ഡൽഹിയിൽ തിരക്കേറിയ റോഡിൽ രാത്രി യുവതിയെ മർദിച്ച് കാറിലേക്ക് തള്ളിക്കയറ്റി യുവാവ്; നോക്കിനിന്ന് ആളുകൾ- വീഡിയോ

കാറിനുള്ളിൽ ഡ്രൈവർ ഇരിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇയാളും യുവതിയെ സഹായിക്കാൻ ശ്രമിച്ചില്ല.

Update: 2023-03-19 15:08 GMT

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് യുവതിയെ നടുറോഡിൽ മർദിച്ച് കാറിലേക്ക് തള്ളിക്കയറ്റി യുവാവ്. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ മാൻഗോൽപുരി മേൽപ്പാലത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. എന്നാൽ കൂടിയുണ്ടായിരുന്ന ആളോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരോ യുവതിയെ രക്ഷിക്കാൻ തയാറായില്ല. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

വെളുത്ത ടി-ഷർട്ടിട്ട ഒരു യുവാവ്, തിരക്കേറിയ റോഡിന് നടുവിൽ വച്ച് യുവതിയെ മർദിക്കുകയും ബലമായി കാറിനുള്ളിലേക്ക് തള്ളിയിടുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. കാറിനുള്ളിലേക്ക് കയറ്റിയ ശേഷവും ഇയാൾ യുവതിയെ മർദിക്കുന്നത് കാണാം. ഈ സമയം കാറിനടുത്തേക്ക് നടന്നുവന്ന കറുത്ത ടി-ഷർട്ടിട്ട യുവാവ് യാതൊന്നും പ്രതികരിക്കാതെയും മർദനം തടയാതെയും ഇയാൾക്കൊപ്പം കാറിൽ കയറുന്നതും തുടർന്ന് കാർ വിട്ടുപോവുന്നതും വീഡിയോയിൽ കാണാം.

Advertising
Advertising

കാറിനുള്ളിൽ ഡ്രൈവർ ഇരിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇയാളും യുവതിയെ സഹായിക്കാൻ ശ്രമിച്ചില്ല. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ്, സംഭവത്തെ കുറിച്ച് അന്നു രാത്രി തന്നെ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കാറിനേയും കാറുടമയേയും തിരിച്ചറിഞ്ഞ പൊലീസ്, ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേൽവിലാസത്തിലേക്ക് പൊലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

ശനിയാഴ്ച രാത്രി 11.30ന് ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിന് സമീപമാണ് ഈ കാർ അവസാനമായി കണ്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ എവിടെയാണ് ഇറങ്ങിയതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ്. രോഹിണി മുതൽ വികാസ്പുരി വരെ യൂബർ ആപ്പ് വഴിയാണ് ഇവർ വാഹനം ബുക്ക് ചെയ്തത്. വഴിമധ്യേ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ വണ്ടിയിൽ നിന്ന് യുവതി ഇറങ്ങിപ്പോവുകയായിരുന്നു. ഇത് ദേഹോപദ്രവത്തിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News