മഹാരാഷ്ട്രയിൽ മന്ത്രിസഭാ പുനഃസംഘടന ഇന്ന്

ദേവേന്ദ്ര ഫഡ്‌നാവിസിനു സുപ്രധാന വകുപ്പുകൾ ലഭിക്കും

Update: 2022-08-09 01:18 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ഏറെ പ്രതീക്ഷിക്കപ്പെടുന്ന മഹാരാഷ്ട്രാ മന്ത്രിസഭാ പുനഃസംഘടന ഇന്നു നടക്കും. പുതുതായി 15 മന്ത്രിമാരെ കൂടി ഏക്‌നാഥ് ഷിൻഡെ തിരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്. പുതിയ മന്ത്രിമാർ രാവിലെ 11 മണിക്ക് രാജ്ഭവനിൽ ചുമതലയേൽക്കുകയും ചെയ്യും. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ബി.ജെ.പി നേതാക്കൾ ഇന്നലെ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയിൽ നിർണായക യോഗം ചേർന്നിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നാടകത്തിനൊടുവിൽ ശിവസേനാ വിമതൻ ഷിൻഡെയും ബി.ജെ.പി നേതാവ് ഫഡ്‌നാവിസും അധികാരമേറ്റ് 40 ദിവസം പിന്നിടുമ്പോഴാണ് മറ്റു മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത്. ആദ്യഘട്ട പുനഃസംഘടനയിൽ 15 മന്ത്രിമാരാണ് ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന സർക്കാരിന്റെ ഭാഗമായുണ്ടാകുക. ഇവരുടെ വകുപ്പുകൾ സംബന്ധിച്ച് ധാരണയായിട്ടില്ല. എന്നാൽ, ഫഡ്‌നാവിസിന് സുപ്രധാന വകുപ്പുകൾ തന്നെ നൽകുമെന്നുറപ്പാണ്.

ഇന്നലെ രാത്രിയാണ് ബി.ജെ.പി നേതാക്കൾ ചർച്ചയ്ക്കായി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വീട്ടിലെത്തിയത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും നിർണായകമായതിനാൽ മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും ബി.ജെ.പി അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ഷിൻഡെയുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം നടത്തിയ ചർച്ചകൾ പ്രകാരം പ്രധാന താക്കോൽ സ്ഥാനങ്ങളെല്ലാം ബി.ജെ.പിക്ക് തന്നെ ലഭിക്കാനാണ് സാധ്യത.

അതേസമയം, ഉദ്ദവ് താക്കറെയെ കൈവിട്ട് ഏക്‌നാഥ് ഷിൻഡെക്ക് ഒപ്പം ചേർന്ന മുൻ മന്ത്രിസഭയിലെ അംഗങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകാനും മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. പാർട്ടി പേരിനും ചിഹ്നത്തിനും വേണ്ടി ശിവസേനയ്ക്കുള്ളിൽ നടക്കുന്ന തർക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡെ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെന്ന പ്രാധാന്യവുമുണ്ട്.

Summary: The much awaited expansion of Maharashtra's Eknath Shinde cabinet is due on today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News