Writer - രാഗേന്ദു പി.ആർ
Web Journalist
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നതാണ് രാജ്യത്തിപ്പോള്‍ ഏറ്റവുമധികം ഉയര്‍ന്നുകേള്‍ക്കുന്ന മുദ്രാവാക്യം. പ്രതിപക്ഷ പാര്‍ട്ടികളും കോക്രോച്ച് ജനത പാര്‍ട്ടിയുമെല്ലാം ഈ ആവശ്യവുമായി തെരുവിലിറങ്ങി കഴിഞ്ഞു. നേരത്തെ തന്നെ സംശയമുനയിലായിരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, വീണ്ടും വിവാദത്തിലായത് 23ന് പുറത്തിറങ്ങിയ ദി ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു.
രാജ്യത്തെ പൗരന്മാരെ മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭൂരിപക്ഷം അംഗങ്ങളെയും ഇരുട്ടില്‍നിര്‍ത്തി, സ്വയം തീരുമാനമെടുക്കുക എന്ന നിയമവിരുദ്ധ പ്രവര്‍ത്തനമാണ് ഗ്യാനേഷ് കുമാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതായിരുന്നു ആ റിപ്പോര്‍ട്ട് പറഞ്ഞുവച്ചത്. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിവാദ നായകനായ ഗ്യാനേഷ് കുമാര്‍ ശരിക്കും ആരാണ്? അദ്ദേഹത്തിന്റെ പൂര്‍വ്വകാലം എന്തായിരുന്നു? പരിശോധിക്കാം....
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലായ തെരഞ്ഞെടുപ്പും അതിന് മേല്‍നോട്ടം വഹിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും വലിയൊരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വോട്ടര്‍ പട്ടികയുടെ പവിത്രത പോലും സംശയനിഴലില്‍ ആയിരിക്കുന്നു. ഒരുപക്ഷെ ആക്കിയിരിക്കുന്നു എന്ന് പറയുന്നതാകും ശരി. അതിനുവഴി തെളിച്ച പേരുകാരില്‍ പ്രമുഖനാണ് ഗ്യാനേഷ് കുമാര്‍ എന്ന നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍.
അദ്ദേഹത്തിന്റെ നാള്‍വഴികളാണിപ്പോള്‍ ആളുകള്‍ തിരയുന്നത്. ആരാണ് ഗ്യാനേഷ് കുമാര്‍? അദ്ദേഹത്തിന്റെ പൂര്‍വ പ്രവര്‍ത്തന മണ്ഡലങ്ങള്‍ എവിടെയൊക്കെയായിരുന്നു? എന്തൊക്കെയായിരുന്നു? എന്നിങ്ങനെ നീളുന്നു ആ അന്വേഷണങ്ങള്‍. ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ തന്നെ പരിശോധിക്കാം.
വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച്, ഇന്ത്യയുടെ 26-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ ഗ്യാനേഷ് കുമാര്‍, 1988 ഐഎഎസ് ബാച്ചിലെ കേരളാ കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ്. ഐഐടി കാണ്‍പൂരില്‍ നിന്ന് ബിടെക്കില്‍ ബിരുദം. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എന്‍വയോണ്‍മെന്റല്‍ ഇക്കണോമിക്‌സിലും ബിസിനസ് ഫിനാന്‍സിലും കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മലയാളം നന്നായി സംസാരിക്കുന്ന അദ്ദേഹത്തെ, മലയാളികള്‍ക്ക് ഒരുപക്ഷെ പരിചയം കേരളാ സര്‍ക്കാരിന്റെ PWD സെക്രട്ടറി എന്ന നിലയിലായിരിക്കും. പക്ഷെ അതിനും മുന്‍പ് 1990ല്‍ പത്തനംതിട്ട സബ് കളക്ടറായാണ് ഗ്യാനേഷ് കുമാര്‍ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ പല പദവികളിലും സേവനമനുഷ്ഠിച്ചെങ്കിലും ചര്‍ച്ചയായത് PWD സെക്രട്ടറിയായുള്ള സേവനമായിരുന്നു.
2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാർ അധികാരത്തിലെത്തുമ്പോഴായിരുന്നു പൊതുമരാമത്ത് സെക്രട്ടറിയായി ഗ്യാനേഷ് കുമാർ എത്തിയത്. എന്നാൽ ആ വർഷം അവസാനിക്കുന്നതിന് മുൻപുതന്നെ അഴിമതി ആരോപണത്തെ തുടർന്ന് ചുമതല ഒഴിയേണ്ടിവന്നു. ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടത്തിയ റോഡ് നിർമാണ പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന 'പതിബൽ' എന്ന മലേഷ്യൻ കമ്പനിയുമായി ബന്ധപ്പെട്ടായിരുന്നു ആ അഴിമതി ആരോപണം.
കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജരായിരുന്ന 'ലീ സീ ബെന്‍' എന്ന മലേഷ്യന്‍ എഞ്ചിനീയര്‍ 2006 നവംബറില്‍ മലേഷ്യയില്‍ വെച്ച് ആത്മഹത്യ ചെയ്തത് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കായിരുന്നു വഴിവച്ചത്. റോഡ് പണി പൂര്‍ത്തിയായിട്ടും സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ ബില്ലുകള്‍ മാറിക്കൊടുത്തില്ലെന്നും, ഉദ്യോഗസ്ഥരുടെ അഴിമതിയും പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമായിരുന്നു ലീ സീ ബെന്‍ അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിരുന്നത്. ആ ആത്മഹത്യാ കുറിപ്പിലെ പേരുകാരില്‍ പ്രധാനിയായിരുന്നു ഗ്യാനേഷ് കുമാര്‍.
