സിദ്ധീഖ് കാപ്പന്‍ കേസില്‍ യു.പി പൊലീസിന് തിരിച്ചടി; വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യം കോടതി തള്ളി

ഒരു പൗര​ന്‍റെ നേർക്ക്​ ഭരണകൂടം കാണിക്കുന്ന ഭീകരതയാണ്​ യു.പി സർക്കാറിന്‍റെ പുതിയ അപേക്ഷയെന്ന്​ സിദ്ദീഖ്​ കാപ്പന്‍റെ അഭിഭാഷകൻ വിൽസ്​ മാത്യൂസ്​ വാദിച്ചു.

Update: 2021-08-16 16:09 GMT
Advertising

ഹാഥ്‌റസ് സന്ദര്‍ശനത്തിനിടെ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ധീഖ് കാപ്പന്‍ കേസില്‍ യു.പി പൊലീസിന് തിരിച്ചടി. കാപ്പന്റെ ശബ്ദവും കൈയെഴുത്തും ഉള്‍പ്പെടെ പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന യു.പി പൊലീസിന്റെ ആവശ്യം മഥുര അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ തള്ളി.

ഒരു പൗര​ന്‍റെ നേർക്ക്​ ഭരണകൂടം കാണിക്കുന്ന ഭീകരതയാണ്​ യു.പി സർക്കാറിന്‍റെ പുതിയ അപേക്ഷയെന്ന്​ സിദ്ധീഖ് കാപ്പന്റെ അഭിഭാഷകന്‍ വിൽസ്​ മാത്യൂസ്​ വാദിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇതുവരെ പൊലീസ് കൈമാറിയിട്ടില്ല. അതിനാൽ കൂടുതല്‍ അന്വേഷണം വേണമെന്ന യു.പി പൊലീസി​ന്‍റെ നിലപാട് ദുരുദ്ദേശപരമാണെന്നും വിൽസ്​ മാത്യൂസ് കോടതിയെ ബോധിപ്പിച്ചു.

നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക്​ തയാറാണെന്ന് നേരത്തെ സിദ്ധീഖ് കാപ്പന്‍ തന്നെ കോടതിക്കു മുമ്പാകെ അറിയിച്ചതുമാണ്. മേലിൽ ഇത്തരത്തിലുള്ള അപേക്ഷകളുമായി യു.പി സർക്കാർ വരാതിരിക്കാൻ 55,000 രൂപ കോടതി ചെലവ് ഈടാക്കി, അപേക്ഷ തള്ളണമെന്നും ​വിൽസ്​ വാദിച്ചു. മറുപടി പറയാൻ യു.പി സർക്കാര്‍ അഭിഭാഷകന്​ കഴിയുന്നതിന്​ മു​മ്പെ അപേക്ഷ കോടതി തള്ളുകയായിരുന്നു. 

കേസിൽ കുറ്റപത്രത്തി​ന്‍റെ പകർപ്പ്​ ഇതുവരെ സിദ്ദീഖ്​ കാപ്പന്​ നൽകാത്തത്​ നിയമവാഴ്​ചയോടുള്ള ക്രൂരതയാണ്. അതിനാൽ സിദ്ദീഖ്​ സ്വമേധയാ ജാമ്യത്തിനർഹനാണെന്നും വിൽസ്​ മാത്യൂസ്​ വാദിച്ചു. ഇക്കാര്യത്തിൽ യു.പി സർക്കാറിന്‍റെ മറുപടി തേടിയിട്ടു​​ണ്ടെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. 

സിദ്ദീഖ്​ കാപ്പന്‍റെ ജീവൻ അപകടത്തിലാണ്. ജയിലിൽ ശാരീരകവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. അതിനാൽ ചികിത്സയ്ക്കും കൗൺസിലിങ്ങിനുമായി എയിംസിൽ പ്രവേശിപ്പിക്കണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേക്കുറിച്ച് അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മഥുര ജയിലധികൃതരുടെ റിപ്പോർട്ട്​ തേടി. കേസ് ആഗസ്​റ്റ്​ 23ന് വീണ്ടും പരിഗണിക്കും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News