ന് ചൊവ്വാഴ്ച നാരദ് വയൽ നനയ്ക്കുന്നതിനിടെ ഇത് തടഞ്ഞ് ധാക്കഡ് കുടുംബമെത്തി. വാക്കുതർക്കം മൂത്ത്, പ്രകോപിതരായ പദം സിങ്ങും സഹോദരനും മകനും ചേർന്ന് നാരദിനെ അടിച്ചു കൊല്ലുകയായിരുന്നു. നാരദ് മരിച്ചു എന്നുറപ്പ് വരുത്തിയതിന് ശേഷമാണ് മൂവരും മർദനം നിർത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ നാരദിനെ പദം സിങ്ങും കൂട്ടരും തല്ലിച്ചതയ്ക്കുന്നതും നാരദ് സഹായത്തിന് അഭ്യർഥിക്കുന്നതുമൊക്കെ കാണാം.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് നാരദിന്റെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കൊലപാതകക്കുറ്റത്തിന് പദം സിങ്ങിനും കണ്ടാലറിയാവുന്ന എട്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. 

സംഭവത്തിൽ കോൺഗ്രസടക്കം പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. അംബേദ്കറുടെ വാക്കുകൾ ഒരുവശത്ത് കൊട്ടിഘോഷിക്കപ്പെടുമ്പോൾ മറുവശത്ത് ബിജെപി ഭരണത്തിന് കീഴിൽ ദലിതരോടുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി വിദേശത്ത് അവധി ആഘോഷിക്കുന്ന സമയം ഇവിടെ അദ്ദേഹത്തിന്റെ തണലിൽ മാഫിയ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News