'രാജ്യത്ത് ജനാധിപത്യം വിജയകരമായി നിലനിൽക്കുന്നു'; റിപ്പബ്ലിക് ദിനസന്ദേശത്തിൽ രാഷ്ട്രപതി

കോവിഡ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ആദ്യഘട്ടത്തിൽ പ്രതിസന്ധിയിലാക്കിയപ്പോള്‍ മികച്ച ഭരണനേതൃത്വം ഇന്ത്യയെ മുന്നോട്ടു നയിച്ചുവെന്നും രാഷ്ട്രപതി

Update: 2023-01-25 14:28 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യത്ത് ജനാധിപത്യം വിജയകരമായി നിലനിൽക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ആദ്യ റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് രാഷ്ട്രപതിയുടെ പരാമർശം. കോവിഡ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ആദ്യഘട്ടത്തിൽ പ്രതിസന്ധിയിലാക്കിയപ്പോള്‍ മികച്ച ഭരണനേതൃത്വം ഇന്ത്യയെ മുന്നോട്ടു നയിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരം അർപ്പിച്ചായിരുന്നു അവരുടെ റിപ്പബ്ലിക് ദിന സന്ദേശം. ദാരിദ്ര്യവും നിരക്ഷരതയുമായിരുന്നു വൈദേശിക ആധിപത്യത്തിന്റെ അനന്തരഫലം. ഇന്ത്യ അതിനെ അതിജീവിച്ചു. ഭാഷാവൈവിധ്യങ്ങൾ ഇന്ത്യയെ ഭിന്നിപ്പിച്ചില്ലെന്നും ഒന്നിപ്പിക്കുകയാണ് ചെയ്തതെന്നും രാഷ്ട്രപതി വ്യക്തമാക്കി. 'ഭരണഘടനയാണ് ഇന്ത്യയുടെ ജനാധിപത്യത്തിന് വഴികാട്ടിയായതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. രാജ്യത്തിന്റേത് അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണെന്നും രാഷ്ട്രപതി അവകാശപ്പെട്ടു. സർക്കാരിന്റെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളാണ് ഇത് സാധ്യമാക്കിയതെന്നും അവർ പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതി പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി അറിയിച്ചു.

രാഷ്ട്രപതിയുടെ വാക്കുകൾ ഇങ്ങനെ:-

''കർഷകർ, തൊഴിലാളികൾ, ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ എന്നിവരുടെ സംയോജിത ശക്തി രാജ്യത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കപ്പെട്ടു, അതിനെ ഞാൻ അഭിനന്ദിക്കുന്നു, രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുന്ന ഓരോ പൗരനെയും ഞാൻ അഭിനന്ദിക്കുന്നു. നമ്മുടെ അതിർത്തികൾ കാത്തുസൂക്ഷിക്കുകയും രാജ്യത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാവുകയും ചെയ്യുന്ന നമ്മുടെ ജവാന്മാർക്ക് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു. അർദ്ധസൈനിക സേനകളിലെയും പോലീസ് സേനകളിലെയും എല്ലാ ധീരരായ സൈനികർക്കും ഞാൻ എന്റെ അഭിനന്ദനം അറിയിക്കുന്നു. സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും വെറും മുദ്രാവാക്യങ്ങളല്ല. സമീപ വർഷങ്ങളിൽ ഈ ആദർശങ്ങളിൽ വലിയ പുരോഗതി കൈവരിച്ചു.

നാളത്തെ ഇന്ത്യയെ രൂപപ്പെടുത്താൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് സ്ത്രീകളാണെന്നതിൽ എനിക്ക് സംശയമില്ല, ഇന്ത്യൻ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഗഗൻയാൻ പദ്ധതി പുരോഗമിക്കുകയാണ്. ഇത് ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രയാകും. ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. സർക്കാരിന്റെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളാണ് ഇത് സാധ്യമാക്കിയത്. 'ആത്മനിർഭർ ഭാരത്' സംരംഭം, വലിയൊരു പ്രതികരണമാണ് ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായവരുടെ പങ്ക് നാം ഓർക്കണം. അവർ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളെയും സമുദായങ്ങളെയും പ്രതിനിധീകരിച്ചു എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, അവരിൽ 15 സ്ത്രീകളും ഉൾപ്പെടുന്നു,' ഇന്ത്യ ഡോ. ബി.ആർ അംബേദ്കറോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു, ഒരു രാഷ്ട്രമെന്ന നിലയിൽ ഞങ്ങൾ അത് ഒരുമിച്ച് ആഘോഷിക്കുന്നു''

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News