Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസത്തിനായി പാശ്ചാത്യ രാജ്യങ്ങളിലെക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 2024 ൽ മുൻ വർഷത്തെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിദേശത്തേക്ക് പോകുന്ന മൊത്തം വിദ്യാർഥികളുടെ ഒഴുക്ക് ഗണ്യമായി തുടരുന്നുണ്ടെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ പോകുന്ന വിദ്യാർഥികളുടെ കണക്കുകളിൽ വ്യക്തമായ ഇടിവ് ഉണ്ടായിട്ടുണ്ട്. 2023 ൽ 8.92 ലക്ഷം വിദ്യാർഥികളിൽ നിന്ന് ഈ വർഷം 7.59 ലക്ഷമായി കുറഞ്ഞു. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ ഇടിവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പരമ്പരാഗതമായി വിദേശ ബിരുദങ്ങൾ തേടുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തെരഞ്ഞെടുത്തിരുന്നു പ്രധാന രാജ്യങ്ങളാണിവ.
കാനഡയാണ് ഇതിൽ ഏറ്റവും വലിയ ഇടിവിന് സാക്ഷ്യം വഹിച്ചത്. കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 2023-ൽ 2,33,532-ൽ നിന്ന് 2024-ൽ 1,37,608 ആയി കുറഞ്ഞു. ഏകദേശം 41 ശതമാനത്തിന്റെ കുറവ്. 2023-ൽ 2.34 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ ഉണ്ടായിരുന്ന അമേരിക്കയിൽ 2024-ൽ ഏകദേശം 2.04 ലക്ഷമായി കുറഞ്ഞു. അതുപോലെ യുകെയിലേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 1.36 ലക്ഷത്തിൽ നിന്ന് ഈ വർഷം 98,000 ആയി കുറഞ്ഞു.
ഇതിനു വിപരീതമായി പാരമ്പര്യേതര ലക്ഷ്യസ്ഥാനങ്ങൾ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. താങ്ങാനാവുന്ന വിലയിലുള്ള വിദ്യാഭ്യാസം, ലളിതമായ വിസ നടപടിക്രമങ്ങൾ, മെഡിക്കൽ വിദ്യാഭ്യാസം പോലുള്ള മേഖലകളിലുള്ള ശ്രദ്ധ എന്നിവ കാരണം കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ ബംഗ്ലാദേശ്, ഉസ്ബെക്കിസ്ഥാൻ, റഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നു.
2023-ൽ 20,368 ആയിരുന്ന ബംഗ്ലാദേശിന്റെ എണ്ണം 2024-ൽ 29,232 ആയി വർധിച്ചു. ഈ വർഷം ഉസ്ബെക്കിസ്ഥാനിൽ 9,915 ഇന്ത്യൻ വിദ്യാർഥികളാണ് പ്രവേശനം നേടിയത്. മുൻ വർഷം ഇത് 6,601 ആയിരുന്നു. റഷ്യയുടെ എണ്ണം കഴിഞ്ഞ വർഷം 25,503 ൽ നിന്ന് 2024-ൽ 31,444 ആയി ഉയർന്നു. മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ റഷ്യ ഇപ്പോഴും വിദ്യാർത്ഥികളുടെ പ്രധാന ആകർഷണ കേന്ദ്രമായി തുടരുന്നു. സിംഗപ്പൂരും മിതമായ വളർച്ച റിപ്പോർട്ട് ചെയ്തു. 2023-ൽ 12,000 ഇന്ത്യൻ വിദ്യാർഥികൾ സിംഗപ്പൂർ തെരഞ്ഞെടുത്തപ്പോൾ ഈ വർഷം 14,000ത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് സിംഗപ്പൂർ തെരഞ്ഞെടുത്തത്.
നീണ്ട വിസ കാലതാമസം, വർധിച്ചുവരുന്ന പഠന ചെലവുകൾ, പാശ്ചാത്യ രാജ്യങ്ങളിൽ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവയാണ് വിദ്യാർഥികളുടെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് വിശകലന വിദഗ്ധർ ചൂണ്ടികാണിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി ബദൽ ലക്ഷ്യസ്ഥാനങ്ങൾ തേടാൻ നിരവധി യുവ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളും അനവധിയാണ്.