പഞ്ചാബില്‍ മോമോസ് ഷോപ്പിലെ ഫ്രിഡ്ജിൽ നായയുടെ തല; തൊഴിലാളികൾ ഒളിവിൽ

ചണ്ഡീഗഢ്, പഞ്ച്കുല, മൊഹാലി എന്നിവിടങ്ങളിൽ മോമോസ്, സ്പ്രിംഗ് റോളുകൾ, മറ്റ് വസ്തുക്കൾ എന്നിവ വിതരണം ചെയ്തിരുന്നു

Update: 2025-03-18 06:11 GMT
Editor : Jaisy Thomas | By : Web Desk

മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ മോമോസ് വിൽക്കുന്ന ഷോപ്പിലെ റഫ്രിജറേറ്ററിൽ നിന്ന് നായയുടെ തല കണ്ടെത്തി. ജില്ലയിലെ മറ്റൗർ ഗ്രാമത്തിലാണ് ഷോപ്പ് സ്ഥിതി ചെയ്യുന്നത്. ഭക്ഷ്യയോഗ്യമായ വസ്തുക്കൾ തയ്യാറാക്കുന്നതിന് വൃത്തിഹീനമായ രീതികൾ ഉപയോഗിക്കുന്നതായി വകുപ്പിന് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് ഞായറാഴ്ച ആരോഗ്യ ഉദ്യോഗസ്ഥർ ഷോപ്പിൽ റെയ്ഡ് നടത്തിയിരുന്നു.

ഈ ഷോപ്പിൽ നിന്നും ചണ്ഡീഗഢ്, പഞ്ച്കുല, മൊഹാലി എന്നിവിടങ്ങളിൽ മോമോസ്, സ്പ്രിംഗ് റോളുകൾ, മറ്റ് വസ്തുക്കൾ എന്നിവ വിതരണം ചെയ്തിരുന്നു. നായയുടെ മൃതദേഹം കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. മോമോസിലും സ്പ്രിംഗ് റോളുകളിലും നായ മാംസം ഉപയോഗിച്ചിരുന്നോ അതോ ഷോപ്പിൽ ജോലി ചെയ്യുന്നവർ കഴിച്ചിരുന്നോ എന്ന് വ്യക്തമല്ല. നായയുടെ തല പരിശോധനക്കായി വെറ്ററിനറി വകുപ്പിലേക്ക് അയച്ചിട്ടുണ്ട്. ഷോപ്പിൽ നിന്ന് അരിഞ്ഞ ഇറച്ചിയും ഒരു ക്രഷർ മെഷീനും ഉദ്യോഗസ്ഥർ കണ്ടെടുത്തതായി ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തു.

വൃത്തിഹീനമായ സാഹചര്യത്തിലാണ് മോമോസ് ഷോപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ നാട്ടുകാര്‍ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇത് പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. പ്രദേശത്ത് ബേക്കറി നടത്തുന്ന ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് ഇതെന്ന് മീഡിയ ഹൗസ് റിപ്പോർട്ട് ചെയ്തു. നേപ്പാളിൽ നിന്നുള്ള എട്ടോ പത്തോ പേർ ഷോപ്പിൽ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. നിലവിൽ കടയിലെ എല്ലാ ജീവനക്കാരും ഒളിവിലാണ്. കാണാതായ തൊഴിലാളികളെ കണ്ടെത്താനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News