മൂന്നു മാസത്തിനിടെ ഇ.ഡി പിടിച്ചെടുത്തത് 100 കോടി രൂപ; ആ പണത്തിന് എന്ത് സംഭവിച്ചു?

പശ്ചിമ ബംഗാൾ എസ്എസ്‌സി അഴിമതിയുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയുടെ അപ്പാർട്ട്‌മെന്റുകളിൽനിന്ന് 50 കോടി രൂപ കണ്ടെടുത്തതാണ് ഇ.ഡി ചരിത്രത്തിലെ ഏറ്റവും വലിയ കറൻസി വേട്ട.

Update: 2022-09-11 15:11 GMT

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 100 കോടിയോളം രൂപ. കൊൽക്കത്ത സ്വദേശിയായ ബിസിനസുകാരൻ ആമിർ ഖാന്റെ വീട്ടിൽനിന്ന് 17 കോടി രൂപ പിടിച്ചെടുത്തതാണ് ഇതിൽ അവസാനത്തെ സംഭവം. ഏഴ് ബാങ്ക് ഉദ്യോഗസ്ഥർ നോട്ട് എണ്ണുന്ന മെഷീൻ ഉപയോഗിച്ചാണ് ഈ പണം എണ്ണിത്തിട്ടപ്പെടുത്തിയത്.

പശ്ചിമ ബംഗാൾ എസ്എസ്‌സി അഴിമതിയുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയുടെ അപ്പാർട്ട്‌മെന്റുകളിൽനിന്ന് 50 കോടി രൂപ കണ്ടെടുത്തതാണ് ഇ.ഡി ചരിത്രത്തിലെ ഏറ്റവും വലിയ കറൻസി വേട്ട. 24 മണിക്കൂർ സമയമെടുത്താണ് ബാങ്ക് ഉദ്യോഗസ്ഥർ പണം എണ്ണിത്തിട്ടപ്പെടുത്തിയത്.

Advertising
Advertising

ഇതിന് മുമ്പ് ജാർഖണ്ഡിലെ അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട് 20 കോടി രൂപ ഇ.ഡി പിടിച്ചെടുത്തിരുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അടക്കം ആരോപണവിധേയനായ കേസാണിത്.

ഇ.ഡി പിടിച്ചെടുത്ത പണം എന്തുചെയ്യും?

റെയ്ഡ് നടത്തി പണം പിടിച്ചെടുക്കാൻ അധികാരമുണ്ടെങ്കിലും അത് സൂക്ഷിക്കാൻ ഇ.ഡിക്ക് അവകാശമില്ല. പ്രോട്ടോക്കോൾ പ്രകാരം പണം പിടിച്ചെടുത്താൽ അതിന്റെ ഉറവിടം വെളിപ്പെടുത്താൻ കുറ്റാരോപിതന് അവസരം നൽകണം. അതിന് കഴിഞ്ഞില്ലെങ്കിൽ പിടിച്ചെടുത്തത് അനധികൃത സമ്പാദ്യമായി കണക്കാക്കും.

തുടർന്ന്, കള്ളപ്പണം നിരോധിക്കൽ നിയമപ്രകാരം പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താൻ ഇ.ഡി അധികൃതർ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തണം. നോട്ടെണ്ണൽ മെഷീന്റെ സഹായത്തോടെ പണം എണ്ണിക്കഴിഞ്ഞാൽ ഇ.ഡി ഉദ്യോഗസ്ഥർ ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജപ്തി പട്ടിക തയ്യാറാക്കും.

മൊത്തം കണ്ടെടുത്ത പണത്തിന്റെ വിവരങ്ങൾ, 2000, 500, 100 നോട്ടുകളുടെ എണ്ണം എന്നിവയാണ് ജപ്തി പട്ടികയിൽ ഉണ്ടാവുക. പിന്നീട് സാക്ഷികളുടെ സാന്നിധ്യത്തിൽ പണം പെട്ടികളിലാക്കി സീൽ ചെയ്യും. പണം സീൽവെച്ച് ജപ്തി പട്ടിക തയ്യാറാക്കി കഴിഞ്ഞാൽ ആ സംസ്ഥാനത്തെ സ്റ്റേറ്റ് ബാങ്ക് ശാഖയിലെ ഇ.ഡി പേഴ്‌സണൽ അക്കൗണ്ടിൽ പണം നിക്ഷേപിക്കും.

ഇ.ഡിക്കോ സർക്കാറിനോ ബാങ്കിനോ ഈ പണം ഉപയോഗിക്കാൻ കഴിയില്ല. ഇ.ഡി ഒരു പ്രൊവിഷനൽ അറ്റാച്ച്‌മെന്റ് ഓർഡർ തയ്യാറാക്കുന്നതാണ് അടുത്ത നടപടി. കേസിൽ വിചാരണ പൂർത്തിയാകുന്നത് വരെ പണം ബാങ്കിൽ കിടക്കും. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പണം കേന്ദ്രത്തിന്റെ സ്വത്താകും. പ്രതിയെ കോടതി വെറുതെവിട്ടാൽ പണം തിരികെ നൽകും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News