അന്ന് ഗ്യാനേഷ് കുമാറിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണമടക്കം പ്രഖ്യാപിക്കപ്പെട്ടിരുന്നു. ശേഷമാണ് ഗ്യാനേഷ് ഡല്‍ഹിയിലേക്ക് വണ്ടി കയറുന്നത്. കേന്ദ്ര പ്രതിരോധ വകുപ്പിലേക്ക് സ്ഥലംമാറിപ്പോയ ഗ്യാനേഷ് കുമാര്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 2012ല്‍ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറായി. 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗ്യാനേഷിനെ സംസ്ഥാന സര്‍വീസില്‍ നിന്നും കേന്ദ്ര സര്‍വീസിലേക്ക് മാറ്റി.
കശ്മീര്‍ അഫയേഴ്‌സ് വിഭാഗത്തിന്റെ ജോയിന്റ് സെക്രട്ടറിയായാണ് അദ്ദേഹം ഡല്‍ഹിയില്‍ ചുമതലയേറ്റത്. ന്യൂസ് ലോണ്‍ഡ്രിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബിജെപിയുടെ നീക്കത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഗ്യാനേഷ് കുമാറും ഉണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നതിനുള്ള നിയമപരവും ഭരണപരവുമായ മാര്‍ഗം കണ്ടെത്തുന്നതിനായി പ്രവര്‍ത്തിച്ച ഒരു 'ക്രാക്ക് ടീമിന്റെ. ഭാഗമായിരുന്നു അദ്ദേഹം എന്നാണ് പറയപ്പെടുന്നത്.
മാത്രമല്ല, ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സഹകരണ മന്ത്രാലയത്തിലെ സെക്രട്ടറി എന്നീ നിലകളില്‍, മോദി സര്‍ക്കാരിന്റെ പ്രിയപ്പെട്ട പദ്ധതികളിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അടുത്തിടെ വിവാദമായ അയോധ്യയിലെ റാം മന്ദിര്‍ ട്രസ്റ്റ് സ്ഥാപിച്ചതിന്റെ ബുദ്ധികേന്ദ്രവും ഗ്യാനേഷ് ആണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പിന്നീട്, സഹകരണ മന്ത്രാലയത്തിന്റെ ഭാഗമായപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ 2023ലെ മള്‍ട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) നിയമം നടപ്പിലാക്കുകയും മൂന്ന് പാന്‍-ഇന്ത്യ സഹകരണ സംഘടനകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വികേന്ദ്രീകൃത സംഘടനകളായ സഹകരണ സ്ഥാപനങ്ങള്‍ക്ക് മേല്‍ അഭൂതപൂര്‍വമായ കേന്ദ്ര നിയന്ത്രണം ഏര്‍പ്പെടുത്തിയ അമിത് ഷായുടെ ഈ പദ്ധതിക്ക് പിന്നിലും ഗ്യാനേഷ് പ്രവര്‍ത്തിച്ചിരുന്നു.
ഏറ്റവുമൊടുവില്‍ വിരമിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കവേയാണ്, ഗ്യാനേഷിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, തെരരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ അപ്രതീക്ഷിതമായി രാജിവച്ചതിന് പിന്നാലെയാണ് ഗ്യാനേഷ് എത്തുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 'വ്യക്തിപരമായ കാരണങ്ങള്‍' ചൂണ്ടിക്കാട്ടിയായിരുന്നു അരുണ്‍ ഗോയലിന്റെ രാജി. ആ രാജിയുടെ കാരണം ഇപ്പോഴും വ്യക്തമല്ല.
ഗ്യാനേഷിന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിട്ടുള്ള നിയമനവും ഏറെ വിവാദമായിരുന്നു. 2023ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമന നിയമത്തിന്റെ ബലത്തിലായിരുന്നു ഗ്യാനേഷ് ആ പദവിയിലെത്തിയത്. പാര്‍ലമെന്റ് ഒരു നിയമനിര്‍മാണം നടത്തുംവരെ, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കേണ്ടത് എന്നൊരു സുപ്രിംകോടതി ഉത്തരവുണ്ടായിരുന്നു.
എന്നാല്‍, മോദി സര്‍ക്കാര്‍ വളരെവേഗം ചീഫ് ജസ്റ്റിസിനെ മാറ്റി കേന്ദ്ര കാബിനറ്റ് മന്ത്രിയെ സമിതിയിലേക്ക് കൊണ്ടുവരുന്ന തരത്തില്‍ നിയമനിര്‍മാണം കൊണ്ടുവന്നു. അതായത് സമിതിയിലെ ഭൂരിപക്ഷം തന്റെ സര്‍ക്കാരിനാണെന്ന് ഉറപ്പാക്കുകയായിരുന്നു മോദി ഭരണകൂടം അതിലൂടെ ചെയ്തത്. ഈ പുതിയ സംവിധാനത്തിന് കീഴില്‍ നിയമിതനായ ആദ്യത്തെ സിഇസിയായിരുന്നു ഗ്യാനേഷ് കുമാര്‍.
അതായത്, വിവാദത്തില്‍ കുരുങ്ങി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയ ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. ശേഷവും എസ്‌ഐആര്‍, വോട്ട് ചോരി ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത് ഗ്യാനേഷ് ഉണ്ടായിരുന്നു. ഇതുവരെ ആരോപണങ്ങള്‍ മാത്രം ആയിരുന്നെങ്കില്‍ ഇപ്പോഴിതാ കൃത്യമായ തെളിവുകളാണ് ഗ്യാനേഷിനെതിരെ പുറത്തുവന്നിരിക്കുന്നത്. അത് ഗ്യാനേഷിന്റെ കസേര തെറിപ്പിക്കുമോ ഇല്ലയോ എന്നതാണ് ഇനി അറിയേണ്ടത്....