മഹാരാഷ്ട്രയിൽ 18 മന്ത്രിമാർ അധികാരമേറ്റു; പിന്നാലെ ആദ്യത്തെ തർക്കവും

ടിക്‌ടോക് താരത്തിന്റെ ആത്മഹത്യയിൽ കുറ്റാരോപിതനായ സേനാ വിമതൻ സഞ്ജയ് റാത്തോഡിനെ മന്ത്രിയാക്കിയതിൽ ബി.ജെ.പി നേതൃത്വം പരസ്യമായി എതിർപ്പറിയിച്ചിരിക്കുകയാണ്

Update: 2022-08-09 08:33 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ 18 എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയിൽനിന്നും ശിവസേനാ വിമതരിൽനിന്നും ഒൻപതു വീതം പേരാണ് മന്ത്രിമാരായത്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ പുതിയ മന്ത്രിസഭയെച്ചൊല്ലി ഇരുകക്ഷികളും തമ്മിൽ തർക്കവും ഉടലെടുത്തിട്ടുണ്ട്. ടിക്‌ടോക് താരത്തിന്റെ ആത്മഹത്യയിൽ കുറ്റാരോപിതനായ സേനാ വിമതൻ സഞ്ജയ് റാത്തോഡിനെ മന്ത്രിയാക്കിയതിൽ ബി.ജെ.പി നേതൃത്വം പരസ്യമായി എതിർപ്പറിയിച്ചിരിക്കുകയാണ്.

വിമത എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിമാരുടെ പ്രഖ്യാപനം നടന്നത്. 55 സേനാ എം.എൽ.എമാരിൽ 40 പേരുടെ പിന്തുണയും ഷിൻഡെയ്ക്കുണ്ട്. നേരത്തെ ഡൽഹിയിലെത്തി അമിത് ഷാ അടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കളുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ തീരുമാനയത്.

ദാദാ ഭൂസേ, സന്ദീപൻ ബുംറെ, ഉദയ് സാമന്ത്, താനാജി സാവന്ത്, അബ്ദുൽ സത്താർ, ദീപക് കേസർക്കർ, ഗുലാബ്‌റാവു പാട്ടീൽ, സഞ്ജയ് റാത്തോഡ്, ശംഭുരാജെ ദേശായ് എന്നിവരാണ് സേനാ വിമതക്യാംപിൽനിന്ന് മന്ത്രിസഭയിലെത്തിയത്. ബി.ജെ.പിയിൽനിന്ന് ചന്ദ്രകാന്ത് പാട്ടീൽ, സുധീർ മുൻഗണ്ടിവാർ, ഗിരീഷ് മഹാജൻ, സുരേഷ് ഖാഡെ, രാധാകൃഷ്ണ വിഖേ പാട്ടീൽ, രവീന്ദ്ര ചൗഹാൻ, മംഗൾ പ്രഭാത് ലോധ, വിജയ് കുമാർ ഗാവിത്, അതുൽ സാവെ എന്നിവരും മന്ത്രിമാരായി.

ശിവസേനയ്ക്കകത്ത് ഉദ്ദവ് താക്കറയ്‌ക്കെതിരായ വിമതനീക്കത്തിന്റെ ഭാഗമായ നേതാക്കൾക്ക് പുതിയ മന്ത്രിസഭാ രൂപീകരണത്തിൽ മതിയായ പരിഗണന ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ബി.ജെ.പി ക്യാംപിൽനിന്ന് എതിർപ്പ് ഉയരാതെയും നോക്കിയിട്ടുണ്ട്. ദാദാ ഭൂസെ ഷിൻഡെയുടെ വലംകൈയാണ്. ഉദ്ദവ് സർക്കാരിൽ കാർഷികമന്ത്രിയായിരുന്നു. ചന്ദ്രകാന്ത് പാട്ടീൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സുധീൻ മുതിർന്ന നേതാവുമാണ്.

എന്നാൽ, മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെ തന്നെ ആദ്യ തർക്കവും തലപൊക്കിയിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ചിത്ര കിഷോർ വാഗ് അടക്കമുള്ള പ്രമുഖർ തന്നെ സഞ്ജയ് റാത്തോഡിനെ മന്ത്രിയാക്കിയതിൽ വിമർശനമായി രംഗത്തെത്തിക്കഴിഞ്ഞു. ടിക്‌ടോക് താരം പൂജ ചവാന്റെ മരണത്തിൽ ഉത്തരവാദിയായ മുൻ മന്ത്രി റാത്തോഡിന് വീണ്ടും മന്ത്രിസ്ഥാനം നൽകിയത് ദൗർഭാഗ്യകരമാണെന്ന് ചിത്ര കിഷോർ ട്വീറ്റ് ചെയ്തു.

ഉദ്ദവ് താക്കറെ സർക്കാരിൽ വനം മന്ത്രിയായിരുന്ന റാത്തോഡ് പൂജയുടെ മരണത്തിൽ ആരോപണം ഉയർന്നതിനു പിന്നാലെ രാജിവയ്ക്കുകയായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ ബി.ജെ.പി നടത്തിയ വൻപ്രതിഷേധങ്ങൾക്കു പിന്നാലെയായിരുന്നു രാജി. ഷിൻഡെ വിമതനീക്കം ആരംഭിച്ചതിനു പിന്നാലെ സഞ്ജയ് റാത്തോഡ് അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു.

എന്നാൽ, റാത്തോഡിനെ ന്യായീകരിച്ച് ഷിൻഡെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന അന്വേഷണത്തിൽ അദ്ദേഹത്തിന് പൊലീസ് ക്ലീൻചിറ്റ് നൽകിയിട്ടുണ്ടെന്നാണ് ഷിൻഡെ ചൂണ്ടിക്കാട്ടിയത്.

Summary: 18 ministers sworn in as Maharashtra CM Eknath Shinde expands cabinet and BJP criticizes Sanjay Rathod's entry in the cabinet 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News