'സൗന്ദര്യയുടെ മരണം കൊലപാതകം'; നടൻ മോഹൻ ബാബുവിനെതിരെ പരാതി

മോഹൻ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തർക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതി.

Update: 2025-03-12 14:31 GMT

ഹൈദരാബാദ്: തെന്നിന്ത്യൻ നടി സൗന്ദര്യയുടെ മരണത്തിൽ നടൻ മോഹൻ ബാബുവിനെതിരെ ആരോപണം. സൗന്ദര്യയുടേത് അപകട മരണമല്ലെന്നും കൊലപാതകമായിരുന്നു എന്നുമാണ് പരാതി. സൗന്ദര്യ മരിച്ച് 21 വർഷമാവുമ്പോഴാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

നടിയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ചിട്ടിമല്ലു എന്നയാൾ ആന്ധ്രയിലെ ഖമ്മം എസിപിക്കും ജില്ലാ കലക്ടർക്കും പരാതി നൽകി. മോഹൻ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തർക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ചിട്ടിമല്ലുവിന്റെ പരാതി.

2004 ഏപ്രിൽ 17നായിരുന്നു സൗന്ദര്യ വിമാനാപകടത്തിൽ മരിക്കുന്നത്. ബെം​ഗളൂരുവിൽനിന്ന് ഹൈദരാബാദിലെ കരിംന​ഗറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ചെറുവിമാനം അപകടത്തിൽപ്പെട്ടത്.

Advertising
Advertising

സൗന്ദര്യയും സഹോദരനും പ്രാദേശിക ബിജെപി നേതാവുമുൾപ്പെടെ നാലു പേരാണ് അപകടത്തിൽ മരിച്ചത്. ബിജെപിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകവെയായിരുന്നു വിമാനം അപകടത്തിൽപ്പെട്ടത്. ഇതുവരെ സ്വാഭാവിക വിമാനാപകടം എന്ന് വിശ്വസിച്ചുപോന്ന സംഭവത്തിലാണ് ഇപ്പോൾ കൊലപാതകമെന്ന ആരോപണം ഉയരുന്നത്.

സൗന്ദര്യക്കും സഹോദരനും ആന്ധ്രാപ്രദേശിൽ ആറേക്കർ ഭൂമിയുണ്ടായിരുന്നു. ഇത് തട്ടിയെടുക്കാൻ മോഹൻബാബു ശ്രമിച്ചെന്നും എന്നാൽ ഇരുവരും ഇത് വിട്ടുനൽകാൻ തയാറായില്ലെന്നും ഇതാണ് മരണത്തിനു പിന്നിലെന്നുമാണ് പരാതി. ഇരുവരുടെയും മരണശേഷം മോഹൻബാബു ഈ ഭൂമി എഴുതിവാങ്ങിയതായും ഇത് തിരിച്ചെടുത്ത് പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.

കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട സൗന്ദര്യ ജയറാമിനൊപ്പം യാത്രക്കാരുടെ ശ്രദ്ധയ്ക്ക് (2002), മോഹൻലാലിനും ശ്രീനിവാസനുമൊപ്പം കിളിച്ചുണ്ടൻ മാമ്പഴം (2003) എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News