​​‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായുള്ള കേരളത്തിൻ്റെ നിർദേശം ചർച്ച ചെയ്യരുത്’; കേന്ദ്രത്തിന് കത്തയച്ച് സ്റ്റാലിൻ

സുപ്രിംകോടതി ഉത്തരവുകളുടെ ലംഘനമാണിതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി

Update: 2024-05-24 15:42 GMT
Advertising

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനായി പഠനം നടത്താനുള്ള കേരളത്തിൻ്റെ നിർദേശം കേന്ദ്ര സർക്കാർ ചർച്ച ചെയ്യാൻ പരിഗണിച്ചതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇതുസംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ചു. സുപ്രിംകോടതി ഉത്തരവുകളുടെ ലംഘനമാണ് ഈ നീക്കമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി മെയ് 28നു നടത്താനിരിക്കുന്ന യോഗത്തിൽ പരിഗണനാ വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് പ്രതിഷേധവുമായി തമിഴ്നാട് രംഗത്തെത്തിയത്. ഭാവിയിൽ കേരളത്തിന്റെ ഇത്തരം നിർദേശങ്ങൾ പരിഗണിക്കരുതെന്ന് കത്തിൽ ആവശ്യപ്പെട്ടു.

ഈ വിഷയത്തിലുള്ള സുപ്രിംകോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ ഹരജികൾ ഉൾപ്പെടെ ശക്തമായ നിയമനടപടി തമിഴ്നാട് സ്വീകരിക്കും. സംസ്ഥാന സർക്കാരിൻ്റെ എതിർപ്പുകൾ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിക്കും വിദഗ്ധ വിലയിരുത്തൽ സമിതിയിലെ എല്ലാ അംഗങ്ങളെയും വിശദമായി അറിയിച്ചിട്ടുണ്ട്. നിലവിലെ അണക്കെട്ട് എല്ലാ അർത്ഥത്തിലും സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധ സമിതികൾ ആവർത്തിച്ച് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം 2006ലും 2014ലും സുപ്രിംകോടതി അതിൻ്റെ വിധിന്യായങ്ങളിൽ അംഗീകരിക്കുകയും ചെയ്തതാണ്.

2018-ൽ പുതിയ അണക്കെട്ടിനായി പാരിസ്ഥിതികാഘാത പഠനത്തിനുള്ള പരിഗണനാ വിഷയമായി കേരള സർക്കാർ അനുമതി നേടാൻ ശ്രമിച്ചപ്പോൾ തമിഴ്‌നാട് സർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഏത് നടപടിക്കും കോടതിയുടെ അനുമതി വേണമെന്നാണ് ഉത്തരവ്. അതിനാൽ, കേരളത്തിന്റെ പുതിയ നടപടി സുപ്രിംകോടതി ഉത്തരവിനെ അവഹേളിക്കുന്നതാണെന്നും സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാറിൽ ഡാം നിർമിക്കാനുള്ള വിശദ പദ്ധതി രേഖ ഒരുമാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു. പുതിയ ഡാം നിർമിക്കാൻ ഏഴു വർഷം വേണ്ടിവരുമെന്നാണ് ജലസേചന വകുപ്പിന്റെ നിഗമനം. അടിയന്തര ആവശ്യമാണെങ്കിൽ അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.

മുല്ലപ്പെരിയാർ ഡാമിന്റെ 366 മീറ്റർ താഴെയാണ് കേരളം പുതിയ ഡാമിനായി കണ്ടെത്തിയ സ്ഥാലം. പരിസ്ഥിതി ആഘാതപഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവ ലഭിക്കേണ്ടതുണ്ട്. പുതിയ ഡാമിന് ഡി.പി.ആർ തയാറാക്കുന്നത് രണ്ടാം തവണയാണ്. 2011ൽ തയാറാക്കിയപ്പോൾ 600 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News