Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയരായ അഫ്‌സല്‍ ഗുരുവിന്റെയും മഖ്ബൂൽ ഭട്ടിന്റെയും ശവകുടീരങ്ങൾ തിഹാർ ജയിലിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇരുവരെയും തൂക്കിലേറ്റിയതിന് പിന്നാലെ മൃതദേഹങ്ങള്‍ തിഹാറിലാണ് സംസ്‌കരിച്ചിരുന്നത്. ഇരുവരുടേയും കുഴിമാടങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിനകത്ത് നിലനിര്‍ത്തുന്നത് അനുചിതമാണെന്നും അവ മാറ്റിസ്ഥാപിക്കാന്‍ കോടതി ഇടപെടണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. ഇരുവരെയും സംസ്കരിച്ചിട്ട് 12 വർഷമായെന്നും എന്തുകൊണ്ടാണ് ഇപ്പോൾ ശവകുടീരം നീക്കണമെന്ന ഹരജി സമർപ്പിച്ചതെന്നും കോടതി ഹരജിക്കാരോട് ചോദിച്ചു.
വിശ്വവേദിക് സനാതന്‍ സംഘ് എന്ന സംഘടനയും ജിതേന്ദ്ര സിങ്ങുമാണ് ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഡൽഹി ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമാണ് ശവകുടീരങ്ങളെന്നും ഇവിടം ഒരു തീർഥാടന സ്ഥലമായി മാറിയെന്നും പൊതുതാൽപര്യ ഹരജിയിൽ പറഞ്ഞു. എന്നാല്‍ ശിക്ഷ നടപ്പാക്കിയ സമയത്ത് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഈ വിഷയത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും നീണ്ട വർഷങ്ങൾക്കിപ്പുറം അത് പുനഃപരിശോധിക്കാനാകില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അഫ്‌സൽ ഗുരുവിന്റെയും മഖ്ബൂൽ ഭട്ടിന്റെയും ശവകുടീരങ്ങൾ തീർത്ഥാടന കേന്ദ്രങ്ങളാക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. തെളിവായി പത്ര റിപ്പോർട്ടുകളും സമൂഹമാധ്യമ പോസ്റ്റുകളും നൽകാതെ കൃത്യമായ വിവരങ്ങൾ വച്ച് ഹരജി വീണ്ടും ഫയൽ ചെയ്യാനും ഡൽഹി ഹൈക്കോടതി ഹരജിക്കാരോട് നിർദേശിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് തിഹാർ ജയിൽ വളപ്പിൽ തന്നെ മൃതദേഹങ്ങൾ അന്ന് അടക്കാൻ സർക്കാർ തീരുമാനിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
2001 ഡിസംബറിൽ നടന്ന പാർലമെന്റ് ആക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് 2013 ഫെബ്രുവരിയിൽ അഫ്സൽ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. തുടർന്ന് ജയിൽ വളപ്പിൽ തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. 1984 ഫെബ്രുവരിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കിയ മഖ്ബൂൽ ഭട്ടിനെയും ജയിൽ വളപ്പിൽ തന്നെയാണ് സംസ്കരിച്ചത്.