ചായ കുടിക്കാന്‍ മോഹം; തിരക്കേറിയ റോഡിന് നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവർ, അമ്പരന്ന് സോഷ്യൽമീഡിയ
പിന്നാലെ വന്ന വാഹനത്തിലെ ഡ്രൈവർമാർ ഹോണടിക്കുകയും ചീത്തവിളിക്കുകയും ചെയ്തു
ന്യൂഡൽഹി: വാഹനം ഓടിക്കുന്നതിനിടെ ഒരു ചായകുടിക്കാൻ തോന്നിയാൽ എന്തു ചെയ്യും..വാഹനം റോഡരികിൽ നിർത്തിയിച്ച് ചായ കുടിക്കാൻ പോകും..അല്ലേ.. എന്നാൽ ഡൽഹിയിലെ ഒരു ബസ് ഡ്രൈവർക്ക് ചായകുടിക്കാനായി തോന്നിയപ്പോൾ ചെയ്ത കാര്യമാണ് സോഷ്യൽമീഡിയയിൽ ഇപ്പോള്‍ വൈറലാകുന്നത്.
ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ഡിടിസി) ബസിലെ ഡ്രൈവറാണ് തിരക്കേറിയ റോഡിന് നടുവിൽ ബസ് നിർത്തി ചായ കുടിക്കാനായി ഹോട്ടലിൽ കയറിയത്. ഇതോടെ റോഡിൽ വലിയ ഗതാഗതക്കുരുക്ക് തന്നെയുണ്ടായി. പിന്നാലെ വന്ന വാഹനത്തിലെ ഡ്രൈവർമാർ ഹോണടിക്കുകയും ബസ് ഡ്രൈവറെ ചീത്തവിളിക്കുകയും ചെയ്തു. അപ്പോഴാണ് താൻ ചെയ്ത മണ്ടത്തരത്തെ കുറിച്ച് ഡ്രൈവർക്കും ബോധം വന്നത്. കൈയിലെ ചായ കപ്പുമായി അയാൾ ബസിലേക്ക് ഓടുകയും ചെയ്തു.
ശുഭ് എന്നയാളാണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. . ഡൽഹി യൂണിവേഴ്സിറ്റിയുടെ നോർത്ത് കാമ്പസിലെ പ്രശസ്തമായ ചായക്കടയിലേക്കാണ് ഇയാൾ ഓടിയതായി വീഡിയോയിൽ പറയുന്നുണ്ട്.ജനുവരി 2 നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ 70,000 പേരാണ് വീഡിയോ കണ്ടത്. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോക്ക് താഴെ നിരവധി കമന്റുകളും എത്തി.
'ദയവായി അവന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യണം. അല്ലെങ്കിൽ ഇത്തരം പ്രവൃത്തികൾ ഇനിയും ആവർത്തിക്കുമെന്നാണ് ഒരാൾ കമന്റ് ചെയ്യുന്നത്. എന്നാൽ 'അവനെ കുറ്റപ്പെടുത്താൻ കഴിയില്ല, ആ ഹോട്ടലിലെ ചായ വളരെ നല്ലതാണ് എന്നായിരുന്നു മറ്റൊരു കമന്റ്. 'ചായ മേധാവിത്വം എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്.