'ഞാന്‍ ദേശവിരുദ്ധനല്ല, മോദിജി നയങ്ങള്‍ മാറ്റണം': യു.പിയില്‍ കടക്കെണിയിലായ വ്യാപാരി ഫേസ് ബുക്ക് ലൈവില്‍ ആത്മഹത്യക്ക് ശ്രമിച്ചു

"ഞാൻ ദേശവിരുദ്ധനല്ല. മോദിജിയോട് പറയാനുള്ളത് ഇതാണ്- നിങ്ങൾ ചെറുകിട വ്യാപാരികളുടെയും കർഷകരുടെയും അഭ്യുദയകാംക്ഷിയല്ല"

Update: 2022-02-09 10:41 GMT

ഉത്തര്‍പ്രദേശില്‍ കടക്കെണിയിലായ വ്യാപാരി ഫേസ് ബുക്ക് ലൈവില്‍ ആത്മഹത്യക്ക് ശ്രമിച്ചു. രാജീവ് തോമര്‍ എന്ന ഷൂ വ്യാപാരി ഭാര്യയോടൊപ്പമാണ് വിഷം കഴിച്ചത്. ഭാര്യ മരിച്ചു. രാജീവ് തോമര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

"എനിക്ക് സംസാരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ കരുതുന്നു. കടങ്ങൾ ഞാൻ വീട്ടും. മരിച്ചാലും ഞാൻ വീട്ടും. ഈ വീഡിയോ പരമാവധി ഷെയർ ചെയ്യണമെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ഞാൻ ദേശവിരുദ്ധനല്ല. എനിക്ക് ഈ രാജ്യത്തില്‍ വിശ്വാസമുണ്ട്. എന്നാൽ മോദിജിയോട് (പ്രധാനമന്ത്രി നരേന്ദ്ര മോദി) എനിക്ക് പറയാനുള്ളത് ഇതാണ്- നിങ്ങൾ ചെറുകിട വ്യാപാരികളുടെയും കർഷകരുടെയും അഭ്യുദയകാംക്ഷിയല്ല. നിങ്ങളുടെ നയങ്ങൾ മാറ്റൂ"- രാജീവ് തോമർ ഫേസ് ബുക്ക് ലൈവില്‍ കണ്ണീരോടെ പറഞ്ഞു.

Advertising
Advertising

40 വയസ്സുള്ള രാജീവ് തോമര്‍ യു.പിയിലെ ബാഗ്പത്തിലെ ഷൂ വ്യാപാരിയാണ്. തോമര്‍ വിഷം കഴിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്‍റെ ഭാര്യ പൂനം ശ്രമിക്കുന്നത് ഫേസ് ബുക്ക് ലൈവില്‍ കാണാം. ഫേസ് ബുക്ക് ലൈവ് കണ്ട തോമറിന്‍റെ പരിചയക്കാര്‍ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. 38കാരിയായ പൂനം തോമർ ആശുപത്രിയില്‍ വെച്ച് മരിച്ചു. രാജീവ് തോമര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ദുഃഖം രേഖപ്പെടുത്തി. "ബാഗ്പത്തിൽ ഒരു വ്യവസായിയുടെയും ഭാര്യയുടെയും ആത്മഹത്യാശ്രമത്തെ കുറിച്ചും ഭാര്യയുടെ മരണത്തെ കുറിച്ചും അറിഞ്ഞു. അഗാധമായ ദുഃഖമുണ്ട്. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. രാജീവ് ജി ഉടൻ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു"- പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ചെറുകിട കച്ചവടക്കാരും വ്യാപാരികളും ദുരിതത്തിലാണെന്ന് യു.പിയിലെ കോണ്‍ഗ്രസ് പ്രകടന പത്രിക പ്രകാശിപ്പിക്കുന്നതിനിടെ പ്രിയങ്ക ഗാന്ധി പറഞ്ഞു. നോട്ട് നിരോധനവും ജിഎസ്ടിയും ലോക്ക്ഡൗണും അവരെ വല്ലാതെ ബാധിച്ചെന്നും പ്രിയങ്ക വിശദീകരിച്ചു.

രണ്ടു കുട്ടികളുടെ പിതാവായ രാജീവ് തോമർ കുറച്ചുകാലമായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആത്മഹത്യാശ്രമത്തിന് ഒരു ദിവസം മുന്‍പ് തോമർ മക്കളോടൊപ്പമുള്ള ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News