മുംബൈ: സിപിഐ നേതാവും യുക്തിവാദിയും എഴുത്തുകാരനുമായ ഗോവിന്ദ് പൻസാരെ വധക്കേസിലെ മുഖ്യപ്രതിയായ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകൻ ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ സനാതൻ സൻസ്ത നേതാവ് സമീർ വിഷ്ണു ഗെയ്ക്ക്‌വാദാണ് മരിച്ചത്. 43കാരനായ ഗെയ്ക്ക്‌വാദ് 2017 മുതൽ ജാമ്യത്തിലാണ്. 2015 സെപ്തറിലാണ് ഇയാൾ പിടിയിലാവുന്നത്.
ചൊവ്വാഴ്ച അർധരാത്രി ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും സ്വാഭാവിക മരണമാണെന്നാണ് നിഗമനമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് പിൻവലിക്കാനുള്ള ഇയാളുടെ അപേക്ഷ കോടതിയുടെ പരിഗണനയിലായിരുന്നു.
2015 ഫെബ്രുവരി 16നാണ് കോലാപൂരിലെ വീടിന് സമീപം പ്രഭാതനടത്തത്തിനിടെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ പൻസാരെക്കും ഭാര്യക്കും നേരെ വെടിയുതിർത്തത്. മൂന്ന് വെടിയുണ്ടകളാണ് പൻസാരെക്കേറ്റത്. ഭാര്യക്ക് തലയ്ക്കും വെടിയേറ്റു. ഉടൻ തന്നെ ഇരുവരെയും മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഫെബ്രുവരി 20ന് പൻസാരെ മരണത്തിന് കീഴടങ്ങി.
ആദ്യം കോലാപൂരിലെ രാജാറാംപുരി പൊലീസ് കൈകാര്യം ചെയ്ത കേസിൽ പുരോഗതിയില്ലെന്ന് നിരീക്ഷിച്ച് അന്വേഷണം 2022 ആഗസ്റ്റ് മൂന്നിന് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. മഹാരാഷ്ട്ര സിഐഡിയിലെ എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിന്നീട് കേസ് അന്വേഷിച്ചത്. കേസിൽ 12 പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ എസ്ഐടി, ഗെയ്ക്ക്‌വാദ് അടക്കം 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാല് അനുബന്ധ കുറ്റപത്രങ്ങളും നൽകി.
വീരേന്ദ്രസിങ് തവാഡെ, അമോൽ കാലെ, വാസുദേവ് സൂര്യവംശി, ഭരത് കുർനെ, അമിത് ദേഗ്‌വേക്കർ, ശരദ് കലാസ്‌കർ, സച്ചിൻ അന്ദുരെ, അമിത് ബഡ്ഡി, ഗണേഷ് മിസ്കിൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. വിനയ് പവാർ, കുൽക്കർണി എന്ന സാരംഗ് അകോൽക്കർ എന്നീ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പ്രതികളെല്ലാം സനാതൻ സൻസ്തയുമായി ബന്ധമുള്ളവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നവി മുംബൈയിലെ പൻവേലിലുള്ള സനാതൻ സൻസ്തയുടെ ആശ്രമത്തിലും എസ്ഐടി റെയ്ഡ് നടത്തിയിരുന്നു.
യുക്തിവാദി നരേന്ദ്ര ദാഭോൽക്കർ, ഗോവിന്ദ് പൻസാരെ, ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷ്, എഴുത്തുകാരൻ എം.എം കൽബുർഗി എന്നിവരുടെ കൊലപാതകങ്ങൾക്ക് പരസ്പര ബന്ധമുണ്ടെന്ന് നരേന്ദ്ര ധാബോൽക്കറിന്റെ മകൾ സുപ്രിംകോടതിയിൽ വ്യക്തമാക്കിയിരുന്നു. 2013 ആഗസ്റ്റ് 20നാണ് പൂനെയിൽ പ്രഭാത നടത്തത്തിനിടെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് അക്രമികൾ ദാഭോൽക്കറെ വെടിവച്ച് കൊന്നത്. 2015 ഫെബ്രുവരി 20ന് പൻസാരെയും സമാന രീതിയിൽ കൊല്ലപ്പെട്ടു. ഗൗരി ലങ്കേഷിനെ 2017 സെപ്തംബർ അഞ്ചിന് വീട്ടിലെത്തിയ അക്രമികൾ വെടിവച്ച് കൊല്ലുകയായിരുന്നു. 2015 ആഗസ്റ്റ് 30നാണ് കൽബുർഗി വെടിയേറ്റ് കൊല്ലപ്പെടുന്നത്.