ഗുജറാത്തിലെ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് ഒരു ശതമാനത്തില്‍ താഴെയെന്ന് മോദി; സത്യമെന്ത് ?

കൂടുതല്‍ പ്രതികരണത്തിന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചില്ലെന്നാണ് ഫാക്ട് ചെക്കിംഗ് സംഘം പറയുന്നത്.

Update: 2021-09-17 17:43 GMT
Editor : Suhail | By : Web Desk
Advertising

വര്‍ഷങ്ങളുടെ പ്രയത്‌നത്തിന്റെ ഫലമായി ഗുജറാത്തില്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞപോക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഔദ്യോഗിക പരിപാടിക്കിടെ അവകാശപ്പെട്ടത്. സെപ്തംബര്‍ പതിനൊന്നിനായിരുന്ന് ഒരു വെര്‍ച്വല്‍ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. എന്നാല്‍ മോദിയുടെ വാക്കുകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്നാണ് സ്‌ക്രോള്‍.ഇന്‍ പോര്‍ട്ടലിന്റെ ഫാക്ട്‌ചെക്ക് ടീം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡ്രോപ്പൗട്ട് നിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കാനും വ്യത്യസ്ത സര്‍ക്കാര്‍ പദ്ധതികളിലൂടെ യുവാക്കള്‍ക്ക് മെച്ചപ്പെട്ട ഭാവിപ്രദാനം ചെയ്യാനും സാധിച്ചുവെന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍, പ്രൈമറി - ഹൈസ്‌കൂള്‍ - സെക്കന്‍ഡറി എന്നിവയില്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ കുറിച്ചാണോ പ്രധാനമന്ത്രി സൂചിപ്പിച്ചത് എന്നു വ്യക്തമായിരുന്നില്ല. എന്നാല്‍, എല്ലാ മേഖലയിലും ഗുജറാത്തിലെ കൊഴിഞ്ഞുപോക്ക് ഒരു ശതമാനത്തില്‍ കൂടുതലാണെന്നാണ് വ്യത്യസ്ത സര്‍ക്കാര്‍ രേഖകള്‍ ചൂണ്ടിക്കാട്ടി തന്നെ സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്തത്.


കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു വെബ് പോര്‍ട്ടല്‍ പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റെന്ന് കണ്ടെത്തിയത്. യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യുക്കേഷനെ (UDISE+) ഉദ്ധരിച്ച് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സമര്‍പ്പിച്ച കണക്കു പ്രകാരം, 2019-20 കാലയളവില്‍ ഗുജറാത്തില്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രൈമറി തലത്തില്‍ നിന്നും കൊഴിഞ്ഞു പോയത് ഒരു ശതമാനം വിദ്യാര്‍ഥികളാണ്. ആറാം ക്ലാസ് മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ ഡ്രോപ്പൗട്ട് നിരക്ക് 5.2 ശതമാനവുമാണ്. പത്തു വരെയുളള സെക്കന്‍ഡറി തലത്തില്‍ ഇത് 23.7 ശതമാനമാണുള്ളത്.

ഇതിനു പുറമെ, സംസ്ഥാനത്തെ സെക്കന്‍ഡറി തലത്തില്‍ ഒരു വര്‍ഷം കൊണ്ട് മൂന്ന് ശതമാനമാണ് ഡ്രോപ്പൗട്ട് നിരക്ക് വര്‍ധിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ രേഖകളില്‍ തന്നെ കണക്കുകള്‍ തമ്മില്‍ ചേര്‍ച്ചയില്ലായ്മ ഉള്ളതായും പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. എങ്കില്‍ തന്നെയും, ലഭ്യമായ സോഴ്‌സുകളിലെല്ലാം ഗുജറാത്തിലെ ഡ്രോപ്പൗട്ട് നിരക്ക് എല്ലാ ക്ലാസ് തലത്തിലും ഒരു ശതമാനത്തിനു മുകളിലാണെന്നും സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രിയുടെ അവകാശവാദത്തെ കുറിച്ചുള്ള കൂടുതല്‍ പ്രതികരണത്തിന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും, മെയില്‍ വഴി മറുപടി ലഭ്യമാക്കാം എന്ന് അറിയിച്ചെങ്കിലും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചില്ലെന്നുമാണ് സ്‌ക്രോള്‍ ടീം റിപ്പോര്‍ട്ട് ചെയ്യുന്നത്.




 


Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News