നിനക്ക് ഇത് ഇഷ്ടപ്പെട്ടോ? ആഡംബര കാറിനെക്കുറിച്ചുള്ള സുകേഷിന്‍റെയും നോറ ഫത്തേഹിയുടെയും ചാറ്റുകള്‍ പുറത്ത്

സുകേഷിന്‍റെ കേസ് അന്വേഷിക്കുന്ന ഇഡി ഇതിനോടകം തന്നെ നോറ ഫത്തേഹിയെ വിളിച്ചുവരുത്തി പലതവണ ചോദ്യം ചെയ്തിട്ടുണ്ട്

Update: 2021-12-18 04:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട് നടിമാരായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നോറ ഫത്തേഹി എന്നിവരുടെ പേരുകള്‍ പുറത്തുവന്നിരുന്നു. ആഡംബര കാറുകൾ, വജ്രങ്ങൾ, ബാഗുകൾ എന്നിവ ഉൾപ്പെടുന്ന സമ്മാനങ്ങള്‍ സുകേഷ് നടിമാര്‍ക്ക് നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടെ അത്യാഡംബര കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സുകേഷും നോറയും നടത്തിയ ചാറ്റ് സന്ദേശങ്ങള്‍ പുറത്തുവന്നു.

ഇന്ത്യാ ടുഡേയാണ് ചാറ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു റേഞ്ച് റോവര്‍ കാറിന്‍റെ ചിത്രം കാണിച്ച് നിനക്ക് ഇതിഷ്ടമായോ എന്ന് സുകേഷ് ചോദിക്കുന്നതും ഇതു നല്ലൊരു കാറാണെന്ന് നോറ മറുപടി പറയുന്നുമുണ്ട്. അപ്പോള്‍ നിനക്ക് വേറെയും ചിത്രങ്ങള്‍ കാണിച്ചുതരാമെന്നും സുകേഷ് പറയുന്നു. ''ഈ സമ്മാനം എന്തിനാണെന്ന് നിങ്ങളോ നിങ്ങളുടെ ഏജൻസിയോ ചിന്തിക്കുന്നില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളെന്ന വ്യക്തിയെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. അല്ലാതെ ഇതിനു പിന്നില്‍ വേറെ ഉദ്ദേശ്യങ്ങളൊന്നുമില്ല'' മറ്റൊരു സംഭാഷണത്തില്‍ സുകേഷ് പറയുന്നു.

സുകേഷിന്‍റെ കേസ് അന്വേഷിക്കുന്ന ഇഡി ഇതിനോടകം തന്നെ നോറ ഫത്തേഹിയെ വിളിച്ചുവരുത്തി പലതവണ ചോദ്യം ചെയ്തിട്ടുണ്ട്. 2020 ഡിസംബറിൽ സുകേഷ് ചന്ദ്രശേഖർ നോറക്ക് ഒരു ബി.എം.ഡബ്ല്യു കാർ സമ്മാനമായി നൽകിയതായി ഇഡി പറയുന്നു. എന്നാല്‍ ചെന്നൈയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന് പകരമായി സുകേഷിന്‍റെ ഭാര്യ ലീന മരിയയാണ് കാർ തനിക്ക് നൽകിയതെന്നാണ് നോറ ഫത്തേഹിയുടെ വാദം. താന്‍ ഈ കേസില്‍ ഒരു ഇര മാത്രമാണെന്നും ഒരു തരത്തിലുള്ള കള്ളപ്പണ വെളുപ്പിക്കലിലും ഉള്‍പ്പെട്ടിട്ടില്ലെന്നും ഒരു ഔദ്യോഗിക പ്രസ്താവനയില്‍ നോറ വ്യക്തമാക്കിയിരുന്നു. നോറയുടെ കാര്‍ ഇഡി കണ്ടുകെട്ടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സുകേഷ് തനിക്ക് രണ്ട് ജോഡി ഡയമണ്ട് കമ്മലുകൾ, രണ്ട് ഹെർമിസ് ബ്രേസ്‍ലെറ്റുകള്‍, മൂന്ന് ബിർക്കിൻ ബാഗുകൾ, ഒരു ജോടി ലൂയി വിറ്റൺ ഷൂസ് എന്നിവ നൽകിയതായി കഴിഞ്ഞ ആഴ്ച ജാക്വിലിന്‍ ഇഡിക്ക് നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിരുന്നു. 2021 ഫെബ്രുവരി മുതൽ 2021 ആഗസ്ത് 7 ന് അറസ്റ്റിലാകുന്നതുവരെ സുകേഷ് ജാക്വലിനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഇഡി വ്യക്തമാക്കി. ഈ കാലയളവിൽ, സുകേഷ് ജാക്വിലിനും കുടുംബാംഗങ്ങൾക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി. ചാർട്ടർ ഫ്ലൈറ്റുകൾ, ഹോട്ടൽ താമസം എന്നിവയുടെ ചെലവ് വഹിച്ചതും സുകേഷായിരുന്നു. കേസിൽ ഉൾപ്പെട്ടതിന്‍റെ പേരിൽ നടിയെ അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു.

വെള്ളിയാഴ്ച ജയിലില്‍ കഴിയുന്ന സുകേഷിനെ ബോളിവുഡില്‍ നിന്നുള്ള പത്തോളം താരങ്ങള്‍ സന്ദര്‍ശിച്ചതായി ചില വൃത്തങ്ങള്‍ അറിയിച്ചു. ഇവരെല്ലാവരും ഇഡിയുടെ നിരീക്ഷണത്തിലാണ്. ഇവരെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News