'കയ്യില്‍ പൂപ്പല്‍, ദുര്‍ഗന്ധമുള്ള വസ്ത്രം, ജയിലില്‍ ജീവിക്കാന്‍ വയ്യ; എനിക്കല്‍പ്പം വിഷം തരൂ': കോടതിയോട് നടൻ ദര്‍ശന്‍
കഴിഞ്ഞ മാസം ദര്‍ശന്‍റെ ജാമ്യം സുപ്രിം കോടതി റദ്ദാക്കിയിരുന്നു
ബംഗളൂരു: ജീവിക്കാൻ വയ്യെന്നും അൽപം വിഷം തരണമെന്നും കോടതിയോട് ആവശ്യപ്പെട്ട് കന്നഡ സൂപ്പര്‍താരം ദര്‍ശൻ തുഗുദീപ. വീഡിയോ കോൺഫറൻസിലൂടെ രേണുകസ്വാമി കൊലപാതക കേസിന്‍റെ പ്രതിമാസ വാദം കേൾക്കുന്നതിനിടെയാണ് ജയിലിൽ കഴിയുന്ന ദര്‍ശന്‍റെ അഭ്യര്‍ഥന.
താൻ കുറേ ദിവസമായി സൂര്യപ്രകാശം കണ്ടിട്ടില്ലെന്നും, കൈകളിൽ ഫംഗസ് ബാധിച്ചിട്ടുണ്ടെന്നും വസ്ത്രങ്ങളിൽ ദുർഗന്ധം വമിക്കുന്നുണ്ടെന്നും ദർശൻ ജഡ്ജിയോട് പറഞ്ഞു. "ഇനി എനിക്ക് ഇങ്ങനെ ജീവിക്കാൻ കഴിയില്ല. ദയവായി, എനിക്ക് അൽപം വിഷം തരൂ. ഇവിടുത്തെ ജീവിതം ദുസ്സഹമായി മാറിയിരിക്കുന്നു'' എന്നാണ് 64-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയോട് പറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തനിക്ക് അതിജീവിക്കാൻ കഴിയില്ലെന്ന് താരം കൂട്ടിച്ചേർത്തു. "ദയവായി എനിക്ക് വിഷം എങ്കിലും തരൂ. ഇതുപോലെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല," അദ്ദേഹം പറഞ്ഞു."ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. അത് സാധ്യമല്ല" എന്നായിരുന്നു ജഡ്ജിയുടെ മറുപടി.
കഴിഞ്ഞ മാസം ദര്‍ശന്‍റെ ജാമ്യം സുപ്രിം കോടതി റദ്ദാക്കിയിരുന്നു. ജാമ്യം നൽകിയതിനെതിരെ കര്‍ണാടക സർക്കാർ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക ഹൈക്കോടതിയുടെ മുൻ വിധി റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
ജാമ്യം നൽകുന്നത് വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും ജസ്റ്റിസ് മഹാദേവൻ ചൂണ്ടിക്കാട്ടി. പ്രതി എത്ര വലിയവനായാലും അയാൾ നിയമത്തിന് അതീതനല്ല എന്ന സന്ദേശമാണ് ഇത് നൽകുന്നതെന്ന് ജസ്റ്റിസ് പർദിവാല വാദം കേൾക്കുന്നതിനിടെ അഭിപ്രായപ്പെട്ടിരുന്നു.
രേണുകസ്വാമി കൊലപാതകക്കേസിൽ 2024 ജൂണിലാണ് ദര്‍ശനെ അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 30 ന് ജാമ്യത്തിൽ വിടുകയും ചെയ്തു. . ജാമ്യത്തിലിറങ്ങിയ പ്രതി കൊലക്കേസിലെ മുഖ്യസാക്ഷിക്കൊപ്പം തിയറ്ററിൽ സിനിമ കണ്ടത് വിവാദമായിരുന്നു. ബെംഗളൂരുവിലെ ഒരു മാളില്‍ സിനിമ കാണാനായി എത്തിയ നടനെ ആരാധകര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് സ്വീകരിച്ചത്.
ചിത്രദുർഗയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ദര്‍ശന്‍റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ചാണ് ദർശൻ്റെ നിർദേശപ്രകാരം ജൂൺ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. ദർശന് ആക്രമണത്തിൽ നേരിട്ട് പങ്കുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.