'പത്മലതയെ കൊന്നത് മഞ്ജുനാഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ അറിവോടെ, കൊലക്ക് കാരണം കമ്മ്യൂണിസ്റ്റുകാരനായ പിതാവിനോടുള്ള വൈരാഗ്യം'; സഹോദരി
ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മറവ് ചെയ്ത ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഓരോ ദിവസവും പുറത്ത് വരികയാണ്
ബെംഗളൂരു: ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മറവ് ചെയ്ത ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. SDM കോളേജ് വിദ്യാർഥിനിയായിരുന്ന പത്മലതയെ കൊലപ്പെടുത്തിയത് മഞ്ജുനാഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ അറിവോടെയെന്ന് സഹോദരി ഇന്ദിര മീഡിയവണിനോട് പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരനായ പിതാവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഇന്ദിര പറഞ്ഞു..
തെരഞ്ഞെടുപ്പിൽ മത്സരിച്ചതും വൈരാഗ്യത്തിന് കാരണമായി കുറ്റവാളികൾ ഇനിയെങ്കിലും ശിക്ഷിക്കപ്പെടണമെന്നും എന്നാല്‍ അവര്‍ക്ക് കേന്ദ്രത്തില്‍ വരെ പിടിപാടുണ്ടെന്നും സഹോദരി ഇന്ദിര പറയുന്നു.
'1986 ഡിസംബർ 26 ലാണ് പത്മലതയെ കാണാതാവുന്നത്. രണ്ടാം വർഷ പിയു വിദ്യാർഥിയായിരുന്നു.ഒരു ദിവസം കോളജിലേക്ക് പോയ പത്മലത തിരിച്ചു വന്നില്ല.പൊലീസിലടക്കം പരാതി നൽകിയിട്ടും ഒരു ഗുണവുമുണ്ടായില്ല. തുടർന്ന് ദിവസങ്ങൾക്ക് ശേഷം പത്മലതയുടെ നഗ്നമായ രീതിയിലുള്ള അസ്ഥിക്കൂടം കണ്ടെടുക്കുകയായിരുന്നു'. ഇന്ദിര ഓര്‍ക്കുന്നു.
'കോളജ് കഴിഞ്ഞ് വീട്ടിലെത്തേണ്ട സമയമായിട്ടും വരാത്തതിനാൽ അച്ഛൻ തിരഞ്ഞുപോയി. ബസ് സ്റ്റാൻഡിൽ പോയി അന്വേഷിച്ച് പോയപ്പോൾ ബസ് ഇറങ്ങിയിട്ടുണ്ടെന്നറിഞ്ഞു. അച്ഛൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമായിരുന്നു.പാർട്ടിക്കാരുമായി എല്ലായിടത്തും തിരഞ്ഞു. പൊലീസിൽ പരാതി കൊടുത്തെങ്കിലും അവര്‍ കേസെടുക്കാൻ തയ്യാറായില്ല. ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയിട്ടുണ്ടാകുമെന്നാണ് പൊലീസ് ഞങ്ങളോട് പറഞ്ഞത്. തുടർന്നാണ് അപ്പച്ചിയുടെ ഭർത്താവ് അവളെ കോളജ് പ്രിൻസിപ്പലുടെ കാറിൽ കയറ്റിക്കൊണ്ടുപോയെന്ന വിവരം അറിയുന്നത്.കാറിൽ അവളെ കൊണ്ടുപോയത് കണ്ടവരുണ്ട്. അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യ വർഷങ്ങൾക്ക് ശേഷം ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. പേടിച്ചിട്ടാണ് അന്ന് ആ സത്യം പറയാതിരുന്നതെന്നും ഇല്ലെങ്കില്‍ ഞങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ കുറ്റസമ്മതം നടത്തിയിരുന്നു.1987 ഫെബ്രുവരിയിലാണ് പത്മയുടെ അസ്ഥിക്കൂടം കിട്ടുന്നത്. കയ്യിലെ വാച്ചും വസ്ത്രങ്ങളുടെ അവശിഷ്ടവുമെല്ലാം തിരിച്ചറിഞ്ഞു. മുടിയോ, പല്ലോ ഒന്നുമില്ലായിരുന്നു. തലയോട്ടിയും എല്ല് കഷ്ണങ്ങളും പുഴയിൽ നിന്നാണ് കിട്ടുന്നത്. കൊലപാതകം ചെയ്തവർ ഇനിയും പിടിക്കപ്പെടുമെന്ന് വിശ്വാസമില്ല. അവർക്ക് കേന്ദ്രത്തിൽ വരെ പിടിപാടുണ്ട്'..സഹോദരി പറയുന്നു
പത്തുവര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിരവധി സ്ത്രീകളെ കുഴിച്ചിടാന്‍ സഹായിച്ചെന്ന ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കങ്ങളിലേക്കാണ് നയിച്ചത്. ക്രൂരമായ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ മൃതദേഹമാണ് ധര്‍മസ്ഥലയില്‍ ഭീഷണിയെ തുടര്‍ന്ന് താന്‍ കുഴിച്ചിട്ടത് എന്നായിരുന്നു ശുചീകരണ തൊഴിലാളി വ്യക്തമാക്കിയത്.