റോഡ് അടിച്ചുവാരാൻ ഇന്ത്യൻ രാജാവ് റോൾസ് റോയ്സ് വാങ്ങിയോ? വസ്തുത എന്താണ്?

റോഡ് അടിച്ചുവാരാൻ ഇന്ത്യൻ രാജാവ് റോൾസ് റോയ്സ് വാങ്ങിയോ? വസ്തുത എന്താണ്?

Update: 2022-06-29 16:37 GMT
Editor : afsal137 | By : Web Desk
Advertising

മഹാരാജ ജയ് സിംഗ് റോഡ് വൃത്തിയാക്കാൻ റോൾസ് റോയ്സ് കാർ ഉപയോഗിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിലാകെ വ്യാപകമായി പ്രചരിച്ചിരുന്നു. ജയ് സിംഗ് രണ്ടാമൻ എന്ന് അറിയപ്പെടുന്ന മഹാരാജ ജയ് സിംഗിനെയും റോൾസ് റോയ്സിനെയും പരസ്പരം ബന്ധപ്പെടുത്തിയുള്ള കഥ വ്യാജമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വാർത്ത ഇങ്ങനെ...

മഹാരാജ ജയ് സിംഗ് ഒരിക്കൽ ലണ്ടൻ സന്ദർശിച്ചു. പര്യടനത്തിനിടെ മഹാരാജാ തന്റെ സാധാരണ വസ്ത്രത്തിൽ വെറുതെ ചുറ്റിയടിക്കുകയായിരുന്നു. പര്യടനത്തിനിടെ മഹാരാജ ജയ് സിംഗ് റോൾസ് റോയ്‌സിന്റെ ഷോറൂം കണ്ടു. ഷോറൂമിൽ പ്രവേശിച്ച മഹാരാജ ബ്രാൻഡിനെക്കുറിച്ചും അവരുടെ കാറുകളെക്കുറിച്ചും കൂടുതൽ അറിയാൻ ആഗ്രഹിച്ചു. എന്നാൽ, 'ഇന്ത്യൻ' കാഷ്വൽ വസ്ത്രധാരണം കാരണം ഷോറൂമിന്റെ മാനേജർ മഹാരാജയെ സ്റ്റോറിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല. മഹാരാജാവ് ഒരു യാചകനാണെന്നാണ് അയാൾ കരുതിയത്. ഷോറൂമിന്റെ മാനേജരിൽ നിന്നും അപമാനിതനായ മഹരാജാ ക്ഷുഭിതനായി.

ഇന്ത്യയിൽ തിരിച്ചെത്തിയ മഹാരാജ ജയ് സിംഗ് റോൾസ് റോയ്‌സിൽ നിന്ന് ആറ് കാറുകൾ ഓർഡർ ചെയ്തു. അവയെല്ലാം ഇന്ത്യയിലേക്ക് കയറ്റി അയച്ചു. പ്രതികാര നടപടിയെന്ന നിലയ്ക്ക് റോൾസ് റോയ്‌സ് കാറുകൾ മുനിസിപ്പാലിറ്റിക്ക് സംഭാവന ചെയ്യാൻ മഹാരാജ ജയ് സിംഗ് തീരുമാനിച്ചു. പിന്നീട് ആ കാറുകൾ നഗര മാലിന്യം നീക്കുന്നതിനായി ഉപയോഗിക്കുകയായിരുന്നു. ഈ കഥയോടൊപ്പം അതിനൊരു തെളിവായി ചൂൽ ഘടിപ്പിച്ച റോൾസ് റോയ്സിന്റെ ചിത്രവും കാണാം. ഈ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഇനി യാഥാർത്ഥ്യമെന്ത്?

കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരണമെങ്കിൽ ആദ്യം മഹാരാജ ജയ് സിങ്ങിനെക്കുറിച്ച് അറിയേണ്ടതുണ്ട്. ജയ് സിംഗ് രണ്ടാമൻ എന്നറിയപ്പെടുന്ന മഹാരാജ ജയ് സിംഗ് 1688 നവംബർ 3 നാണ് ജനിച്ചത്. 1743 സെപ്റ്റംബർ 21 ന് അദ്ദേഹം അന്തരിച്ചു. അതേസമയം, മോട്ടറൈസ്ഡ് വാഹനങ്ങളുടെ നിർമ്മാണം 1885 വരെ ആരംഭിച്ചിരുന്നില്ല. മോട്ടറൈസ്ഡ് വാഹനങ്ങളുടെ ആദ്യകാല വികസനത്തിന് തുടക്കമിട്ടത് കാൾ ബെൻസാണ്. മഹാരാജ ജയ് സിങ്ങിന്റെ മരണശേഷം 1906 ലാണ് റോൾസ് റോയ്‌സ് നിർമ്മാതാവ് തങ്ങളുടെ ഫാക്ടറി ആരംഭിച്ചത്. കഥയുടെ ടൈംലൈനിൽ വലിയ വ്യത്യാസമുള്ളതിനാൽ കഥ വ്യാജമാണെന്ന് നിസ്സംശയം പറയാം.

സമാനമായ ഒരു റോൾസ് റോയ്സ് കഥ ഭരത്പൂരിലെ മഹാരാജ കിഷൻ സിംഗ്, ഹൈദരാബാദ് നിസാം, പട്യാല മഹാരാജ എന്നിവരുമായും ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഈ വ്യാജ കഥകളെല്ലാം റോൾസ് റോയ്സ് സ്ഥാപിക്കപ്പെടുന്നതിന് മുമ്പുള്ള ഒരു കാലഘട്ടവുമായി ബന്ധപ്പെട്ടുള്ളതാണ്.

അപ്പോൾ റോൾസ് റോയ്‌സിൽ ഘടിപ്പിച്ച ചൂലുകൾ എന്താണ് ചെയ്തത്?

റോൾസ് റോയ്‌സ് വാഹനത്തിൽ ചൂലുകൾ ഘടിപ്പിച്ചുവെന്നത് ചിത്രത്തിൽ വ്യക്തമാണ്. ഇത് സത്യവുമാണ്. ചൂലുകൾ ഘടിപ്പിച്ചത് നഗരം വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല. അക്കാലത്ത് റോഡുകൾ അത്ര നല്ലതല്ലാത്തതിനാലാണ് റോൾസ് റോയ്സിന് മുന്നിൽ ചൂലുകൾ കെട്ടിയതെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. റോഡിൽ എല്ലായിടത്തും ഉരുളൻകല്ലുകളും അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. അതിനാൽ, കല്ലുകളും മറ്റെല്ലാം തൂത്തുവാരാൻ കഴിയുന്ന തരത്തിൽ ചൂലുകൾ സ്ഥാപിച്ചു.

വാഹനത്തിന്റെ ടയർ മാറ്റാൻ പോലും മിക്ക മഹാരാജക്കന്മാരും കൂട്ടാക്കിയിരുന്നില്ല. അവരുടെ വാഹനത്തിന്റെ ടയർ പഴകുകയോ പഞ്ചർ ആകുകയോ ചെയ്താൽ മാത്രം പുതിയ വാഹനം വാങ്ങും. അതിനാൽ വാഹനങ്ങളുടെ ആയുർദൈർഘ്യത്തിനാണ് ചൂലുകൾ ഉപയോഗിച്ചിരുന്നത്. അല്ലാതെ മാലിന്യം ശേഖരിക്കാനായിരുന്നില്ല.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News