'നൂഹിൽ വി.എച്ച്.പി യാത്രയ്ക്ക് അനുമതി കൊടുത്താല്‍ കർഷകർ ട്രാക്ടർ റാലി നടത്തും'; പ്രഖ്യാപനവുമായി രാകേഷ് ടികായത്ത്

''കുട്ടികളെ പഠിപ്പിച്ചു ജോലിക്കു വിടൂ, അവരെ കലാപത്തിന് അയയ്ക്കരുത്. നമ്മളെല്ലാം ഹിന്ദുക്കളാണ്. പക്ഷെ, ഒരുകൂട്ടർ നാഗ്പൂരിൽനിന്നാണു പ്രവർത്തിക്കുന്നത്. അക്രമങ്ങളിലൊന്നും ഭാഗമാകാത്ത, അഭിമാനികളായ ഇന്ത്യക്കാരായ ഹിന്ദുക്കളുമുണ്ട് ഇവിടെ.''

Update: 2023-08-28 09:09 GMT
Editor : Shaheer | By : Web Desk
Advertising

ജെയ്പൂർ: നൂഹിൽ ഹിന്ദുത്വ സംഘടനകളുടെ യാത്രയ്ക്ക് അനുമതി നൽകരുതെന്ന ആവശ്യവുമായി കർഷകസംഘടനകൾ. നൂഹിൽ ആഗസ്റ്റ് 28നു പ്രഖ്യാപിച്ച ജലാഭിഷേക യാത്രയ്ക്ക് അനുമതി നൽകിയാൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് പ്രഖ്യാപിച്ചു. അതേസമയം, ഇന്നു പ്രഖ്യാപിച്ചിരുന്ന വി.എച്ച്.പി യാത്ര സുരക്ഷാ നിയന്ത്രണങ്ങളെ തുടർന്ന് ഉപേക്ഷിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ മേവാത്തിൽ നടന്ന വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷക സംഘടനകളുടെ മഹാപഞ്ചായത്തിലാണ് വി.എച്ച്.പി യാത്രയ്‍ക്കെതിരെ പ്രഖ്യാപനമുണ്ടായത്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള കർഷകരാണു സംഗമത്തിനെത്തിയത്. വി.എച്ച്.പി യാത്ര നടന്നാൽ ലക്ഷക്കണക്കിന് ട്രാക്ടറുകളുമായി തെരുവിലിറങ്ങുമെന്ന് മഹാപഞ്ചായത്തിൽ നേതാക്കള്‍ പ്രഖ്യാപിച്ചു.

മേവാത്ത് എപ്പോഴും സമാധാനപൂർണമായ മേഖലയാണ്. എന്നാൽ, ചില സാമൂഹികവിരുദ്ധരാണ് അവിടെ മതസ്പർധയുണ്ടാക്കിയത്. അതാണ് ജൂലൈ 31ലെ കലാപത്തിലേക്കു നയിച്ചതുമെന്നു കർഷകനേതാക്കൾ പറഞ്ഞു. ഹരിയാന സർക്കാർ ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്രയ്ക്ക് അനുമതി നൽകിയാൽ തങ്ങൾ ട്രാക്ടർ റാലിയും നടത്തുമെന്ന് സംഗമത്തിൽ കർഷകരെ അഭിസംബോധന ചെയ്ത് രാകേഷ് ടികായത്ത് വ്യക്തമാക്കി. തിയതി അടുത്ത പഞ്ചായത്തിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

''ജനങ്ങളെ തമ്മിൽതല്ലിച്ച് അവർക്കുമേൽ നിയന്ത്രണമുറപ്പിക്കുക എന്നതാണു ഭരണാധികാരിയുടെ നയം. നിങ്ങളുടെ കുട്ടികളെ പഠിപ്പിച്ചു ജോലിക്കു വിടൂ, അവരെ കലാപത്തിന് അയയ്ക്കരുത്. നമ്മളെല്ലാം ഹിന്ദുക്കളാണ്. പക്ഷെ, ഇവിടെ രണ്ടു തരം ഹിന്ദുക്കളുണ്ട്. ഒരുകൂട്ടർ നാഗ്പൂരിൽനിന്നാണു പ്രവർത്തിക്കുന്നത്. രണ്ടാമത്തെ വിഭാഗം അക്രമങ്ങളിലൊന്നും ഭാഗമാകാത്ത, അഭിമാനികളായ ഇന്ത്യക്കാരാണ്.''-കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും ലക്ഷ്യമിട്ട് ടികായത്ത് പറഞ്ഞു.

മേവാത്തിലെ സമാധാനം കർഷകർ ഏറ്റെടുത്തു സംരക്ഷിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ(ബി.കെ.യു) രാജസ്ഥാൻ അധ്യക്ഷൻ രാജാറാം മീൽ പറഞ്ഞു. ഞങ്ങൾ അക്രമങ്ങളെ വെറുക്കുന്നു. നൂഹിലും മേവാത്തിലുമെല്ലാം ആരെങ്കിലും പ്രകോപനത്തിനു ശ്രമിച്ചാൽ തെരുവിൽ ലക്ഷക്കണക്കിന് ട്രാക്ടറുകൾ കാണേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Summary: ''If the Haryana government gives permission to take out the Brij Mandal Jalabhishek Yatra in Nuh, then we will take out a tractor rally'': Farmer leader Rakesh Tikait

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News