വോട്ടിനായി ഒരു പ്രധാനമന്ത്രി ഇത്രയും തരംതാഴുന്നത് കണ്ടിട്ടില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ

നെഹ്‌റുവിൻ്റെ കാലം മുതൽ ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിമാരെ നിരീക്ഷിക്കുകയും രണ്ടുപേരുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്

Update: 2024-04-27 07:52 GMT
Editor : Jaisy Thomas | By : Web Desk

യശ്വന്ത് സിന്‍ഹ

Advertising

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. വോട്ടിനായി ഒരു പ്രധാനമന്ത്രി ഇത്രയും തരംതാഴുന്നത് താന്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലെന്ന് സിന്‍ഹ എക്സില്‍ കുറിച്ചു.

''നെഹ്‌റുവിൻ്റെ കാലം മുതൽ ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിമാരെ നിരീക്ഷിക്കുകയും രണ്ടുപേരുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. വോട്ട് കിട്ടാന്‍ ഇപ്പോഴുള്ള പ്രധാനമന്ത്രി തരംതാഴുന്നതു പോലെ മുന്‍പൊരിക്കലും കണ്ടിട്ടില്ല'' എന്നായിരുന്നു സിന്‍ഹയുടെ ട്വീറ്റ്. പൊതുരംഗത്ത് സജീവമല്ലെങ്കിലും കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും നിരന്തരം വിമര്‍ശിക്കാറുള്ള നേതാവാണ് യശ്വന്ത് സിന്‍ഹ. "ഈ മനുഷ്യൻ എത്ര കള്ളം പറയും?" സിങ്ങിന്‍റെ ബുധനാഴ്ചയിലെ ട്വീറ്റ് ഇങ്ങനെയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് പ്രസ്താവനകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതിനിടെയാണ് സിൻഹയുടെ പ്രസ്താവന.

ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്നാണ് മോദി പറഞ്ഞത്.രാജ്യത്തിന്‍റെ സ്വത്ത് കോൺഗ്രസ്‌ മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. വിവാദപ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയോട് വിശദീകരണം തേടിയിരുന്നു.

ചന്ദ്രശേഖറിൻ്റെയും അടൽ ബിഹാരി വാജ്‌പേയി സർക്കാരിൻ്റെയും കാലത്ത് പ്രധാന വകുപ്പുകൾ വഹിച്ചിരുന്ന സിന്‍ഹ, "പാർട്ടിയുടെ അവസ്ഥയും ഇന്ത്യയിലെ ജനാധിപത്യം വലിയ അപകടത്തിലാണെന്നും'' ചൂണ്ടിക്കാട്ടി 2018ലാണ് ബി.ജെ.പി വിട്ടത്. 2021ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്‍ഹ 2022ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ ഉപാധ്യക്ഷനായിരുന്ന യശ്വന്ത് സിന്‍ഹ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നതിന്‍റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. തൃണമൂലും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ഥിയായിരുന്നു യശ്വന്ത് സിന്‍ഹ. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനോടാണ് പരാജയപ്പെട്ടത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News