'ഞാൻ നിങ്ങളുടെ വേലക്കാരിയല്ല,ഇൻഡിഗോ കമ്പനിയുടെ ജോലിക്കാരിയാണ്'; ഭക്ഷണത്തെച്ചൊല്ലി യാത്രക്കാരനും എയർഹോസ്റ്റസും തമ്മിൽ വാക്കേറ്റം

വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ പങ്കുവെച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി

Update: 2022-12-22 06:23 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഭക്ഷണം തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി വിമാനത്തിനുള്ളിൽ യാത്രക്കാരനും എയർഹോസ്റ്റസും തമ്മിൽ തർക്കം. ഇൻഡിഗോയുടെ ഇസ്താംബുൾ-ഡൽഹി വിമാനത്തിലാണ് സംഭവം. തർക്കത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

ഡിസംബർ 19 നാണ് സംഭവം നടക്കുന്നത്. ഭക്ഷണത്തിനിടെ യാത്രക്കാരൻ വിമാനത്തിനുള്ളിൽ മോശമായി പെരുമാറുകയും ഒരു എയർഹോസ്റ്റസിനെ അപമാനിക്കുകയും ചെയ്തു, തുടർന്ന് ക്രൂ ലീഡിന് ഇടപെടേണ്ടി വരികയായിരുന്നു. യാത്രക്കാരൻ എയർഹോസ്റ്റസിനോട് പരുഷമായി സംസാരിച്ചെന്നും അതുകാരണം അവർ കരയേണ്ടിവന്നെന്നും  ക്രൂ അംഗം പറയുന്നത് വീഡിയോയിൽ കാണാം. 'നിങ്ങൾ എനിക്ക് നേരെ വിരൽ ചൂണ്ടുന്നു, എന്നോട് ആക്രോശിക്കുന്നു. നിങ്ങൾ കാരണം എന്റെ സഹപ്രവർത്തകക്ക് കരയേണ്ടി വന്നു. വിമാനത്തിലുള്ള ഭക്ഷണം മാത്രമേ വിളമ്പാനേ ഞങ്ങൾക്ക് കഴിയൂ എന്നും എയർഹോസ്റ്റസ് യാത്രക്കാരനോട് പറയുന്നുണ്ട്.

എന്നാൽ യാത്രക്കാരൻ അപ്പോഴും അവരോട് ആക്രോശിക്കുകയായിരുന്നു. നീ എന്തിനാണ് അലറുന്നതെന്നും നിങ്ങൾ വേലക്കാരിയാണെന്നും യാത്രക്കാരൻ പറഞ്ഞു. 'ഞാൻ നിങ്ങളുടെ വേലക്കാരിയല്ല, ഞാൻ ഇൻഡിഗോ കമ്പനിയുടെ ജോലിക്കാരിയാണെന്ന് എയർഹോസ്റ്റസ് മറുപടി നൽകുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ഇൻഡിഗോ രംഗത്തെത്തി.  'ഇൻഡിഗോ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നു, ഉപഭോക്താക്കൾക്ക് മര്യാദയുള്ളതും തടസ്സരഹിതവുമായ സേവനങ്ങൾ നൽകാനാണ് ഞങ്ങൾ നിരന്തരമായി പരിശ്രമിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്, ഉപഭോക്താവിന്റെ സൗകര്യങ്ങൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നത്. എല്ലായ്പ്പോഴും നിങ്ങൾക്ക് മികച്ച അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്ട്,'ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News