തിരിച്ചെത്തിയത് ഏഴാം വയസിൽ കാണാതായ മകനല്ല, പല പേരിൽ ഒന്നിലധികം കുടുംബങ്ങളിൽ തട്ടിപ്പ്, ലക്ഷ്യം മോഷണം; യുവാവ് അറസ്റ്റിൽ

ബന്ധംസ്ഥാപിച്ച് വീടുകളിൽ കയറിപ്പറ്റി മോഷണം നടത്തി കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു

Update: 2024-12-07 13:53 GMT

ലക്നൗ: വർഷങ്ങൾക്ക് മുമ്പ് കാണാതായ മകനെന്ന പേരിൽ കുടുംബവുമായി ഒത്തുചേർന്നത് തട്ടിപ്പുവീരനെന്ന് കണ്ടെത്തൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇന്ദ്രജ് അഥവാ രാജു എന്ന രാജസ്ഥാൻ സ്വദേശിയെയാണ് ഗാസിയാബാദ് പൊലീസ് അറസ്റ്റുചെയ്തത്. ഇത്തരത്തിൽ ബന്ധംസ്ഥാപിച്ച് വീടുകളിൽ കയറിപ്പറ്റി മോഷണം നടത്തി കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു.  

ഗാസിയാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴു വയസുകാരന്‍ 30 വര്‍ഷത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയത് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാൽ, ഇയാൾ തങ്ങളുടെ നഷ്ടപ്പെട്ട മകനാണെന്നും മാസങ്ങൾക്ക് മുമ്പ് തങ്ങൾക്കൊപ്പം താമസിച്ചിരുന്നെന്നും ആരോപിച്ച് ഡെറാഡൂണിൽ നിന്നുള്ള മറ്റൊരു കുടുംബം രംഗത്തെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. 

Advertising
Advertising

1993 ല്‍ ഏഴ് വയസുള്ളപ്പോള്‍ കാണാതായ കുട്ടിയാണെന്ന് സ്ഥാപിച്ചാണ് ഇയാള്‍ നവംബർ 24ന് ഗാസിയാബാദിൽ പൊലീസിനെ സമീപിക്കുന്നത്. പൊലീസിനോട് തന്റെ കുടുംബത്തെ കണ്ടെത്തണമെന്ന് സഹായം അഭ്യര്‍ഥിച്ചു. പൊലീസുകാര്‍ സോഷ്യല്‍ മീഡിയയില്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ചു. ഇതോടെ ഗാസിയാബാദിലെ ഒരു കുടുംബം തങ്ങളുടെ കാണാതായ മകൻ ഭീം സിങ്ങാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ഇയാളെ കൂടെ കൊണ്ടുപോവുകയുമായിരുന്നു. 

തട്ടിക്കൊണ്ടു പോയ സംഘം മര്‍ദിച്ച് ജോലി ചെയ്യിപ്പിച്ചിരുന്നെന്നും ഒരു റൊട്ടി മാത്രമാണ് ഭക്ഷണമായി നല്‍കിയിരുന്നതെന്നുമടക്കം പറഞ്ഞ് വൈകാരികമായാണ് രാജു അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ, മറ്റിടങ്ങളിൽ നിന്ന് ഇയാളുമായി ബന്ധംസ്ഥാപിച്ച് പലരും എത്തിയതോടെ സംശയം തോന്നിയ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് രാജുവിനെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കി. ഇതോടെയാണ് പണ്ട് കാണാതായ കുട്ടിയല്ലെന്ന് സ്ഥിരീകരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ബന്ധുക്കളുടെയും പരിചയക്കാരുടെയും വീടുകളിൽ മോഷണം നടത്തുന്നത് പതിവായതോടെ ഇയാളെ 2005ൽ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്നാണ് ഇയാൾ വിവിധ പേരുകളിൽ പല വീടുകളിലായി കയറിപ്പറ്റി മോഷണം നടത്തി കടന്നുകളയുന്നത് പതിവാക്കിയത്. വിവിധ സംസ്ഥാനങ്ങളിലായി ഇത്തരത്തിൽ അഞ്ചിടങ്ങളിൽ ഇയാൾ താമസിച്ചിരുന്നതായാണ് പൊലീസ് സ്ഥിരീകരിക്കുന്നത്.

പഞ്ചാബ്, രാജസ്ഥാനിലെ ജയ്സാല്‍മര്‍, ഹരിയാന എന്നിവിടങ്ങളില്‍ തട്ടിപ്പ് നടത്തിയ രാജുവിനെ 2021ല്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാൾക്കെതിരെ വഞ്ചനാക്കുറ്റത്തിനും മോഷണക്കുറ്റത്തിനും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗാസിയാബാദ് ഡിസിപി വ്യക്തമാക്കി.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News